Connect with us

Kerala

ഗണേഷിന് കാവി മോഹമെന്ന് 'വീക്ഷണം' മുഖപ്രസംഗം

Published

|

Last Updated

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കെ ബി ഗണേഷ് കുമാറിനെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ഗണേഷും കാവി കൂടാരത്തിലേക്കോ ? എന്ന മുഖപ്രസംഗത്തിലാണ് ഗണേഷിനെതിരെ രൂക്ഷവിമര്‍ശം. മന്ത്രിസ്ഥാനം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ അദ്ദേഹം പാലുകൊടുത്ത കൈകളില്‍ കടിച്ച് പിണങ്ങിപ്പോകാന്‍ ഒരുങ്ങുകയാണ്. എല്‍ഡിഎഫില്‍ എടുക്കില്ലെന്ന് മനസ്സിലാക്കിയാണ് ബിജെപിയിലേക്ക് പോകുന്നത്. ഇതിനുവേണ്ടിയുള്ള നാടകമാണ് അഴിമതി വിരുദ്ധ പ്രഖ്യാപനമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സിനിമാ പ്രവര്‍ത്തകര്‍ കൂട്ടമായും ഒറ്റയായും കാവിക്കച്ചയണിയാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴാണ് ഗണേഷിനും കാവിമോഹമെന്നും മുഖപ്രസംഗം പറയുന്നു. ആര്‍ ബാലകൃഷ്ണപിള്ളയുടെ പിന്‍ബലവും സിനിമയുടെ മേല്‍വിലാസവും കൊണ്ട് മാത്രമല്ല ഗണേഷന്‍ പത്തനാപുരത്ത് വിജയിച്ചത്. ആയിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ കഠിനപ്രയത്‌നം കൊണ്ടാണ്. കന്നി എംഎല്‍എ ആയിരുന്ന ഗണേഷിന് 2001ല്‍ കോണ്‍ഗ്രസ് മന്ത്രിസ്ഥാനം നല്‍കിയതും വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു.
പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെയാണ് ഗണേഷ് അഴിമതി ആരോപണം ഉന്നയിച്ചത്. അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്ന് ഗണേഷ് ഇന്നലെ പറഞ്ഞിരുന്നു. ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍ സി കെ പത്മനാഭന്‍ ഗണേഷിനെ ബിജെപിയിലേക്ക് കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു.