വിസ്മയവും കൗതുകവും നിറഞ്ഞ എക്‌സ്‌പോ

Posted on: December 18, 2014 11:46 pm | Last updated: December 18, 2014 at 11:46 pm

001 A2മര്‍കസ് നഗറര്‍: വിജ്ഞാനവും വിസ്മയവും കൗതുകവും നിറഞ്ഞ മര്‍കസ് അന്താരാഷ്ട്ര എക്‌സ്‌പോ ചരിത്രസംഭവമാകുന്നു. മര്‍കസ് 37-ാം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ ആയിരങ്ങളാണ് എക്‌സ്‌പോ നഗരിയിലേക്ക് ഒഴുകിയെത്തിയത്. നൂറ്റാണ്ടുകളുടെ കാലപ്പഴക്കവും ആധുനികതയും സമന്വയിപ്പിച്ചുള്ള വിസ്മയ പ്രദര്‍ശനം 73 സ്റ്റാളുകളിലായാണ് ഒരുക്കിയിരിക്കുന്നത്.
മെഡിക്കല്‍ സ്റ്റാളുകള്‍, കാര്‍ഷിക – പുരാവസ്തു സ്റ്റാളുകള്‍, ഐ ടി അനുബന്ധ സ്റ്റാളുകള്‍, മര്‍കസിന്റെ കീഴിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ നിര്‍മിതികളുടെ പ്രദര്‍ശനം, മെഡിക്കല്‍ തിയേറ്റര്‍, ആധുനിക ഗൃഹോപകരണങ്ങളുടെയും ടൈലുകളുടെയും വാഹനങ്ങളുടെയും പ്രദര്‍ശനം, മേഖല ശാസ്ത്ര കേന്ദ്രത്തിന്റെ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനം, കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടന്ന കേരളയാത്രയിലെ അവിസ്മരണീയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, മര്‍കസിന്റെ കീഴില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായി മാറാന്‍ പോകുന്ന നോളജ് സിറ്റി സംബന്ധിച്ച വിശദീകരണങ്ങള്‍ അടങ്ങിയ ഫോട്ടോ- പൂര്‍വ്വ രേഖ പ്രദര്‍ശനം എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.
കൂടാതെ പ്രദര്‍ശന നഗരിയിലെ താരമായി ലോകത്തെ ഏറ്റവും ചെറിയ പശു ‘മാണിക്യ’വും ഇവിടെയുണ്ട്. വെച്ചൂര്‍ ഇനത്തില്‍പ്പെട്ട മാണിക്യം അടുത്തിടെയാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. അത്തോളിയിലെ കാമധേനു നാച്ച്വറല്‍ ഫാമിന്റെ ഉടമസ്ഥതയിലുള്ള പശുവിനെ കൗതുകത്തോടെയാണ് ജനം നോക്കിക്കാണുന്നത്. കൂടാതെ അപൂര്‍വയിനത്തില്‍പ്പെട്ട വിവിധതരം പശുക്കളും ആടുകളും പ്രദര്‍ശനത്തിനുണ്ട്.
25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി നടക്കുന്ന ഊദ് എക്‌സ്‌പോ ആധുനിക കൃഷിരീതിയില്‍ എങ്ങനെ ലാഭകരമാക്കാം എന്ന് തുറന്നുകാട്ടുന്നു. ഊദ് ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം ഊദ് കൃഷിരീതിയെക്കുറിച്ചുള്ള ക്ലാസുകള്‍, സംശയ നിവാരണത്തിനായി വിദഗ്ധരുടെ ക്ലാസുകള്‍, ലോകത്തിലെ അപൂര്‍വ ഇനം അഗര്‍വുഡ് പ്രൊഡക്റ്റുകള്‍, ഒലീവ് ചെടികളുടെ പ്രദര്‍ശനവും വില്‍പ്പനയും എന്നിവ പ്രദര്‍ശനത്തിനുണ്ട്. ഊദ് പ്രദര്‍ശനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാരും സയന്റിസ്റ്റുകളും അഗ്രികള്‍ച്ചറല്‍ പ്രൊഫഷണലുകളും ബിസിനസ് മേധാവികളും പങ്കെടുക്കുന്ന സെമിനാറുകളും നടക്കുന്നുണ്ട്.
മര്‍കസ് ഐ ടി സി വിദ്യാര്‍ഥികളുടെ ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ മാത്രം ഉള്‍ക്കെള്ളിച്ച് മറ്റൊരു പ്രദര്‍ശനവും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.