Connect with us

Malappuram

പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു

Published

|

Last Updated

മഞ്ചേരി: അരീക്കോട് കുനിയില്‍ കുറുവങ്ങാടന്‍ അതിഖു റഹ്മാന്‍ വധക്കേസില്‍ പ്രതികളായ കൊളക്കാടന്‍ അബ്ദുല്‍ കലാം ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ 2015 ജനുവരി 15ന് ആരംഭിക്കാനിരിക്കെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി വി ഹരി, പി ജി മാത്യു എന്നിവര്‍ ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ഇവര്‍ക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി എം പി മോഹനചന്ദ്രന്‍, അരീക്കോട് എസ് ഐ കെ വിശ്വമോഹനന്‍ എന്നിവരും ഉണ്ടായിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ കീഴുപറമ്പ് കുനിയില്‍ നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ അതീഖുറഹ്മാനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചത്.
2012 ജനുവരി അഞ്ചിനായിരുന്നു അതീഖ് റഹ്മാനെ കുനിയില്‍ അങ്ങാടിയില്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന് പ്രതികാരമായാണ് 2012 ജൂണ്‍ 10ന് രാത്രി രണ്ടു പേരെ വെട്ടികൊലപ്പെടുത്തിയത്. ആകെ 21 പ്രതികളുള്ള കേസില്‍ ആദ്യം അറസ്റ്റിലായ ഫിറോസ് മാപ്പു സാക്ഷിയാണ്. 17ാം സബൂര്‍ വിദേശത്താണ്. വിദേശത്തായിരുന്ന പതിനഞ്ചാം പ്രതി കുനിയില്‍ അന്‍വാര്‍ നഗര്‍ കോലോത്തുംതൊടി മുജീബ് റഹ്മാന്‍ (32)നെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മൊത്തം 340 സാക്ഷികളുണ്ട്. ജനുവരി 15 മുതല്‍ മാര്‍ച്ച് 28 വരെയാണ് വിചാരണ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. 2012 ജനുവരി അഞ്ചിന് അതീഖുറഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാളിതുവരെ കുറ്റംപത്രം സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ ഈ കൊലപാതകത്തിന് ശേഷം അതിന്റെ പ്രതികാരമായി നടന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച കുനിയില്‍ ഇരട്ട കൊലപാതകത്തിന്റെ കുറ്റപത്രം ധൃതിപിടിച്ച് സമര്‍പ്പിക്കുകയും വിചാരണ ആരംഭിക്കുകയും ചെയ്യുന്നതില്‍ പരക്കെ അസംതൃപ്തിയുണ്ട്.