ബഹളത്തിനിടെ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

Posted on: December 18, 2014 7:46 pm | Last updated: December 19, 2014 at 9:48 am

niyamasabhaതിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് സഭാസമ്മേളനത്തിന്റെ അവസാനദിനത്തിലും പ്രതിപക്ഷ ബഹളം. ഇന്നലെ ധനവിനിയോഗ ബില്ലിന്റെ പരിഗണനാ വേളയില്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തിയ പ്രതിപക്ഷം മന്ത്രി മറുപടി പറയാന്‍ തുടങ്ങിയതോടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ധനവിനിയോഗ ബില്ലും കെ എസ് ആര്‍ ടി സി സെസ് ബില്ലും കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ഭേദഗതി ബില്ലും ചര്‍ച്ച കൂടാതെ പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

ഉപധനാഭ്യര്‍ഥനകളും അധിക ധനാഭ്യര്‍ഥനകളും സംബന്ധിച്ച ധനവിനിയോഗ ബില്‍ അവതരിപ്പിക്കാന്‍ ധനമന്ത്രി എഴുന്നേറ്റയുടന്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ബഹളത്തിനിടെ ബില്‍ അവതരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ മന്ത്രി പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ച പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചക്ക് മറുപടി പറയാന്‍ ധനമന്ത്രി എഴുന്നേറ്റതോടെ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ബഹളത്തിനിടെ ധനമന്ത്രി പ്രസംഗം തുടര്‍ന്നതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തില്‍ ഇറങ്ങി.
ഇതിനിടെ ഇടപെട്ട മുഖ്യമന്ത്രി, പ്രതിപക്ഷം മറുപടിയെ ഭയപ്പെടുകയാണെന്ന് കുറ്റപ്പെടുത്തി. മറുപടി പറയുമ്പോള്‍ ബഹളംവെക്കുന്ന പ്രതിപക്ഷ നടപടി നാണംകെട്ട ഇടപാടാണെന്ന് മന്ത്രി കെ എം മാണി പറഞ്ഞു. ബഹളത്തിനിടെ ധനവിനിയോഗ ബില്ലുകള്‍ സഭ പാസാക്കി. ബഹളം തുടര്‍ന്നതോടെ മറ്റ് രണ്ടു ബില്ലുകള്‍ കൂടി പരിഗണനക്ക് എടുത്ത് പാസാക്കി. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം സഭക്ക് പുറത്ത് തുടരുമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എത് തരത്തിലുള്ള പ്രക്ഷോഭം വേണമെന്ന് ആലോചിച്ച് തീരുമാനിക്കും. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം പോളിനെ നീക്കാന്‍ ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
ഡിസംബര്‍ ഒന്ന് മുതല്‍ 14 ദിവസം സമ്മേളിച്ച സഭ 16 ബില്ലുകള്‍ പാസാക്കി.
16 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള പത്ത് ബില്ലുകളും ഓര്‍ഡിനന്‍സല്ലാത്ത ഒരു ബില്ലും അഞ്ച് ധനവിനിയോഗ ബില്ലുകളും ഇതില്‍പ്പെടുന്നു. പ്രതിപക്ഷം പതിനൊന്ന് അടിയന്തര പ്രമേയങ്ങള്‍ക്ക് അവതരണാനുമതി തേടി. 13 തവണ പ്രതിപക്ഷം വാക്കൗട്ട് നടത്തി. 12 തവണ നടുത്തളത്തില്‍ ഇറങ്ങി. മാണിയുടെ രാജി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചതിന് വി ശിവന്‍കുട്ടിയെ സസ്‌പെന്‍ഡ് ചെയ്ത സഭ അഞ്ച് അംഗങ്ങളെ താക്കീതു ചെയ്യുകയും ചെയ്തു. ഒരു അടിയന്തരപ്രമേയം സബ്മിഷനായി അവതരിപ്പിച്ചു.
21 ശ്രദ്ധക്ഷണിക്കല്‍ പ്രമേയങ്ങളും 185 സബ്മിഷനുകളും അവതരിപ്പിച്ചു. ചട്ടം 300 അനുസരിച്ചുള്ള ഒരു പ്രസ്താവനയും 63 റിപ്പോര്‍ട്ടുകളും സഭയില്‍ സമര്‍പ്പിച്ചു.
സമ്മേളനത്തില്‍ ചില ദിവസങ്ങള്‍ കലുഷിതമായിരുന്നെങ്കിലും ബില്ലിന്റെ ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാംശസകള്‍ നേര്‍ന്നുകൊണ്ടാണ് ഡെപ്യൂട്ടി സ്പീക്കര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ALSO READ  പ്രതിപക്ഷത്തിന് അവരില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ടു: മുഖ്യമന്ത്രി