Connect with us

International

കൊച്ചി മാരിയറ്റ് ഹോട്ടല്‍ ഉദ്ഘാടനം 21ന്‌

Published

|

Last Updated

കൊച്ചി: നഗരത്തിന് പ്രൗഢി വര്‍ധിപ്പിച്ച് പഞ്ചനക്ഷത്ര ശ്രേണിയിലേക്ക് ഒരു ഹോട്ടല്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നു. യു എസ് ആസ്ഥാനമായ മാരിയറ്റ് ഇന്റര്‍നാഷനലിന്റെ മാരിയറ്റ് ഹോട്ടലാണ് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രമുഖ വ്യവസായി എം എ യൂസുഫലിയുടെ ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് മാരിയറ്റിന്റെ കേരളത്തിലെ രണ്ടാമത്തെ ഹോട്ടലാണ് ആഡംബര ഗണത്തില്‍പ്പെട്ട മാരിയറ്റ് ഹോട്ടല്‍. 21ന് രാവിലെ 11 മണിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും.
18 നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത കെട്ടിടത്തിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഹെലിപാഡാണ്. വ്യോമയാന നിയമങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ച ഹെലിപാഡ് ഹോട്ടല്‍ ഇന്ത്യയിലെ മൂന്നാമത്തെയും കേരളത്തിലെ ആദ്യത്തെയുമാണ്.
274 അതിവിശാലമായ മുറികളാണ് മാരിയറ്റിനുള്ളത്. ഇതില്‍ ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, ഒരു വൈസ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, 25 സ്യൂട്ടുകള്‍ എന്നിവയുള്‍പ്പെടൂന്നു. ഓരോ മുറികളിലും ആഡംബരത്തിന്റെയും ആധുനികതയുടെയും സുന്ദരകാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 46 ഇഞ്ച് എല്‍ ഇ ഡി ടി വി, ഐപ്പോഡോക്കിസ്റ്റേഷന്‍, വൈഫൈ, ഇലക്‌ട്രോണിക് സേഫ് എന്നിവയടക്കം നിരവധി പ്രത്യേകതകളാണുള്ളത്. വിവിധതരത്തിലുള്ള നാല് റെസ്റ്റോറന്റുകള്‍, സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം, ഇരുന്നൂറോളം കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം എന്നിവയും ഇവിടെയുണ്ട്. 600 അതിഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബാള്‍ റൂമാണ് മാരിയറ്റിലുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള എട്ട് വ്യത്യസ്തങ്ങളായ മീറ്റിംഗ് റൂമുകളും ഇവിടെയുണ്ട്. രാത്രി 11 മണി വരെ പ്രവര്‍ത്തിക്കുന്ന കൊച്ചി കിച്ചണ്‍, വിവിധ സംസ്‌കാരത്തിലധിഷ്ഠിതമായ വിഭവങ്ങള്‍ വിളമ്പുന്ന കസവ് റസ്റ്റോറന്റും ഇവിടത്തെ ഒരു പ്രത്യേകതയാണ്.
ആരോമ തെറാപ്പി, ആയുര്‍വേദം എന്നിവയുള്‍പ്പെടുന്ന ആധുനികമായ സ്പായും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികള്‍ക്കായി ബിസിനസ് സൗകര്യങ്ങളുള്‍ക്കൊള്ളുന്ന അത്യാധുനികമായ എക്‌സിക്യൂട്ടീവ് ലോഞ്ച് ഹോട്ടലിലെ മറ്റൊരു സവിശേഷതയാണ്. ഈ ഗണത്തിലെ ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ലോഞ്ച് ഇവിടെയാണ്.
ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി കൊച്ചിയിലെത്തുന്ന സഞ്ചാരികള്‍ക്ക് അതിഥി സൗകര്യങ്ങളുടെ ഒരു പുതിയ ലോകമാണ് കാത്തിരിക്കുന്നതെന്ന് ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫലി പറഞ്ഞു. ലുലു മാളിലെത്തുന്ന ആഭ്യന്തര, വിദേശ സഞ്ചാരികള്‍ക്ക് മാരിയറ്റ് ഹോട്ടല്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 8000ല്‍ അധികം ഹോട്ടലുകളുമായി ലോകത്ത് 12ാം സ്ഥാനത്താണ് മാരിയറ്റ് ഗ്രൂപ്പ്. 30 രാജ്യങ്ങളിലായി 860 നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാരിയറ്റ് ഇവരുടെ ഇരുപതാമത്തെയും കേരളത്തിലെ രണ്ടാമത്തെയും സംരംഭമാണ് ലുലു ഗ്രൂപ്പുമായി ചേര്‍ന്ന് ആരംഭിച്ചിരിക്കുന്നത്. മാരിയറ്റ് ഹോട്ടല്‍, ജെ ഡബ്ല്യൂ മാരിയറ്റ്, റിറ്റ്‌സ്-കാള്‍ട്ടന്‍, ബള്‍ഗാരി ഹോട്ടല്‍സ്, കോര്‍ട്ടിയാര്‍ഡ് മാരിയറ്റ്, റിനൈസെന്‍സ് ഹോട്ടല്‍ എന്നിവയടക്കം 18 ബ്രാന്റുകളായി മാരിയറ്റിന്റെ ശൃംഖല വ്യാപിച്ചു കിടക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സമീപമുള്ള ബിസിനസ്സ് ക്ലാസ്സ് ഹോട്ടലായ കോര്‍ട്ട്് യാര്‍ഡ് മാരിയറ്റാണ് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ ഹോട്ടല്‍.

Latest