Connect with us

Kozhikode

ഓട്ടോ പണിമുടക്ക് പിന്‍വലിച്ചു

Published

|

Last Updated

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ പ്രീപെയ്ഡ് കൗണ്ടറില്‍ പുതുക്കിയ നിരക്ക് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ സിറ്റി ഓട്ടോ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുര്‍റസാഖുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പ്രീപെയ്ഡ് കൗണ്ടറില്‍ പുതിയ നിരക്കില്‍ നല്‍കാന്‍ സാധ്യമാകുന്നതുവരെ കൂപ്പണ്‍ വിതരണം നിര്‍ത്തിവെക്കണമെന്ന സംയുക്ത സമിതിയുടെ ആവശ്യം പരിഗണിക്കാമെന്ന് ട്രാഫിക് അധികൃതര്‍ ഉറപ്പുനല്‍കിയതായി സമരക്കാര്‍ പറഞ്ഞു.

ഇന്നലെ റെയില്‍വേ സ്റ്റേഷനിലും മൊഫ്യൂസില്‍- പാളയം ബസ്സ്റ്റാന്‍ഡ് പരിസരത്തുമെല്ലാം ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താതിരുന്നതോടെ നിരവധി യാത്രക്കാരാണ് പ്രയാസപ്പെട്ടത്. സമരത്തില്‍ പങ്കെടുക്കാതെ ചിലര്‍ ഓട്ടോകള്‍ നിരത്തിലിറക്കിയെങ്കിലും സമരാനുകൂലികള്‍ പലയിടങ്ങളിലും തടഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്ക് സിറ്റി ട്രാഫിക് പോലീസ് നിശ്ചയിച്ച യാത്രാനിരക്ക് കുറവാണെന്ന് ആരോപിച്ചാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത്. നഗരത്തിലെ 54 സ്ഥലങ്ങളിലേക്ക് ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തിയ പഞ്ചിംഗ് സമ്പ്രദായം തങ്ങള്‍ക്ക് നഷ്ടം വരുത്തുന്നുണ്ടെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പ്രീപെയ്ഡ് കൗണ്ടറില്‍ നല്‍കുന്ന കൂപ്പണ്‍ പുതിയ നിരക്കിലേക്ക് മാറ്റണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയില്ലെന്നിരിക്കെ പഴയ നിരക്കിലെ കൂപ്പണ്‍ വിതരണം അവസാനിപ്പിച്ച് പുതിയ നിരക്കില്‍ കൂപ്പണുകള്‍ വിതരണം ചെയ്യണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
അതേസമയം, നഗരത്തില്‍ 54 ഇടങ്ങളില്‍ സിറ്റി ട്രാഫിക് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലേക്ക് 23 രൂപ മുതല്‍ 25 രൂപ വരെ നിരക്ക് വാങ്ങാനാണ് പഞ്ചിംഗില്‍ ക്രമീകരണം നടത്തിയതെന്നും ട്രാഫിക് അധികൃതര്‍ പറഞ്ഞു. സിറ്റി ട്രാഫിക്കിലെ രണ്ട് പോലീസുകാര്‍ ഒരു ഓട്ടോറിക്ഷയില്‍ 54 ഇടങ്ങളില്‍ സഞ്ചരിക്കുകയും 2,500 രൂപ ഈ സ്ഥലങ്ങളിലേക്കുള്ള മൊത്തം നിരക്കായി നല്‍കിയുമാണ് യാത്രാനിരക്ക് നിശ്ചയിച്ചത്.
മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും മീറ്റര്‍ ചാര്‍ജൊന്നും പരിഗണിക്കാതെ മുപ്പത് രൂപയാണ് സിറ്റി പരിധിയിലെ പല ഓട്ടോ ഡ്രൈവര്‍മാരും ഈടാക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും വസ്തുത ഇതായിരിക്കെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ യാതൊരു ന്യായീകരണവുമില്ലെന്നും ട്രാഫിക് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ കൂപ്പണ്‍ വിതരണമടക്കമുള്ള കാര്യത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിശോധിച്ച ശേഷം പരിഗണിക്കാമെന്ന ഉറപ്പ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്ന് ലഭിച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു.