Connect with us

Articles

ലിമയില്‍ നിന്നുള്ള ചുവപ്പും പച്ചയും

Published

|

Last Updated

കാലാവസ്ഥാ വ്യതിയാനം ഇന്ന് അക്കാദമിക് ഇടനാഴികളില്‍ മാത്രം മുഴങ്ങുന്ന വെറും ചര്‍ച്ചാവിഷയമല്ല. ഒരു കാലത്ത് അത് അങ്ങനെയായിരുന്നു. അതിനെക്കുറിച്ച് സംസാരിക്കുന്നവരെ പരിസ്ഥിതി തീവ്രവാദികള്‍ എന്നൊക്കെ വിളിച്ച് പൊതു സമൂഹം ആക്ഷേപിച്ചിരുന്നു. ഇന്നും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ കുറിച്ചും നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ശുഷ്‌ക പിന്തുണയോടെ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നവര്‍ അപഹാസ്യര്‍ തന്നെയാണ്. അവര്‍ വികസന വിരോധികളും അതുവഴി ജനവിരുദ്ധരും തന്നെയാണ്. പക്ഷേ പഴയതില്‍ നിന്ന് ചില വ്യത്യാസം സാധ്യമായിട്ടുണ്ട്. ഇന്ന് തന്റെ വീടകങ്ങളില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും കെടുതികള്‍ ഓരോരുത്തരും അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. ഇന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ഉഷ്ണം സര്‍വകാല പ്രതിഭാസമായിരിക്കുന്നു. കാലം തെറ്റിയുള്ള മഴയില്‍, വേനലില്‍ കൃഷി നാശം സര്‍വരാജ്യങ്ങളിലും പ്രകടമാണ്. വഴി തെറ്റിയെത്തുന്ന ദേശാടനക്കിളികള്‍ എവിടെയും കാണാം. ഉഷ്ണ മേഖലയില്‍ വളരുന്ന ചെടികള്‍ ശൈത്യ, സമശീതോഷ്ണ മേഖലയിലും, തിരിച്ചും വളരുന്നു. അവ വലിയ അതൃപ്പമായി ആഘോഷിക്കപ്പെടുന്നു. കേരളത്തില്‍ പോലും മരുവത്കരണത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ടത്രേ. പുതിയ പുതിയ വൈറസുകളും ബാക്ടീരിയകളും സംഹാര ശേഷി കൈവരിക്കുന്നു. സമുദ്രനിരപ്പ് ഉയര്‍ന്നതിനാല്‍ പല ദ്വീപുകളും ഭീഷണിയിലാണ്. ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുക്കം വെറെയും. ഈ മാറ്റങ്ങളെല്ലാം എല്ലാവരും അറിയുമ്പോഴും പെട്രോ ഉത്പന്നങ്ങളുടെ ഉപഭോഗവും അതുവഴിയുണ്ടാകുന്ന മലിനീകരണവും നിര്‍ബാധം തുടരുന്നു. ജീവിതം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള തത്രപ്പാടില്‍ കാര്‍ബണ്‍ തള്ളല്‍ എക്കാലത്തേയും വലിയ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. ഇതിന്റെ ഉത്തരവാദിത്വം മാനവരാശിക്കാകെയാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നത് ഇന്ന് ഒരു പാപമല്ല.
ഈ പശ്ചാത്തലത്തിലാണ് പെറു തലസ്ഥാനമായ ലിമയില്‍ നടന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടി പ്രസക്തമാകുന്നത്. അടുത്ത വര്‍ഷം പാരീസില്‍ നടക്കുന്ന ഉച്ചകോടിയുടെ മുന്നോടിയായിരുന്നു ലിമയുടെ ഒത്തു ചേരല്‍. പാരീസില്‍ അന്തിമ ഉടമ്പടി നിലവില്‍ വരുമെന്നാണ് പ്രതീക്ഷ. 194 രാജ്യങ്ങളില്‍ നിന്നുള്ള പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രിമാരാണ് ലിമ ഉച്ചകോടിയില്‍ പങ്കെടുത്തത്. അഭിപ്രായവ്യത്യാസങ്ങളായിരുന്നു പെറു പരിസ്ഥിതി മന്ത്രിയായ മാനുവല്‍ പല്‍ഗാര്‍ വിദലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ മുന്നിട്ട് നിന്നത്. ക്യോട്ടോ ഉടമ്പടി മുതല്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ തന്നെ. അവയെ ഏതാനും ചോദ്യങ്ങളിലൂടെ സംഗ്രഹിക്കാം. കാര്‍ബണ്‍ പുറന്തള്ളലിന്റെ ഉത്തരവാദിത്വം എല്ലാ രാജ്യങ്ങള്‍ക്കും ഒരു പോലെയാണോ? കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറക്കുന്നതിനുള്ള ലക്ഷ്യം ആഭ്യന്തരമായാണോ ബാഹ്യമായാണോ നിശ്ചയിക്കേണ്ടത്? ഇതിന് നിയമപരമായ ബാധ്യതയുണ്ടോ? ഉണ്ടെങ്കില്‍ ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ എന്താണ് ശിക്ഷ, അത് ആര് വിധിക്കും, ആര് നടപ്പാക്കും? കാര്‍ബണ്‍, ഹരിതഗൃഹവാതക ബദല്‍ സാങ്കേതിക പര്യവേക്ഷണങ്ങള്‍ക്ക് ആരാണ് പണം മുടക്കേണ്ടത്? വികസ്വര, വികസിത രാജ്യങ്ങള്‍ ഒരു പോലെയാണോ ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്? ദ്വീപ് രാഷ്ട്രങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക ഉത്തരവാദിത്വമോ ഇളവോ ഉണ്ടോ?
മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ലിമയില്‍ നിലവില്‍ വന്ന കരട് പ്രമേയം ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ ചില ധാരണകള്‍ ഉണ്ടായിട്ടുണ്ട്. ഇത്രമേല്‍ ഗുരുതരമായ ഒരു വിഷയത്തില്‍ ഇത്ര പോരാ ഐക്യപ്പെടലെന്ന് വേദന കൊള്ളുമ്പോഴും വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഈ ചെറു വിജയങ്ങള്‍ പോലും ആശ്വാസദായകമാണ്. കാര്‍ബണ്‍ പുറന്തള്ളുന്നത് കുറച്ച് കൊണ്ടു വരുന്നതിനുള്ള കരടില്‍ അംഗരാജ്യങ്ങള്‍ സമവായത്തിലെത്തിയതോടെ പാരീസില്‍ അടുത്ത വര്‍ഷം നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അന്തിമ കരാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയേറിയിരിക്കുന്നു.
അഭിപ്രായവ്യത്യാസങ്ങള്‍ അനന്തമായി നീണ്ടതോടെ സമ്മേളനത്തിന്റെ അധ്യക്ഷനും പെറു പരിസ്ഥിതി മന്ത്രിയുമായ മാനുവല്‍ പല്‍ഗാര്‍ വിദല്‍ കരട് അംഗീകരിച്ചതായി പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതുപ്രകാരം 2015ല്‍ അന്തിമ കരാര്‍ ഒപ്പു വെക്കുകയും 2020ല്‍ അത് നിലവില്‍ വരികയും ചെയ്യും. ഭാഗിക സമവായമായെങ്കിലും അന്തിമ കരാറിലേക്ക് ഇനിയും നിരവധി ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. അടുത്തവര്‍ഷം ഡിസംബറിലാണ് പാരീസ് ഉച്ചകോടി. “കരട് ടെക്സ്റ്റ് പൂര്‍ണമാണെന്ന് അഭിപ്രായമില്ല. എന്നാല്‍ എല്ലാ അംഗങ്ങളുടെയും നിലപാടുകള്‍ ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെ”ന്നാണ് പല്‍ഗാര്‍ പറഞ്ഞത്. ഇത് പൂര്‍ണമായും ശരിയാണ്. ഇന്ത്യയടക്കമുള്ള വികസ്വര, അവികസിത രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കരടില്‍ ഇടം നേടിയെന്നതാണ് പ്രത്യേകത. കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ അളവിന് അനുസരിച്ച് ഉത്തരവാദിത്വം തരം തിരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. ചൈന, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ വന്‍കിടക്കാരില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ മറികടക്കാന്‍ വികസ്വര ചേരിക്ക് സാധിച്ചു. പാരീസില്‍ ഈ നിര്‍ദേശം സ്ഥിരപ്പെടുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ടെങ്കിലും തത്വത്തില്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണ്. വ്യവസായ വികസനത്തിന്റെ തോതനുസരിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനവും വ്യത്യസ്തമാണല്ലോ. അത്‌കൊണ്ട് പരിഹാരം കാണുന്നതിനുള്ള ഉത്തരവാദിത്വവും വ്യത്യാസപ്പെടുത്തേണ്ടതുണ്ട്. വികസിത ചേരിയാകട്ടേ, ദരിദ്ര- വികസ്വര രാഷ്ട്രങ്ങളെ ഞെട്ടിച്ച് നിര്‍ത്തി “പരിസ്ഥിതി സംരക്ഷണ”ത്തിന്റെ കാവല്‍ യൂനിഫോം അവരെ അണിയിക്കുകയാണ് ചെയ്യാറുള്ളത്. വമ്പന്‍മാര്‍ അവരുടെ വ്യാവസായിക താത്പര്യങ്ങള്‍ അപ്പടി സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യും. സത്യത്തില്‍, വ്യാവസായിക വളര്‍ച്ചയില്‍ പരുക്കേല്‍ക്കാത്ത രൂപത്തില്‍ പാരിസ്ഥിതിക പരുക്ക് കുറഞ്ഞ സാങ്കേതിക വിദ്യ സ്വീകരിക്കാനുള്ള ശേഷി വികസിത രാജ്യങ്ങള്‍ക്കാണ് ഉള്ളത്. അതവര്‍ അംഗീകരിക്കാത്തതാണ് എല്ലാ കാലാവസ്ഥാ ഉച്ചകോടികളെയും സംഘര്‍ഷഭരിതമാക്കുന്നത്. ലിമയില്‍ ഈ അടിച്ചേല്‍പ്പിക്കലുകളെ പ്രതിരോധിക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ഒരു പരിധി വരെ സാധിച്ചുവെന്ന് പറയാം. ഇതോടെ പരിസ്ഥിതി അനുകൂല സാങ്കേതിക വിദ്യക്ക് പണം നീക്കിവെക്കുന്നതില്‍ സാമ്പത്തിക സ്ഥിതിയനുസരിച്ച് തരംതിരിവ് വേണമെന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ധാരണയിലെത്തിയ കരടില്‍ ഇന്ത്യയുടെ ആശങ്കകളും അഭിപ്രായങ്ങളും കാര്യമായി പരിഗണിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.
പക്ഷേ, ലിമ കാള്‍ ഫോര്‍ ക്ലൈമറ്റ് ആക്ഷന്‍ എന്ന് വിളിക്കപ്പെട്ട കരട് അങ്ങേയറ്റം ദുര്‍ബലമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒന്നടങ്കം വാദിക്കുന്നു. അതിന് എമ്പാടും ന്യായങ്ങളുണ്ട് എന്നതാണ് സത്യം. കാര്‍ബണ്‍ പുറന്തള്ളല്‍ വെട്ടിക്കുറക്കുന്നത് എത്രയെന്ന് അതത് രാജ്യങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് കരടില്‍ പറയുന്നത്. സ്വയം നിയന്ത്രണം നല്ല ആശയം തന്നെ. പക്ഷേ അത് എത്രമാത്രം പ്രായോഗികമാണ് ? കാര്‍ബണ്‍ ബഹിര്‍ഗമനം വെട്ടുക്കുറക്കുന്നത് നിയമപരമായ ബാധ്യതയാക്കുകയെന്ന സ്വപ്‌നം ഇനിയും ഏറെ അകലെയാണ്. ഡബ്ലിയൂ ഡബ്ലിയൂ എഫ് കാലാവസ്ഥാ വിഭാഗം മേധാവി സാം സ്മിത്ത് പറഞ്ഞതാണ് ശരി: “ലിമ പ്രമേയം ദൗര്‍ബല്യത്തില്‍ നിന്ന് കൂടുതല്‍ ദൗര്‍ബല്യത്തിലേക്കും അങ്ങേയറ്റം ദൗര്‍ബല്യത്തിലേക്കുമുള്ള സഞ്ചാരമാണ്”. കൂട്ടിക്കിഴിച്ച് നോക്കിയാല്‍ അവശേഷിക്കുന്നത് സമ്പന്ന രാജ്യങ്ങളുടെ മുഷ്‌കിനെതിരെയുള്ള നേര്‍ത്ത വിജയം മാത്രം. കൊളോണിയലിസത്തിന്റെ ഇരുണ്ട ചരിത്രം അറിയുന്ന ഒരാള്‍ക്കും ദരിദ്ര രാജ്യങ്ങളുടെ വ്യാവസായിക ചുവടു വെപ്പുകളേയും വികസിത രാജ്യങ്ങളുടെ വികസന ആര്‍ഭാടങ്ങളേയും ഒരേ പോലെ കാണാനാകില്ലല്ലോ.
ദര്‍ബനിലും ദോഹയിലും വാര്‍സോയിലും കേട്ട അതേ ചോദ്യം ലിമയിലും ഉത്തരം കിട്ടാതെ അലഞ്ഞു. ചോദ്യം ജീവന്റെ സാന്നിധ്യം തേടി അന്യഗ്രഹങ്ങളിലേക്ക് സഞ്ചരിക്കുന്ന മനുഷ്യന്‍ വാസയോഗ്യമായ ഒരേയൊരു ഗ്രഹത്തിന്റെ സംരക്ഷണത്തിനായി ഒരേ കൊടിക്കീഴില്‍ എന്നാണ് അണിചേരുക?