നബി കീര്‍ത്തനങ്ങള്‍ അറബി സാഹിത്യത്തിന്റെ അമൂല്യ സംഭാവനകള്‍

Posted on: December 18, 2014 12:01 pm | Last updated: December 18, 2014 at 12:01 pm

കോഴിക്കോട്: ലോകത്ത് വിരചിതമായ നബി കീര്‍ത്തനങ്ങളടങ്ങിയ കവിതാ സമാഹാരണങ്ങള്‍ അറബി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്ന് അലിഫ് സംഘടിപ്പിച്ച അറബി മദ്ഹ് സെമിനാര്‍.
ലോക അറബി ദിനത്തിന്റെ ഭാഗമായി അറബിക് ലാംഗ്യേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ്) കാലിക്കറ്റ് ടവറില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രമുഖ അറബി ഭാഷാ ഗ്രന്ഥകാരനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
പ്രവാചകന്റെ കാലത്ത് തന്നെ ഹസ്സാനുബ്‌നു സാബിത്, അബ്ദുല്ലാഹിബ്‌നു റവാഹ, കഅ്ബ്‌നു സുഹൈര്‍ തുടങ്ങിയ സ്വഹാബീ വര്യന്‍മാര്‍ തുടങ്ങിവെച്ച നബി കീര്‍ത്തനം ശൗഖിയും ബൂസൂരിയുമടക്കം പിന്‍ഗാമികളായ കവികളും അറബി ഭാഷാ രചയിതാക്കളും വര്‍ഷങ്ങളായി തുടര്‍ന്ന് വന്നപ്പോള്‍ അവ മുഴുവനും അറബി സാഹിത്യത്തിനു വലിയമുതല്‍ കൂട്ടായി. അത്തരം ഗദ്യപദ്യ സമാഹാരങ്ങളാണ് സാഹിത്യ പഠനങ്ങള്‍ക്കും ഭാഷാ പ്രചാരണത്തിനും നിദാനമാക്കേണ്ടതെന്നും സെമിനാര്‍ പറഞ്ഞു.
സയ്യിദ് മുഹമ്മദ് തുറാബ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹക്കീം സഅദി, എന്‍ പി മഹ്മൂദ്, വി ടി അബ്ദുല്ലകോയ മാസ്റ്റര്‍ പൊക്കുന്ന്, മുഹമ്മദ് മാസ്റ്റര്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി പ്രസംഗിച്ചു. അമീന്‍ ഹസന്‍ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു.