Connect with us

Sports

ന്യൂസിലാന്‍ഡിന് ഏഴ് റണ്‍സ് ജയം

Published

|

Last Updated

അബൂദബി: പാക്കിസ്ഥാനെതിരായ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ഏഴ് റണ്‍സ് ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലായി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത അന്‍പത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വെറ്ററന്‍ താരം യൂനുസ് ഖാന്റെ സെഞ്ച്വറി (103) പാഴായി. 105 പന്തില്‍ 123 റണ്‍സെടുത്ത നീ വില്ല്യംസണിന്റെ സെഞ്ചുറി മികവിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 12 ബൗണ്ടറികള്‍ സഹിതമാണ് വില്ല്യംസണ്‍ 123 റണ്‍സെടുത്തത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ഓപ്പണര്‍മാരായ ഗുപ്റ്റിലും (58), ബ്രോന്‍ലിയും (42) മികച്ച തുടക്കമാണ് നല്‍കിയത്. ബ്രോണ്‍ലി പുറത്തായ ശേഷമെത്തിയ വില്യംസണ്‍ മികച്ച ഫോമിലായിരുന്നു. റോസ് ടെയ്‌ലര്‍ (26) ഉം ആന്‍ഡേഴ്‌സണ്‍ (23) ഉം റണ്‍സെടുത്തു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍ രണ്ടും അന്‍വര്‍ അലി, അഫ്രീദി, സുഹൈല്‍ തന്‍വീര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നിലയുറപ്പിക്കും മുമ്പെ ഓപ്പണര്‍ അഹ്മദ് ഷെഹ്‌സാദ് (പൂജ്യം) ഹെന്റിയുടെ പന്തില്‍ ബൗള്‍ഡായി. എന്നാല്‍ സെഞ്ച്വറി നേടിയ യൂനുസ് ഖാന്‍ സ്‌കോര്‍ മെല്ലെ ചലിപ്പിച്ചു. അതിനിടെ മറുതലക്കല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഹഫീസ് മൂന്നും ഉമര്‍ അക്മല്‍ (29), ഹാരിസ് സുഹൈല്‍ 13ഉം റണ്‍സെടുത്ത് കൂടാരം കയറി. 25 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 49 റണ്‍സെടത്ത ഷാഹിദ് അഫ്രീദിയിലുടെയാണ് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ മില്‍നെയുടെ പന്തില്‍ റോഞ്ചിക്ക് ക്യാച്ച് നല്‍കി അഫ്രീദിയും, വെട്ടോറിയുടെ പന്തില്‍ ബൗള്‍ഡായി യൂനുസ് ഖാനും പുറത്തായതോടെ പാക്കിസ്ഥാന്റെ നില പരുങ്ങലിലായി. പിന്നീട് ബാറ്റേന്തിയവര്‍ക്ക് കൂറ്റനടികള്‍ പിഴച്ചതോടെ പാക് ലക്ഷ്യം എഴ് റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. 117 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സറുകളും യൂനുസിന്റെ ബാറ്റില്‍ നിന്ന് പറന്നു. ന്യൂസിലാന്‍ഡിനായി വെട്ടോറി മൂന്നും ഹെന്റി, മില്‍നെ, മക്‌ലാരന്‍, ആന്‍ഡേഴ്‌സണ്‍, വെട്ടോറി എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. വില്ല്യംസണാണ് മാന്‍ ഓഫ് ദ മാച്ച്.

Latest