സ്വതന്ത്രരെ അണിനിരത്തി തദ്ദേശഭരണ തിരെഞ്ഞടുപ്പില്‍ നോട്ടമിട്ട് ബി ജെ പി

Posted on: December 18, 2014 12:09 pm | Last updated: December 18, 2014 at 12:09 pm

പാലക്കാട്: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ അവലോകനം ചെയ്യുന്നതിനുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡിസംബര്‍ നാളെ ജില്ലയിലെത്തും. ടോപ്പ് ടൗണില്‍ രാവിലെ 10ന് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡണ്ടുമാരുടെയും യോഗത്തില്‍ പങ്കെടുക്കാനാണ് അമിത്ഷാ എത്തുന്നത്.—
സംസ്ഥാനത്ത് ബി ജെ പിയെ ഭരണ നേതൃത്വത്തിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡണ്ടുമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ഭൂരിപക്ഷം വാര്‍ഡുകളില്‍ മുന്നിട്ടുനിന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലും ഭരണം പിടിച്ചെടുക്കുന്നതിനുള്ള പാര്‍ട്ടി പരിപാടിയും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ അവലോകനവും യോഗത്തില്‍ നടക്കും.—
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 62 വാര്‍ഡുകളിലും പാലക്കാട് നഗരസഭയില്‍31 വാര്‍ഡുകളിലുമാണ് ഒന്നാം സ്ഥാനത്തെത്തിയത്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ ‘രണം പിടിച്ചെടുക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. സ്വതന്ത്രരെ ഉള്‍പ്പടെ അണിനിരത്തിയായിരിക്കും ബിജെപി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുക.—
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 17 ലക്ഷം വോട്ടുകള്‍ ലഭിച്ച സാഹചര്യത്തില്‍ മെമ്പര്‍ഷിപ്പ് 5.06 ലക്ഷത്തില്‍നിന്നും 25 ലക്ഷമാക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. യോഗത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ പുരോഗതിയും അമിത്ഷാ വിലയിരുത്തും.—ഉച്ചകഴിഞ്ഞ് 2.30ന് സംസ്ഥാന ഭാരവാഹികളുടെ യോഗവും തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് കോട്ടമൈതാനത്ത് പൊതു സമ്മേളനവും നടക്കും. കേരളത്തിന്റ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജയും യോഗത്തില്‍ പങ്കെടുക്കും.കോട്ടമൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ 1500 ബൂത്തുകളില്‍ നിന്നായി 50,000 പേര്‍ പങ്കെടുക്കും.