Connect with us

Editorial

ഓപറേഷന്‍ കുബേരയും മാവോയിസ്റ്റ് വെളിപ്പെടുത്തലും

Published

|

Last Updated

ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് പോലീസിന്റെ ഫോണ്‍ മാവോയിസ്റ്റുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശക്തമായി നിഷേധിച്ചിരിക്കയാണ്. പോലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, പോലീസും ബ്ലേഡ്മാഫിയയും തമ്മിലുള്ള ബന്ധം അനിഷേധ്യമായി വെളിപ്പെട്ട സാഹചര്യത്തില്‍ മാവോയിസ്റ്റ് മുഖപത്രത്തില്‍ വന്ന വെളിപ്പെടുത്തല്‍ കണ്ണടച്ചു നിഷേധിക്കാതെ ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയായിരുന്നു മന്ത്രി ചെയ്യേണ്ടിയിരുന്നത്.
കുഞ്ഞോത്തെ ഒരു ബ്ലേഡ് ഇടപാടുകാരന്റെ വീട് റെയ്ഡ് ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അക്കാര്യം ഒരു പോലീസുകാരന്‍ ബ്ലേഡുകാരനെ മുന്‍കൂട്ടി അറിയിക്കുന്ന സംഭാഷണമാണ് മേല്‍ പ്രസിദ്ധീകരണത്തില്‍ വന്നത്. പ്രധാനപ്പെട്ട രേഖകള്‍ മാറ്റി അപ്രധാനമായ ഏതാനും രേഖകള്‍ അവിടെ വെക്കണമെന്നും തുടക്കത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കാമെങ്കിലും പിന്നീടത് പരിഹരിക്കാമെന്നും പോലീസുകാരന്‍ പറഞ്ഞതായി ലഘുലേഖയിലുണ്ട്. ഓപറേഷന്‍ കുബേര ആരംഭിച്ച ഘട്ടത്തില്‍ ഈ ബ്ലേഡുകാരനെതിരെ കല്‍പ്പറ്റയിലുള്ള റിട്ട. അധ്യാപകനുള്‍പ്പെടെ പലരും രേഖാമൂലവും അല്ലാതെയുമായി വെള്ളമുണ്ട പോലീസിന് പരാതി നല്‍കിയതാണ്. ഇതടിസ്ഥാനത്തിലാണ് വീട് റെയ്ഡ് ചെയ്തത്. എന്നാല്‍ റെയ്ഡില്‍ രേഖകളൊന്നും തന്നെ കണ്ടെടുക്കുകയോ, കേസെടുക്കുകയോ ചെയ്തിട്ടില്ല. ഈ സംഭവങ്ങള്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ വെളിപ്പെടുത്തല്‍ അപ്പടി തള്ളിക്കളയാന്‍ പ്രയാസമുണ്ട്.
പോലീസും ബ്ലേഡുകാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പലപ്പോഴും പുറത്തു വന്നതാണ്. മുമ്പ് ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം സമ്മതിച്ചതുമാണ്. ബ്ലേഡ് മാഫിയയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന 200 പോലീസുദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യത്തിന് മന്ത്രി നിര്‍ദേശം നല്‍കിയതായി വാര്‍ത്തയും വന്നിരുന്നു. ഓപറേഷന്‍ കുബേര അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ചില പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതുമാണ്. പോലീസ് സ്റ്റേഷനുകളില്‍ മാത്രമല്ല, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലും കമ്മീഷണര്‍ ഓഫീസുകളില്‍ പോലും ബ്ലേഡ് കമ്പനിക്കാര്‍ക്ക് ആളുകളുണ്ടെന്നാണ് വിവരം.
കൊട്ടിഘോഷത്തോടെ നടന്ന ഓപറേഷന്‍ കുബേര ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന ആരോപണവുമുയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് അഞ്ചംഗ കുടുംബം ബ്ലേഡ് മാഫിയയെ പേടിച്ച് ആത്മഹത്യ ചെയ്തതോടെയാണ് ബ്ലേഡ് മാഫിയയെ പിടികൂടാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. എന്നാല്‍, വമ്പന്‍ സ്രാവുകളെ ഒഴിവാക്കി പൊലീസ് റെയ്ഡ് നടത്തിയത് പരല്‍മീനുകള്‍ക്കിടയിലായിരുന്നു. പരിശോധനയില്‍ കുടുങ്ങിയവരില്‍ ഏറെയും ദിവസ, ആഴ്ച തവണവ്യവസ്ഥയില്‍ 1000 മുതല്‍ 10,000 വരെ രൂപ കടംകൊടുക്കുന്നവരാണ്. ലക്ഷക്കണക്കിനു രൂപ കൊള്ളപ്പലിശക്ക് നല്‍കുന്നവരെ തൊട്ടില്ല. ചില വന്‍കിടക്കാരുടെ ബേങ്കുകളില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. മുന്‍കൂട്ടി വിവരം നല്‍കി രേഖകളും പണവും മാറ്റാനുള്ള അവസം നല്‍കിയ ശേഷമായിരിക്കണം വന്‍കിട സ്ഥാപനങ്ങളില്‍ റെയ്ഡിനെത്തിയത്. പിടിയിലായവര്‍ക്കെതിരെ നടപടിയെടുത്തതാകട്ടെ ദുര്‍ബല വകുപ്പുകള്‍ പ്രകാരവും.
നിയമങ്ങള്‍ പാലിക്കാതെ പണമിടപാട് നടത്തുന്നത് തടയുന്നതിനുള്ള കേരള മണി ലെന്‍ഡേഴ്‌സ് ആക്ടിലെ 17,18 വകുപ്പുകളും വ്യാജരേഖ ചമക്കല്‍, ഭീഷണി, വഞ്ചന തുടങ്ങിയവക്കെതിരേയുള്ള ഐ പി സി 420, 465, 405 വകുപ്പുകളുമാണ് ബ്ലേഡ് മാഫിയകള്‍ക്കെതിരെ ചുമത്തേണ്ടത്. കേസുകള്‍ നിലനില്‍ക്കണമെങ്കില്‍ മണി ലെന്‍ഡേഴ്‌സ് ആക്ടും ഐ പി സിയും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തണമെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം. മിക്ക കേസുകളിലും കേരള മണി ലെന്‍ഡേഴ്‌സ് ആക്ട് മാത്രമാണ് ചേര്‍ത്തിയത്.
പോലീസ്, ബ്ലേഡ് മാഫിയ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന ഇത്തരം ഒട്ടേറെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കെ, മാവോയിസ്റ്റ് പ്രസിദ്ധീകരണത്തില്‍ വന്ന വിവരത്തില്‍ അവിശ്വസനീയമായി എന്തുണ്ട്? പോലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന മന്ത്രിയുടെ അവകാശവാദം ബാലിശമാണ്. ഏതു ഫോണും ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ നിലവിലുണ്ട്. തീവ്രവാദി സംഘടനകള്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ആര്‍ജിക്കുന്നതില്‍ അതിമിടുക്കന്മാരുമാണ്. മാത്രവുമല്ല സംസ്ഥാനത്തിന്റ അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ നീക്കങ്ങള്‍ വിജയം കാണാതെ പോയത് പോലീസിന്റെ രഹസ്യ സന്ദേശങ്ങള്‍ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്നത് കൊണ്ടാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ തന്നെ സന്ദേഹം പ്രകടിപ്പിച്ചതുമാണ് എന്ന് മറന്നുകൂടാ.

Latest