Connect with us

Health

പ്രമേഹത്തെയും ഹൃദ്‌രോഗത്തെയും നേരിടാന്‍ ഒലിവെണ്ണയും കടുകെണ്ണയും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമേഹവും ഹൃദയരോഗങ്ങളും തടയുന്നതിന് ഒലിവെണ്ണയും കടുകെണ്ണയും ഫലപ്രദമാണെന്ന് കണ്ടെത്തല്‍. ഡയബറ്റ്‌സ് ഫൗണ്ടേഷന്‍ ഓഫ ഇന്ത്യ (DFI)യുടെയും നാഷണല്‍ ഡയബറ്റസ് ഒബെസിറ്റി ആന്‍ഡ് കൊളസ്‌ട്രോള്‍ ഫൗണ്ടേഷന്റെയും (N-DOC) സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാധാരണ ഉപയോഗിക്കുന്ന പാചക എണ്ണകള്‍ക്ക് പകരം ഒലിവെണ്ണയോ കടുകെണ്ണയോ ഉപയോഗിച്ചാല്‍ ടൈപ്പ് രണ്ട് ഇനത്തില്‍പ്പെട്ട പ്രമേഹവും ഹൃദയധമനികളെ ബാധിക്കുന്ന പ്രശ്‌നങ്ങളും ഒഴിവാക്കാനാകുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പുറത്തുവരുന്ന ആദ്യത്തെ പഠന റിപ്പോര്‍ട്ടാണിത്. ശരീരത്തില്‍ കൊഴുപ്പ് വര്‍ധിച്ച 90 ആളുകളില്‍ ആറ് മാസക്കാലമാണ് പഠനം നടത്തിയത്.

ഒന്നിലധികം രോഗങ്ങള്‍ക്ക് ഈ എണ്ണകള്‍ ഫലപ്രദമാണെന്ന് പഠന ഫലം വ്യക്തമാക്കുന്നു. പഴക്കം ചെന്നതും വിട്ടുമാറാത്തതുമായ പല രോഗങ്ങളും ഇതുവഴി തടയാം. ഒലിവെണ്ണയിലും കടുകെണ്ണയിലും അടങ്ങിയിരിക്കുന്ന മോണോ – അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ് രോഗങ്ങള്‍ തടയാന്‍ സഹായകമാകുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡയബറ്റിക്‌സ് ഫൗണ്ടേഷന്‍ ഡയറക്ടറും എന്‍-ഡോകിന്റെ ചെയര്‍മാനുമായ ഡോ. അനൂപ് മിശ്ര പറഞ്ഞു.