രണ്ട് വിമാനത്താവളങ്ങളില്‍ ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍

Posted on: December 18, 2014 5:02 am | Last updated: December 17, 2014 at 11:02 pm

തിരുവനന്തപുരം: കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സംവിധാനം ടൂറിസത്തിന്റെ സാധ്യതകള്‍ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷ. കേരളം സന്ദര്‍ശിക്കാനെത്തുന്ന 43 രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കായി ഇലക്‌ട്രോണിക് യാത്രാ അനുമതിക്കുള്ള (ഇ ടി എ) സംവിധാനമാണ് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നടപ്പാക്കുന്നത്. രണ്ട് വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. കരിപ്പൂര്‍ വിമാനത്താവളത്തിലും ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു.
സന്ദര്‍ശനത്തിനെത്തു ന്നവര്‍ക്ക് വിമാനത്താവളത്തിലെത്തിയ ശേഷം ടൂറിസ്റ്റ് വിസ നല്‍കുന്ന സംവിധാനമാണ് ഇ ടി എ വഴിയുള്ള വിസ ഓണ്‍ അറൈവല്‍. നേരത്തെ അതത് വിമാനത്താവളത്തിലെത്തിയശേഷം മാത്രമേ ഇതിനുള്ള അപേക്ഷയും പണവും നല്‍കാനാകുമായിരുന്നുള്ളൂ. നവംബര്‍ 27ന് പുതിയ സംവിധാനം നിലവില്‍ വന്നതോടെ വിസക്കുള്ള അപേക്ഷയും ഫീസും ഓണ്‍ലന്‍ വഴി സ്വന്തം രാജ്യത്തിരുന്ന് അടക്കാനാകും. ഇത് അംഗീകരിച്ചതായുള്ള അറിയിപ്പ് ഇ മെയില്‍ വഴി ലഭ്യമാകുന്ന സഞ്ചാരികള്‍ക്ക് ഇതിന്റെ പകര്‍പ്പ് ഇന്ത്യയിലെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ അധികൃതരെ കാണിച്ചാലുടന്‍ വിസ ലഭിക്കും.
രാജ്യത്ത് ഈ സംവിധാനമുള്ളത് ആകെ ഒമ്പത് വിമാനത്താവളങ്ങളില്‍ മാത്രമാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവയാണ് മറ്റുള്ളവ. ടൂറിസ്റ്റ് വിസ ഓണ്‍ അറൈവലിന് നേരത്തേതന്നെ യോഗ്യരായ 12 രാജ്യങ്ങള്‍ ഉള്‍പ്പെടെ 43 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആദ്യഘട്ടത്തില്‍ ഇ ടി എ വഴി ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കുന്നുണ്ട്. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിക്കും. യു എസ് എ, റഷ്യ, ആസ്‌ത്രേലിയ, ജപ്പാന്‍, ബ്രസീല്‍, ജര്‍മനി, കംബോഡിയ, മെക്‌സിക്കോ തുടങ്ങി 43 രാജ്യങ്ങള്‍ക്കാണ് ഈ സൗകര്യം ആദ്യമൊരുക്കുന്നത്.
ഒട്ടേറെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കേരളത്തിലേക്ക് ബുദ്ധിമുട്ടില്ലാതെ യാത്രചെയ്യാന്‍ ഈ സൗകര്യത്തിലൂടെ സാധിക്കുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. അതതു രാജ്യങ്ങളിലെ പ്രചാരണ പരിപാടികളിലൂടെ അവിടുത്തെ യാത്രികരായ ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം മനസ്സിലാക്കിക്കൊടുക്കും. കേരളത്തിന്റെ പ്രധാന വിനോദസഞ്ചാര വിപണികളായ ജര്‍മനിയും ആസ്‌ത്രേലിയയും ജപ്പാനും റഷ്യയും യു എസ് എയും യു എ ഇയും ഈ പട്ടികയിലുള്ളത് ഏറെ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
2021 ആകുമ്പോഴേക്കും 30 ലക്ഷം സഞ്ചാരികളെന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായി വിസ ഓണ്‍ അറൈവല്‍ സംവിധാനത്തെപ്പറ്റിയുള്ളപ്രചാരണങ്ങള്‍ കേരള ടൂറിസം നടത്തും. വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ 250 ചതുരശ്രഅടി സ്ഥലത്ത് എമിഗ്രേഷന്‍ വിഭാഗം പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്