Connect with us

National

പാര്‍ലിമെന്റില്‍ തൃണമൂല്‍ പ്രതിഷേധം ശക്തം

Published

|

Last Updated

ന്യൂഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പശ്ചിമ ബംഗാള്‍ ഗതാഗത മന്ത്രി മദന്‍ മിത്രയുടെ അറസ്റ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രതിഷേധം ശക്തമാക്കുന്നു. ഇന്നലെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും കറുത്ത ഷാളണിഞ്ഞാണ് തൃണമൂല്‍ എം പിമാരെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ശാരദ ചിട്ടി കേസില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബി ജെ പിയുടെ പ്രസിഡന്റ് എഴുതി നല്‍കുന്ന തിരക്കഥയനുസരിച്ചാണ് സി ബി ഐ അന്വേഷണം നടത്തുന്നതുന്നെതെന്നും തൃണമൂല്‍ എം പി ഡെറക് ഒബ്രിയെന്‍ രാജ്യസഭയില്‍ പറഞ്ഞു. ടി എം സി അംഗങ്ങള്‍ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും ബഹളം വെച്ചു.
വിഷയത്തില്‍ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണ് ബി ജെ പിയെന്നും അദ്ദേഹം പറഞ്ഞു. “സി ബി ഐക്ക് വേണ്ടി ബി ജെ പി പ്രസിഡന്റ് തിരക്കഥയെഴുതുകയാണെ”ന്ന് രാജ്യസഭയില്‍ ആരോപിച്ച ഡെറക് ഒബ്രിയെന്‍, ബി ജെ പി രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കാന്‍ സി ബി ഐയെ ദുരുപയോഗപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹാറ മേധാവി സുബ്രതാ റോയിയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ഉയര്‍ത്തിക്കാട്ടിയാണ് മറ്റു ചില തൃണമൂല്‍ എം പിമാര്‍ പാര്‍ലിമെന്റ് വളപ്പിലെത്തിയത്. റോയിയില്‍ നിന്ന് കണ്ടെടുത്ത ഡയറി കുറിപ്പില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് പണം നല്‍കിയതിന്റെ തെളിവുകളുണ്ടായിരുന്നു. ഇത് വെട്ടിമാറ്റിയതായും തൃണമൂല്‍ എം പിമാര്‍ ആരോപിച്ചു. പ്രധാനമന്ത്രിയും സഹാറ മേധാവിയും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നിട്ടും എന്തുകൊണ്ട് അന്വേഷണം പ്രധാനമന്ത്രിയിലേക്ക് നീങ്ങുന്നില്ലെന്ന് തൃണമൂല്‍ എം പി കല്യാണ്‍ ബാനര്‍ജി പാര്‍ലിമെന്റില്‍ ചോദ്യമുന്നയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പശ്ചിമ ബംഗാള്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും തൃണമൂല്‍ നേതാവുമായ മദന്‍ മിത്രയെ സി ബി ഐ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രാഷട്രീയ ലക്ഷ്യം വെച്ചാണെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരും ദിവസങ്ങളിലും തൃണമൂല്‍ അംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കും.