Connect with us

Malappuram

കണ്ണുതുറപ്പിക്കാന്‍ യുവാക്കളുടെ കുത്തിയിരുപ്പ് സമരം

Published

|

Last Updated

കോട്ടക്കല്‍: പ്രകാശം പരത്താത്ത തെരുവ് വിളക്കിന് പൊതുഖജനാവില്‍ നിന്നും വന്‍തുക ചെലവഴിക്കുന്ന അധികൃത നടപടിക്കെതിരെ രണ്ട് യുവാക്കളുടെ കുത്തിയിരുപ്പ് സമരം. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കത്താത്ത വിളക്കിനെതിരെയാണ് പഞ്ചായത്തിന് മുമ്പില്‍ യുവാക്കള്‍ കുത്തിയിരുന്നത്. 170 തെരുവ് വിളക്കുകളാണ് പഞ്ചായത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ മൂന്നെണ്ണം മാത്രമാണ് ഇപ്പോള്‍ കത്തുന്നത്. ഇതിനായി മാസാമാസം പഞ്ചായത്ത് വൈദ്യുതി ബോര്‍ഡില്‍ 2268രൂപയാണ് അടക്കുന്നത് . കത്താത്ത വിളക്കിനായി ഇത്രയും തുക അടക്കുമ്പോള്‍ അവ കത്തിക്കുന്നതിന് അധികൃതര്‍ മെനക്കെടുന്നുമില്ല. സംഭവം സംബന്ധിച്ച് നല്‍കിയ പരാതി പരിഗണിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയതുമില്ല. ഇതെ തുടര്‍ന്നാണ് ക്ലാരി മൂച്ചിക്കല്‍ നാസ് ഫ്രണ്ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരായ പരുത്തിക്കുന്നന്‍ ശാഫിയും പൂഴിത്തറ നിസാര്‍ മുഹമ്മദും പഞ്ചായത്തിന് മുമ്പില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സമരം നടത്തിയത്. പഞ്ചായത്ത് അതിര്‍ത്തികളിലുള്ള തെരുവു വിളക്കുകള്‍ സംബന്ധിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ വിവരാവകാശത്തിലൂടെയാണ് വിവരങ്ങള്‍ ശേഖരിച്ചത്. 2011മുതല്‍ 170 വിളക്കുകള്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പറയുന്ന രേഖയില്‍ കത്താത്ത വിളക്കുകള്‍ സംബന്ധിച്ച് കണക്കില്ല. വൈദ്യുതി വകുപ്പിന്റെ എടരിക്കോട്, കടുങ്ങാത്തുകുണ്ട് ഓഫീസ് പരിധികളിലാണ് തുക അടക്കുന്നത്. വിളക്കുകള്‍ക്കായി ബജറ്റില്‍ പഞ്ചായത്ത് നാല് ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.
എന്നിട്ടും കത്താത്ത വിളക്കുകള്‍ നന്നാക്കാനും പുതിയ സ്ഥാപിക്കാനും അധികൃതര്‍ മിനക്കെട്ടില്ല. പൊതു ഖജനാവില്‍ നിന്നാവട്ടെ ഭീമമായ തുക ചെലവിടുകയും ചെയ്യുന്നുണ്ട്. 114055 രുപ ചെലവഴിച്ചാണ് പഞ്ചായത്ത് തെരുവു വിളക്കുകള്‍ സ്ഥാപിച്ചത്. അതെ സമയം കത്താത്ത വിളക്കുകള്‍ സംബന്ധിച്ച് വിവരം ആവശ്യപ്പെട്ടെങ്കിലും കെ എസ് ഇ ബി അധികൃതര്‍ തന്നില്ലെന്ന ന്യായമാണ് പഞ്ചായത്തിനുള്ളത്. പരസ്പരം പഴിചാരിയും പ്രശ്‌ന പരിഹാരത്തിന് മുതിരാതെയും ഖജനാവ് തുലക്കുന്ന അധികൃതര്‍ ഇനിയും കണ്ണ്തുറക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പരിഹാരം നീണ്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ക്ലബ്ബ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

Latest