പാക് സ്‌കൂളിലെ താലിബാന്‍ കൂട്ടക്കുരുതി; മരണം 145 ആയി

Posted on: December 16, 2014 3:00 pm | Last updated: December 18, 2014 at 12:22 am

peshawar attack 3
പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറിലുള്ള സൈനിക സ്‌കൂളില്‍ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. ഇവരില്‍ 132 പേരും വിദ്യാര്‍ഥികളാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രികെ താലിബാന്‍ ഏറ്റെടുത്തു. ആറ് പേരടങ്ങുന്ന തീവ്രവാദി സംഘം സ്‌കൂളിനുള്ളില്‍ പ്രവേശിച്ച് ആക്രമണം നടത്തുകയായിരുന്നു. ഒമ്പത് മണിക്കൂര്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലാണ് അഞ്ച് തീവ്രവാദികളെ വധിച്ചത്. ഒരാള്‍ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അഞ്ഞൂറിലധികം വിദ്യാര്‍ഥികളെ സൈന്യം രക്ഷപ്പെടുത്തി. രാത്രിയോടെയാണ് സൈനിക നടപടി അവസാനിച്ചത്. സമീപകാലത്ത് പാക്കിസ്ഥാനിലുണ്ടായ ശക്തമായ തീവ്രവാദി ആക്രമണമാണ് ഇന്നലെ നടന്നത്.

peshawar school attack

പെഷാവറിലെ സൈനിക കോംപ്ലക്‌സിനോട് ചേര്‍ന്നാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അഫ്ഗാനിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. സൈനിക യൂനിഫോമിലുള്ള ആറ് പേര്‍ സ്‌കൂളിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടതായി സ്‌കൂള്‍ ജീവനക്കാരന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള സൈനിക പരിശീലനമാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. ക്ലാസ് മുറികളില്‍ കയറി വിദ്യാര്‍ഥികള്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് സൈനിക ഉദ്യോഗസ്ഥര്‍ പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നതിനിടെ ഓഡിറ്റോറിയത്തിലെത്തിയ തീവ്രവാദികള്‍ ആക്രമണം നടത്തിയതായി ദൃക്‌സാക്ഷി പാക്കിസ്ഥാനിലെ ജിയോ ടി വിയോട് പറഞ്ഞു.

Schoolchildren cross a road as they move away from a military run school that is under attack by Taliban gunmen in Peshawar

ചാവേര്‍ ആക്രമണത്തിലാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും കൊല്ലപ്പെട്ടത്. സ്‌ഫോടനങ്ങള്‍ നടത്തി സ്‌കൂളിന്റെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുക്കാനാണ് താലിബാന്‍ ശ്രമിച്ചത്. വിദ്യാര്‍ഥികള്‍ പതിനാറും അതിന് താഴെയും പ്രായമുള്ളവരാണ്. അധ്യാപകരും അര്‍ധസൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പെഷാവറിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചിട്ടു.
‘പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഞങ്ങളുടെ കുടുംബങ്ങളെയും സ്ത്രീകളെയും ലക്ഷ്യമിടുകയാണ്. അതിന്റെ വേദന എന്താണെന്ന് അവരെ മനസ്സിലാക്കിക്കൊടുക്കണം. അതുകൊണ്ടാണ് ആക്രമണത്തിന് സൈനിക സ്‌കൂള്‍ തിരഞ്ഞെടുത്ത’തെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് ഉമര്‍ ഖൊര്‍സാനി പറഞ്ഞു. പ്രധാനമന്ത്രിയും സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫും പെഷാവറിലെത്തി. ദേശീയ ദുരന്തം എന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ആക്രമണത്തെ കുറിച്ച് പറഞ്ഞത്. മൂന്ന് ദിവസത്തെ ദുഃഖാചരണത്തിന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. ഇന്ത്യയും ആക്രമണത്തെ അപലപിച്ചു.

ALSO READ  പാക്കിസ്ഥാൻ താലിബാൻ നേതാവ്  മുഫ്തി നൂർ വാലി മെഹ്‌സൂദിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് യു എൻ