Connect with us

National

വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ അവതരിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: വിമാനം റാഞ്ചുന്നവര്‍ക്ക് വധശിക്ഷ അടക്കമുള്ള ശക്തമായ ശിക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മിസൈല്‍ ആയി വിമാനം ഉപയോഗിക്കുമെന്ന് സംശയമുയരുന്ന സാഹചര്യത്തില്‍ വെടിവെക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവകാശവും ബില്‍ നല്‍കുന്നുണ്ട്.
വ്യോമയാന മന്ത്രി അശോക് ഗജപതിയാണ് “റാഞ്ചല്‍വിരുദ്ധ (ഭേദഗതി) ബില്‍ 2014” അവതരിപ്പിച്ചത്. നേരത്തെ ബില്‍ അദ്ദേഹം നേരത്തെ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ ബഹളം കാരണം പിന്‍വലിക്കുകയായിരുന്നു. വിമാന റാഞ്ചല്‍ തടയുന്നതിന് സുരക്ഷാ സേനക്കും ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും വലിയ അധികാരങ്ങള്‍ ബില്ലില്‍ നല്‍കുന്നുണ്ട്. അത്തരം സംഭവം ഉണ്ടായാല്‍ ഉടനെ ആകാശത്ത് വ്യോമസേനയും കരസേനയും സര്‍വസജ്ജരാകും. മിസൈല്‍ ആയി ഉപയോഗിക്കപ്പെടുമെന്ന് തെളിവുള്ള അജ്ഞാത വിമാനത്തെ വെടിവെച്ചിടാനുള്ള അധികാരവും നല്‍കും. ഒരാളോ ഒരുകൂട്ടമോ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒരു വിമാനം പിടിച്ചെടുക്കുകയോ നിയന്ത്രണമേറ്റെടുക്കാന്‍ ശ്രമിച്ചാല്‍ റാഞ്ചിയ കുറ്റത്തില്‍ ബില്‍ പെടുത്തും. വിമാനം റാഞ്ചുമെന്ന അജ്ഞാത ഭീഷണി ഫോണിലൂടെ വിളിക്കുന്നവര്‍ക്കെതിരെയും അതിശക്തമായ നടപടി സ്വീകരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക് ബില്ലില്‍ അധികാരം നല്‍കുന്നുണ്ട്.
യു എന്‍ സംഘടനയായ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനു(ഇകാഓ)മായി 2010 ഒപ്പുവെച്ച ബീജിംഗ് പ്രോട്ടോകോള്‍ കരാറുമായി വിരുദ്ധമാകുന്ന കാര്യങ്ങള്‍ ഉള്ളതിനാലാണ് ഭേദഗതി കൊണ്ടുവരുന്നത്. യാത്രാവിമാനം തീവ്രവാദികള്‍ തട്ടിയെടുത്ത് ആക്രമണ ആയുധമാക്കുന്നത് തടയാന്‍ അതിശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബീജിംഗ് പ്രോട്ടോകോളിലുണ്ട്.
1999ല്‍ ഇന്ത്യന്‍ വിമാനമായ ഐ സി- 814 തട്ടിക്കൊണ്ടുപോയതും 2001ലെ ലോകവ്യാപാര ആക്രമണവുമാണ് ഈ കരാറിലേക്ക് എത്തിച്ചത്. ബീജിംഗ് പ്രോട്ടോകോളും മറ്റ് ആഗോള കരാറുകളും വരുന്നതിന് മുമ്പ് തയ്യാറാക്കിയതിനാല്‍ ആദ്യത്തെ ബില്ലില്‍ കര്‍ശന വകുപ്പുകളില്ല. 1982ലെ റാഞ്ചല്‍വിരുദ്ധ ബില്ലില്‍ ജീവപര്യന്തം തടവും പിഴയുമാണ് ശിക്ഷയുള്ളത്. പുതിയ അന്താരാഷ്ട്ര കരാറുകളോട് തുല്യം പാലിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് യു പി എ സര്‍ക്കാര്‍ 2010ലെ ഭേദഗതി ബില്ലും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Latest