സി പി എമ്മിലെ വിഭാഗീയത; കഞ്ഞിക്കുഴിയില്‍ അവഹേളന നോട്ടീസ്

Posted on: December 17, 2014 5:59 am | Last updated: December 16, 2014 at 10:59 pm

ആലപ്പുഴ: സി പി എം വിഭാഗീയത രൂക്ഷമായ കഞ്ഞിക്കുഴിയില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്പെട്ടയാളെ സമവായത്തിലൂടെ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ വിമത വിഭാഗം നേതാവിനെയും കുടുംബത്തെയും അവഹേളിച്ചുകൊണ്ട് നോട്ടീസ് പ്രത്യക്ഷപ്പെട്ടു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ സി പി എം നേതാക്കള്‍ പ്രതികളാക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് വിമതപക്ഷത്തിലെ മുതിര്‍ന്ന നേതാവ് ടി കെ പളനിക്കെതിരെ ഔദ്യോഗിക പക്ഷത്തിന്റെ നോട്ടീസ് പ്രചരിക്കുന്നത്. ”പാര്‍ട്ടിയെ നശിപ്പിക്കാന്‍ കപട വിദ്യയുമായി രംഗപ്രവേശനം ചെയ്തു, കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും ഇയാള്‍ക്ക് പങ്കുണ്ട്, പങ്ക് മറച്ചുവെക്കാന്‍ വേറെ ചിലരുടെ പേര് മനഃപൂര്‍വം പറഞ്ഞതാണെന്നാണ് നാട്ടിലെ സംസാരം, പിണറായി വിജയന്‍ ഏറ്റവും വലിയ അഴിമതിക്കാരനെന്ന് നാട്ടില്‍ പറഞ്ഞു നടക്കുന്നവന്‍..”. പളനിക്കെതിരെ പ്രചരിക്കുന്ന നോട്ടീസിലെ വാചകങ്ങളാണിത്. പളനിയുടെ മൊഴി പ്രധാന രേഖയാക്കിയാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈം ബ്രാഞ്ച് സി പി എം പ്രാദേശിക നേതാക്കളെ പ്രതികളാക്കി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പളനിക്കും കുടുംബത്തിനുമെതിരെ രൂക്ഷവിമര്‍ശവുമായി നോട്ടീസ് പ്രചരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗിക വിഭാഗത്തിന്റേതായി നോട്ടീസുകള്‍ കഞ്ഞിക്കുഴി, മുഹമ്മ എന്നിവിടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വിമത വിഭാഗം നേതാക്കളായ സി കെ ഭാസ്‌കരന്‍, ടി കെ പളനി എന്നിവരുടെ മൊഴികള്‍ പ്രതിപക്ഷ നേതാവ് വി എസിന്റെ മുന്‍പേഴ്‌സനല്‍ സ്റ്റാഫ് ലതീഷ് ചന്ദ്രന്‍, സി പി എം എല്‍ സി അംഗവും കണ്ണര്‍കാട്ട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ പി സാബു, സി പി എം പ്രവര്‍ത്തകരായ രാജേഷ് രാജന്‍, പ്രമോദ് ദീപു എന്നിവരെ പ്രതിപ്പട്ടികയില്‍ പെടുത്താന്‍ ഏറെ സഹായകമായി. പ്രതികളാക്കപ്പെട്ടവരാകട്ടെ ഇപ്പോള്‍ ജി സുധാകരന്‍ ഗ്രൂപ്പുകാരാണെന്നതാണ് വിമത നേതാവിനും കുടുംബത്തിനുമെതിരെ നോട്ടീസ് പ്രചരിപ്പിക്കാന്‍ കാരണം.
വിഭാഗീയത ശക്തമായി നില്‍ക്കുമ്പോഴാണ് സ്മാരകം തകര്‍ക്കപ്പെടുന്നത്. ഈ സമയം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഔദ്യോഗിക പക്ഷത്തോടൊപ്പമായിരുന്നെങ്കിലും പ്രവര്‍ത്തകര്‍ ബഹുഭൂരിപക്ഷവും സി കെ ഭാസ്‌കരന്‍, ടി കെ പളനി വിഭാഗത്തെ അനുകൂലിക്കുന്നവരായിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നൂറുകണക്കിന് സി പി എം പ്രവര്‍ത്തകര്‍ അണിനിരക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും വിശദമായ മൊഴിയെടുത്തതില്‍ നിന്നാണ് ഐസക്ക്, സുധാകര ഗ്രൂപ്പുകളെക്കുറിച്ചുള്ള യഥാര്‍ഥ ചിത്രം ക്രൈം ബ്രാഞ്ചിന് ലഭിച്ചതും പ്രതികളാക്കപ്പെട്ടവരിലേക്ക് അന്വേഷണം തിരിഞ്ഞതും. സി കെ ഭാസ്‌കരന്‍ അടുത്തിടെ മരിച്ചു. ടി കെ പളനിയാകട്ടെ ഇപ്പോള്‍ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം മാത്രമാണ്. അടുത്ത ദിവസങ്ങളില്‍ നടന്ന കഞ്ഞിക്കുഴി ഏരിയ സമ്മേളനം കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ നിരവധി തവണ നിര്‍ത്തിവെച്ചിരുന്നു. ടി കെ പളനി പ്രസീഡിയത്തിലായിരുന്നതിനാല്‍ ഈ സമയത്തെല്ലാം കാഴ്ചക്കാരനായി നില്‍ക്കാനേ അദ്ദേഹത്തിനായുള്ളൂ. ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ടയാള്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന നേതാവ് പളനിയെയും കുടുംബത്തെയും ആക്ഷേപിച്ചുകൊണ്ട് നോട്ടീസ് പ്രചരിക്കുന്നത്. നോട്ടീസ് തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയതായി പളനി പറഞ്ഞു.