Connect with us

Wayanad

എന്‍ജി. കോളജ് നിര്‍മാണം പൂര്‍ത്തിയായി; അമിനിറ്റി ബ്ലോക്ക് വിദ്യാര്‍ഥികള്‍ക്ക് വിട്ടുനല്‍കുന്നില്ലെന്ന്

Published

|

Last Updated

മാനന്തവാടി: ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അമിനിറ്റി ബ്ലോക്ക് വിദ്യാര്‍ഥികള്‍ക്ക് വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതി. കോളജിലെ തന്നെ ചില ജീവനക്കാര്‍ അനധികൃതമായി ബ്ലോക്കില്‍ താമസം തുടങ്ങിയതോടെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം തുടങ്ങിയ കെട്ടിടം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടാതെ പോവുന്നതെന്നാണ് ആരോപണം.
2001ല്‍ അന്നത്തെ വിദ്യാഭ്യാസവകുപ്പ് മന്ത്രി നാലകത്ത് സൂപ്പി അനുവദിച്ച ബില്‍ഡിംഗ് നിര്‍മ്മാണം ഏറ്റെടുത്തത് പൊതുമരാമത്തുവകുപ്പാണ്.
വകുപ്പില്‍ നിന്ന് കരാരെടുത്ത വ്യക്തി പണിപൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് 2011 ല്‍ റീ ടെണ്ടര്‍ വിളിക്കുകയും നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാന്‍ എ.ടി.എം കൗണ്ടര്‍, പോസ്റ്റ് ഓഫീസ്, വിദ്യാര്‍ഥി യൂണിയന്‍ റൂം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ബ്ലോക്ക് ഇതുവരെ വിദ്യാര്‍തഥികള്‍ക്ക് കൈമാറാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ജലദൗര്‍ലഭ്യത മൂലം കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കാനാവാതെ വിദ്യാര്‍ഥികള്‍ പെടാപ്പാട് പെടുന്നതിനിടക്കാണ് കോളജ് അധികൃതരുടെ അനങ്ങാപ്പാറ നയം. വെള്ളം ലഭ്യമല്ലാത്തതിനാല്‍ നിലവില്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നില്ല. ഹോസ്റ്റലിലേക്ക് കൊണ്ടുവന്ന ഫര്‍ണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ അമിനിറ്റി ബ്ലോക്കിലെ താമസക്കാര്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോട്ടേജ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രതിമാസ അലവന്‍സ് കൈപ്പറ്റുന്നതിന് പുറമെയാണ് ഇവരുടെ അനധികൃത താമസം. താമസക്കാര്‍ ഉപയോഗിക്കുന്ന വൈദ്യുതിബില്ല് ഉള്‍പ്പെടെയുള്ളവ കോളേജിന് അധിക ബാധ്യതയാവുകയാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ ബില്‍ഡിംഗ് തുറക്കാന്‍ നടപടിയെടുക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതി പറയുന്നത്.
കോളജിന് ഇതുവരെ പൊതുമരാമത്ത് വകുപ്പ് അമിനിറ്റി ബ്ലോക്ക് കൈമാറിയില്ലെന്നാണ് ഇത് സംബന്ധിച്ച പരാതികള്‍ക്ക് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ മറുപടി. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പൊതുമരാമത്ത് വകുപ്പ് കോളേജിന് കൈമാറിയിട്ടും ജലവിതരണ സൗകര്യം ഇല്ലാത്തതിനാല്‍ ഇതുവരെ വിദ്യാര്‍ഥികള്‍ക്ക് തുറന്ന് കൊടുത്തിട്ടില്ല. അയല്‍ ജില്ലകളില്‍ നിന്നടക്കം വിദ്യാര്‍ഥികള്‍ പഠിക്കാനെത്തുന്ന ജില്ലയിലെ ഏക ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജാണ് അധികൃതരുടെ തന്നെ നിസ്സംഗത മൂലം പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നത്.

Latest