ടി പി വധം: പരോളിലിറങ്ങിയ പ്രതിക്ക് പോലീസ് സുരക്ഷ നല്‍കാന്‍ തീരുമാനം

Posted on: December 18, 2014 11:58 am | Last updated: December 18, 2014 at 11:58 am

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ എട്ടാം പ്രതിയായ മുന്‍ സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം ജയസുരയില്‍ കെ സി രാമചന്ദ്രന് പോലീസ് സുരക്ഷ നല്‍കാന്‍ തീരുമാനം. രാമചന്ദ്രനെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ കാലാവധി കഴിയുന്നത് വരെ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കെ സി രാമചന്ദ്രന് പരോള്‍ അനുവദിച്ചത് ചട്ടലംഘനമാണെന്ന് ആരോപിച്ച് ആര്‍ എം പി പ്രവര്‍ത്തകര്‍ ഒഞ്ചിയത്തും ഓര്‍ക്കാട്ടേരിയിലും കഴിഞ്ഞ രാത്രി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആര്‍ എം പിയുടെ എതിര്‍പ്പിന്റെ മറവില്‍ രാമചന്ദ്രനെതിരെ അക്രമത്തിന് സാധ്യതയുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കെ സി രാമചന്ദ്രന് മാതാവിന്റെ മരണത്തെത്തുടര്‍ന്നാണ് പരോള്‍ ലഭിച്ചത്. ഒരു ദിവസത്തേക്ക് മാത്രമാണ് ജയിലധികൃതര്‍ ഇളവ് അനുവദിച്ചിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് പരോള്‍ നീട്ടിനില്‍കണമെന്ന് രാമചന്ദ്രന്‍ അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ ജയില്‍ ഉപദേശക സമിതി പരിശോധിക്കുകയും ജയില്‍ ഡി ജി പി അംഗീകരിക്കുകയും ചെയ്തതിന് ശേഷം വീണ്ടും 10 ദിവസംകൂടി പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതൊരു അപേക്ഷ കൂടി നല്‍കി.
വടകര റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷക്ക് ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചതോടെ പരോള്‍ കാലാവധി ഈ മാസം 23 വരെ നീട്ടിനല്‍കുകയായിരുന്നു. ഇതിനെതിരെയാണ് ആര്‍ എം പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.