Connect with us

International

പൊതു പണിമുടക്കില്‍ ബെല്‍ജിയം ഒറ്റപ്പെട്ടു

Published

|

Last Updated

ബ്രസ്സല്‍സ് : വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ ബെല്‍ജിയത്തില്‍ തൊഴിലാളി സംഘടനകള്‍ നടത്തിയ ഏറ്റവും വലിയ പൊതുപണിമുടക്കില്‍ ലോകത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ബെല്‍ജിയം ഒറ്റപ്പെട്ടു. സമരത്തിന്റെ ഭാഗമായി വിമാന സര്‍വീസുകളും അന്താരാഷ്ട്ര റെയില്‍ ഗതാഗതവും സ്തംഭിച്ചതും തുറമുഖങ്ങള്‍ അടച്ചിട്ടതുമാണ് ഇതിനു കാരണം. പുതിയ സര്‍ക്കാറിന്റെ കര്‍ക്കശ പദ്ധതികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പണിമുടക്ക്. പണിമുടക്കിനെത്തുടര്‍ന്ന് പൊതുഗതാഗതം സ്തംഭിക്കുകയും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ബ്രസ്സല്‍സിലെ യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനത്തിനു പുറത്തേക്കുള്ള റോഡുകളും സമരക്കാര്‍ ഉപരോധിച്ചിരുന്നു. യൂറോക്ക് ഭീഷണിയാകുംവിധം വായ്പകള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനെതിരെ ഇ യു ആസ്ഥാനത്തിനു മുന്നില്‍ വര്‍ഷങ്ങളായി പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ തീവ്രപരിഷ്‌കരണ പദ്ധതികളില്‍ പ്രതിഷേധിച്ച് ഇറ്റലിയില്‍ ഒരു ദിവസത്തെ പ്രതിഷേധം നടന്നതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ബെല്‍ജിയത്തില്‍ പണിമുടക്കരങ്ങേറിയത്. സ്‌പെയിനിലും ഗ്രീസിലും സമാനമായ പ്രതിഷേധങ്ങള്‍ ഈ മാസം നടന്നിരുന്നു. ബെല്‍ജിയത്തില്‍ കഴിഞ്ഞ മാസം തൊഴിലാളി സംഘടനകള്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 13.7 ലക്ഷം കോടി ഡോളര്‍ ലാഭിക്കാനുള്ള തീരുമാനത്തില്‍നിന്നും പ്രധാനമന്ത്രി ചാള്‍സ് മൈക്കളിന്റെ സര്‍ക്കാര്‍ പിന്‍മാറാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിയത്.