ഭയത്തില്‍ നിന്ന് മോചിതമാകാതെ പാക്കിസ്ഥാന്‍;ദുഖം പങ്കു വെച്ച് ലോകം

Posted on: December 18, 2014 6:02 am | Last updated: December 18, 2014 at 8:52 am

20141216234733614734_20ഇസ്‌ലാമാബാദ്: 141 പേരെ കൂട്ടക്കൊല ചെയ്ത താലിബാന്റെ ഭീകരപ്രവൃത്തിയുടെ നടുക്കത്തില്‍ നിന്ന് പാക്കിസ്ഥാന്‍ ഇനിയും മോചിതമായിട്ടില്ല. മരിച്ചവരോടുള്ള ദുഃഖ സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ ഖബ്‌റടക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ശരീഫ് സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അന്താരാഷ്ട്ര സമൂഹം പാക്കിസ്ഥാന് ശക്തമായി പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതെന്റെ മക്കളായിരുന്നു: നവാസ് ശരീഫ്

‘ആക്രമണം ദേശീയ ദുരന്തമാണ്. കൊല്ലപ്പെട്ടത് തന്റെ കൂടി മക്കളായിരുന്നു. അവരെ തനിക്ക് നഷ്ടപ്പെട്ടു. പെഷാവറിലേത് തനി ഭീരുത്വം നിറഞ്ഞ ആക്രമണമാണ്. പാക്കിസ്ഥാന്‍ സൈന്യം ഭീകരതക്കെതിരെ പോരാടും. ഭീകരത അവസാനിക്കുന്നത് വരെ പോരാട്ടം തുടരുകയും ചെയ്യും’.

ഭീകരം: യൂനിസെഫ്
‘പാക്കിസ്ഥാനിലെ നൂറിലേറെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നടപടി ഭീകരമാണ്. ലോകം ഈ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചതിനേക്കാള്‍ ഭയാനകമായി പാക്കിസ്ഥാന്‍ ജനത ഈ സംഭവത്തെ തിരിച്ചറിയുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പാക് ജനതയുടെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കണം. മരണപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളോടൊപ്പം ദുഃഖത്തില്‍ പങ്ക് ചേരുന്നു’.

ഭീരുത്വം വെളിപ്പെടുത്തി: ബരാക് ഒബാമ

‘പിഞ്ചുകുഞ്ഞുങ്ങളെ നിഷഠൂരമായി വധിക്കലിലൂടെ ഭീകരര്‍ അവരുടെ ഭീരുത്വം ലോകത്തിന് കാണിച്ചു കൊടുത്തു. ഭീകര ആക്രമണത്തെ ശക്തമായി എതിര്‍ക്കുന്നു. ഇരകളോടൊപ്പം തങ്ങളും പ്രാര്‍ഥനയില്‍ പങ്ക് ചേരുന്നു. പാക്കിസ്ഥാന്‍ സര്‍ക്കാറിന് അമേരിക്കയുടെ എല്ലാവിധ പിന്തുണയും ഉണ്ടായിരിക്കും’.

മനുഷ്യത്വ വിരുദ്ധം: ഇമ്രാന്‍ ഖാന്‍

‘ഭീകരര്‍ കുഞ്ഞുങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം മനുഷ്യത്വ വിരുദ്ധമാണ്. ശക്തമായ ഭാഷയില്‍ ഇതിനെ അപലപിക്കുന്നു. ആക്രമണ വാര്‍ത്ത കേള്‍ക്കേണ്ടിവന്നപ്പോള്‍ സ്തംഭിച്ചിരുന്നുപോയി’.

ഹൃദയ ഭേദകം: മലാല
‘ഹൃദയഭേദകമായിരുന്നു ആ വാര്‍ത്ത. ഭീകരത നിരപരാധികളായ കുട്ടികള്‍ക്ക് നേരെയല്ല പ്രയോഗിക്കേണ്ടത്. പാക്കിസ്ഥാന്‍ സൈന്യത്തോടൊപ്പവും സര്‍ക്കാറിനോടൊപ്പവും ആയിരിക്കും എന്നും തന്റെ നിലപാട്’.