Connect with us

International

ഡോ. വിവേക് മൂര്‍ത്തി ഇന്ത്യക്കാരനായ ആദ്യ യു എസ് ജനറല്‍ സര്‍ജന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയിലെ സര്‍ജന്‍ ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യക്കാരന് യു എസ് സെനറ്റ് ആദ്യമായി അംഗീകാരം നല്‍കി. ബരാക് ഒബാമ നാമനിര്‍ദേശം ചെയ്ത ഡോ. വിവേക് മൂര്‍ത്തിക്കാണ് ഇപ്പോള്‍ സെനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍സും ചില ഡെമോക്രാറ്റുകളും, തോക്ക് നിയന്ത്രണം സംബന്ധിച്ച ഒബാമയുടെ നിലപാടുകളെ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്നെ നാമനിര്‍ദേശം ചെയ്ത വ്യക്തിയെ യു എസ് സര്‍ജനായി സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. സെനറ്റിന്റെ അംഗീകാരമില്ലാതെ തന്നെ യു എസിലെ ജനറല്‍ സര്‍ജനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഡോ. വിവേക് മൂര്‍ത്തി. 43നെതിരെ 53 വോട്ടുകള്‍ക്കാണ് ഇദ്ദേഹത്തെ സെനറ്റ് വിജയിപ്പിച്ചത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഉപദേശകനും ബോസ്റ്റണിലെ ബ്രിഗ്ഹാം ആന്‍ഡ് വുമണ്‍സ് ആശുപത്രിയിലെ ഡോക്ടറുമാണ് ഇദ്ദേഹം. ഡോക്ടര്‍ ഫോര്‍ അമേരിക്ക എന്ന സംഘടനയുടെ സ്ഥാപകനായ മൂര്‍ത്തി, ഒബാമയുടെ ആരോഗ്യ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആഫ്രിക്കയിലും മറ്റും പടര്‍ന്നുപിടിക്കുന്ന എബോളക്കെതിരെയും മറ്റു രോഗങ്ങള്‍ക്കെതിരെയും പോരാടുന്നതില്‍ ഡോ. മൂര്‍ത്തി അമേരിക്കന്‍ ജനതയെ സഹായിക്കുമെന്ന് ഒരു പ്രസ്താവനയില്‍ ബരാക് ഒബാമ പറഞ്ഞു.
എന്നാല്‍ റിപ്പബ്ലിക്കന്‍ അംഗമായ ജോണ്‍ ബറാസോ മൂര്‍ത്തിക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തെത്തി. ഡോ. മൂര്‍ത്തിയുടെ ജീവിതം കൂടുതലും തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചെലവഴിച്ചെന്നും രോഗികളെ പരിചരിക്കുന്നതിന് പകരം ആക്ടിവിസമാണ് ഇദ്ദേഹത്തിന് താത്പര്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

---- facebook comment plugin here -----

Latest