ന്യൂഡല്‍ഹി: അനധികൃത സ്വത്ത് കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജാമ്യം സുപ്രീം കോടതി നീട്ടി. നാല് മാസത്തേക്കാണ് ജാമ്യം നീട്ടി നല്‍കിയത്. കേസ് മൂന്ന് മാസത്തിനകം തീര്‍പ്പാക്കാന്‍ പ്രത്യേക ബഞ്ച് സ്ഥാപിക്കാന്‍ സുപ്രീം കോടതി കര്‍ണാടക ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കേസില്‍ തന്നെ കുറ്റക്കാരിയാക്കിയതിനെതിരെ എ ഐ ഡി എം കെ മേധാവി കൂടിയായ ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ദൈനംദിന വിചാരണയിലൂടെ പൂര്‍ത്തായാക്കണമെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് എ കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
ഒക്‌ടോബര്‍ 17നാണ് സുപ്രീം കോടതി ജയലളിതക്കും കേസിലെ മറ്റ് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ഇത് 2015 ഏപ്രില്‍ 18ലേക്കാണ് നീട്ടിയിരിക്കുന്നത്. കേസില്‍ നാല് വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയുമാണ് വിചാരണാ കോടതി വിധിച്ചത്.
കേസിലെ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം അംഗീകരിച്ച കോടതി പകര്‍പ്പുകള്‍ അദ്ദേഹത്തിന് നല്‍കാന്‍ ജയലളിതക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ ടി എസ് തുളസിയോട് ആവശ്യപ്പെട്ടു.