യു എസ് എതിര്‍പ്പുകള്‍ അവഗണിച്ച് ഐക്യരാഷ്ട്ര സഭയില്‍ സമ്മര്‍ദം ചെലുത്താന്‍ ഫലസ്തീന്‍

Posted on: December 18, 2014 12:21 am | Last updated: December 17, 2014 at 11:22 pm

ജറൂസലം: ഫലസ്തീന്‍ രാഷ്ട്ര പദവി അംഗീകരിച്ചു കിട്ടാന്‍ ഐക്യരാഷ്ട്ര സഭയില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ഫലസ്തീന്‍. ഇത്തരമൊരു നീക്കത്തെ അമേരിക്ക നിരസിക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ തന്നെയാണ് രാഷ്ട്രപദവിക്ക് വേണ്ടി ഫലസ്തീന്‍ യു എന്നിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. ഇതു സംബന്ധിച്ച പ്രമേയം യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഫലസ്തീന്‍ സമര്‍പ്പിക്കുമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പറഞ്ഞു.
ഫലസ്തീനില്‍ അധിനിവേശം നടത്തി പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇസ്‌റാഈല്‍ പിന്മാറുക, രണ്ട് രാഷ്ട്രമെന്ന ആശയത്തെ മുന്‍നിറുത്തി ചര്‍ച്ചയുടെ പാതയിലേക്ക് വീണ്ടും തിരിച്ചെത്തുക എന്നീ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രമേയം. യു എന്നില്‍ പൂര്‍ണ അംഗമല്ലാത്തതിനാല്‍ ഫലസ്തീന് പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കില്ല. ഫലസ്തീനിന് വേണ്ടി ജോര്‍ദാനാണ് യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുന്നത്.
രണ്ട് വര്‍ഷത്തെ കാലാവധി വെച്ച് ഒരു സമാധാന ഉടമ്പടിയില്‍ എത്തണമെന്നാണ് ഫ്രാന്‍സിന്റെ ആവശ്യം. എന്നാല്‍ ഇസ്‌റാഈല്‍ അധിനിവേശ ഭൂമിയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഫ്രാന്‍സ് ഒന്നും പ്രതികരിച്ചിട്ടില്ല.
ലണ്ടനില്‍ വെച്ച് യു എസ് വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, തങ്ങള്‍ തീരുമാനിച്ചതുപോലെ മുന്നോട്ടുപോകുമെന്ന് ഫലസ്തീന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കെറി ഇതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരമൊരു നീക്കത്തെ വീറ്റോ ചെയ്യുമെന്നും കെറി ഭീഷണി മുഴക്കി. അതുപോലെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഫലസ്തീന്റെ പുതിയ നീക്കത്തിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.