വിജയം സമ്മാനിച്ച് അബിദാല്‍ വിരമിച്ചു

Posted on: December 19, 2014 9:21 am | Last updated: December 19, 2014 at 9:21 am

1782678_FULL-LNDഏഥന്‍സ്: ഫ്രാന്‍സിന്റെ മുന്‍ ഡിഫന്‍ഡറായ എറിക് അബിദാല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ഫുട്‌ബോള്‍ മൈതാനത്തേക്ക് തിരിച്ചുവന്ന അദ്ദേഹം തന്റെ ടീമിന് മികച്ച ജയം സമ്മാനിച്ചാണ് കളിക്കളം വിടുന്നത്. ഗ്രീക്ക് ചാമ്പ്യന്മാരായ ഒളിംബിയാകോസ്, പനിയോനിയോസിനെ 2-0ത്തിനാണ് തോല്‍പ്പിച്ചത്. 35 കാരനായ അബിദാലിന്റെ അവസാന മത്സരമാണിതെന്ന് ഒളിംബിയകോസ് കോച്ച് മൈക്കല്‍ സ്ഥിരീകരിച്ചു.
ഒളിംബിയാകോസ് വിടാന്‍ രണ്ട് മാസം മുമ്പെ അബിദാല്‍ തീരുമാനിച്ചിരുന്നു. ഈ സീസണില്‍ ഒളിംബിയാകോസിന്റെ കോച്ചാവാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മൈക്കല്‍ പറഞ്ഞു. മത്സരത്തില്‍ 90 മിനുട്ടും അബിദാല്‍ കളിച്ചു. അന്‍പതിനായിരത്തിലധികം ആരാധകരാണ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. 2012ലാണ് അര്‍ബുദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായത്. തുടര്‍ന്ന് മാസങ്ങള്‍ക്കുശേഷം വീണ്ടും കളത്തില്‍ തിരിച്ചെത്തി. ഫ്രാന്‍സിന് വേണ്ടി 67 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. ക്ലബ്ബ് ഫുട്‌ബോളില്‍ സ്‌പെയിനിലെ ബാഴ്‌സലോണ, ഫ്രാന്‍സിലെ മൊണാക്കോ എന്നീ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2013ലാണ് ബാഴ്‌സലോണ വിട്ടത്.