Connect with us

Gulf

ശൈത്യകാല അവധി; വിദ്യാലയങ്ങള്‍ നാളെ അടക്കും

Published

|

Last Updated

ഷാര്‍ജ; രണ്ടാഴ്ചയിലേറെയുള്ള ശൈത്യകാല അവധിക്കായി രാജ്യത്തെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ഭൂരിഭാഗവും നാളെ അടക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കു ശേഷം ജനുവരി നാലിന് തുറക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധി ദിനങ്ങള്‍ കുറവാണ്. കഴിഞ്ഞ കാലങ്ങളില്‍ 20 ലേറെ ദിവസങ്ങള്‍ അവധി ലഭിച്ചിരുന്നു. ശൈത്യം കനക്കുന്നതിനിടെയാണ് വിദ്യാലയങ്ങള്‍ അടക്കുന്നത്. അതു കൊണ്ടുതന്നെ കൊടും തണുപ്പില്‍ നിന്നു വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം ലഭിക്കും.

അവധിക്കുമുമ്പുള്ള പരീക്ഷകളും ഓപ്പണ്‍ ഹൗസുകളും വിദ്യാലയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. വാലന്‍സ് ഡേ അടക്കമുള്ള വിവിധ പരിപാടികളും വിനോദയാത്രകളും സംഘടിപ്പിക്കപ്പെട്ടു. അവധിക്കു മുമ്പുള്ള പ്രവര്‍ത്തനങ്ങളൊക്കെയും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നീണ്ട അവധിയുടെ ആഹ്ലാദത്തിലാണ് വിദ്യാര്‍ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും. വിനോദയാത്ര അടക്കുള്ള പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പലരും.
നാട്ടില്‍ പോകാനും നല്ലൊരു ശതമാനവും ഒരുക്കമാരംഭിച്ചിട്ടുണ്ട്. പ്രവാസി കുടുംബങ്ങളും നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്രിസ്മസ് പുതുവത്സരം നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കാനാണ് മിക്കവരും പോകുന്നത്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ പോലെ ഇക്കുറി പ്രവാസികുടുംബങ്ങളുടെയും മറ്റും ഒഴുക്ക് ഇത്തവണ നാട്ടിലേക്ക് ഉണ്ടാവില്ല. വര്‍ധിച്ച വിമാന യാത്രാ ടിക്കറ്റ് നിരക്കാണ് പ്രധാന കാരണം. ഇവിടുത്തെ ജീവിതച്ചിലവ് കൂടിയതും മറ്റൊരു കാരണമായി. ചിലവ് കൂടുന്നതിനനുസരിച്ച് വരുമാനത്തില്‍ വര്‍ധനവ് ഇല്ലാത്തതാണ് പലര്‍ക്കും നാട്ടില്‍ പോകുന്നതിനു തടസ്സമായത്.
സാധാരണക്കാരനു താങ്ങാന്‍ സാധിക്കാത്ത തരത്തിലാണ് യാത്രാ നിരക്ക് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ ലഭിച്ചതിന്റെ ഇരട്ടി നിരക്കാണ് ഇത്തവണ. മടക്കയാത്ര അടക്കമുള്ള ടിക്കറ്റിനു കേരളത്തിലേക്ക് 2,000നും 3,000നുമിടയിലാണ് നിരക്ക്. മംഗലാപുരത്തേക്ക് അടുക്കാന്‍ പറ്റാത്ത തിരക്കും. അവധിക്കാലങ്ങളെ ശരിക്കും മുതലെടുത്ത് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുകയാണ് പല വിമാന കമ്പനികളും. കാലാകാലമായി തുടരുന്ന ഈ കൊള്ളക്കെതിരെ മൗനം പാലിക്കുകയാണ് ബന്ധപ്പെട്ടവരെല്ലാം.
മാസങ്ങള്‍ക്കു മുമ്പ് ടിക്കറ്റെടുത്തവരാണ് നാട്ടില്‍പോകുന്നവരില്‍ നല്ലൊരു ശതമാനവും. അന്നേരം നിരക്കു നന്നേ കുറവായിരുന്നു. കേരളത്തിലേക്ക് മടക്കയാത്ര അടക്കമുള്ള ടിക്കറ്റ് ആയിരം ദിര്‍ഹത്തില്‍ താഴെ ലഭിച്ചിരുന്നു. ആ നിരക്കാണ് ഇപ്പോള്‍ ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചത്. അവധി ദിനങ്ങള്‍ നാട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാന്‍ പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ഭീമമായ ടിക്കറ്റ് നിരക്ക് അവരുടെ മോഹം തകര്‍ക്കുകയാണ്. ജീവിതച്ചെലവ് കൂടിയതിനാല്‍ പ്രതിമാസം ലഭിക്കുന്ന വരുമാനത്തില്‍ മിച്ചംവെക്കാനും ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് സാധിക്കുന്നില്ല. അതു കൊണ്ടുതന്നെ അവധി ദിനങ്ങള്‍ ഇവിടെത്തന്നെ ചിലവഴിക്കുന്നു.
നാട്ടില്‍ പോകുന്നവരെ ലക്ഷ്യം വെച്ച് വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ക്ക് വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക്‌സിനും റെഡിമെയ്ഡ് അടക്കമുള്ള വസ്ത്രങ്ങള്‍ക്കും വിലയില്‍ നല്ല കുറവുണ്ട്. ഏറ്റവും കൂടുതല്‍ ചിലവാകുന്നത് മൊബൈല്‍ ഫോണുകളാണ്. നാട്ടില്‍ പോകുന്ന പലരും വിലകൂടിയ പുതിയ മോഡല്‍ മൊബൈല്‍ ഫോണുകളാണ് പ്രധാനമായും വാങ്ങുന്നത്.
അതേസമയം വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്നാണ് പറയുന്നത്. വസ്ത്രവ്യാപാര മേഖലയില്‍ കാണുന്ന മാന്ദ്യം ഇതിന്റെ സൂചനയാണ്.
പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക്

Latest