സംസ്ഥാന കവര്‍ച്ചാ കേസില്‍ പിടിയിലായ പ്രതികള്‍ കസ്റ്റഡിയില്‍; തൊണ്ടിമുതലുകള്‍ കണ്ടെടുത്തു

Posted on: December 17, 2014 12:53 pm | Last updated: December 17, 2014 at 12:53 pm

എടക്കര: അന്തര്‍ സംസ്ഥാന കവര്‍ച്ചാ കേസിലെ പിടിയിലായ പ്രതികള്‍ കസ്റ്റഡിയില്‍ വാങ്ങി. അന്വേഷണ സംഘം തൊണ്ടി മുതലുകള്‍ കണ്ടെടുത്തു തുടങ്ങി.
മലപ്പുറം മക്കരപ്പറമ്പ് വറ്റലൂര്‍ പുതിയമഠത്തില്‍ പിച്ചന്‍ അബ്ദുല്‍ ലത്വീഫ്, കാളന്തോടന്‍ അബ്ദുല്‍ കരീം എന്നിവരെയാണ് പോലീസ് പിടികൂടിയിരുന്നത്. അബ്ദുല്‍ കരീമിനെ 19 വരെയും ലത്വീഫിനെ 18വരെയുമാണ് കസ്റ്റഡിയില്‍ കോടതി വിട്ടുകൊടുത്തത്. മൂത്തേടത്തെ അടുക്കത്ത് കിഴക്കേതില്‍ രാജന്റെ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തിയ ആഭരണങ്ങള്‍ കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറികളിലായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.
വിദേശ കറന്‍സികള്‍ ബത്തേരി ട്രാവല്‍സിലാണ് വില്‍പ്പന നടത്തിയിരുന്നത്. ഇത് കണ്ടെടുത്തു. ഇതില്‍ നിന്നും കിട്ടിയ തുകയില്‍ രണ്ടര ലക്ഷം രൂപ സുല്‍ത്താന്‍ ബത്തേരിയിലെ സൗത്ത് ഇന്ത്യന്‍ ബേങ്ക് ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. ഈ സംഖ്യ മരവിപ്പിച്ചു. വീട്ടില്‍ നിന്നും സി സി ടി വി ക്യാമറയുമായി ബന്ധിപ്പിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചിരുന്നു. ഇത് ബത്തേരിയിലെ ചീരാന്‍ റോഡില്‍ വനത്തിനോട് ചേര്‍ന്നുള്ള പുഴയോരത്താണ് ഉപേക്ഷിച്ചിരുന്നത്. ഇത് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച് മാരുതികാര്‍ കണ്ടെടുത്തു. ബാക്കിയുള്ള തൊണ്ടി മുതലുകള്‍ ബത്തേരി, ചീരാന്‍, മാനന്തവാടി, അരീക്കോട്, എടവണ്ണ, മഞ്ചേരി, ചുങ്കത്തറ, എടക്കര, വഴിക്കടവ് എന്നിവിടങ്ങളില്‍ നിന്നും കണ്ടെത്താനുണ്ട്. നിലമ്പൂര്‍ സി ഐ അബ്ദുല്‍ ബശീര്‍, എടക്കര എസ് പി ജ്യോതീന്ദ്രീകുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗം എം അസൈനാര്‍, നിലമ്പൂര്‍ ഗ്രേഡ് എസ് ഐ പ്രദീപ്കുമാര്‍, സി പി ഒ മാരായ ജാബിര്‍, അബൂബക്കര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.