നന്മയും നീതിയുമില്ലാതെ കണ്‍സ്യൂമര്‍ഫെഡ്

Posted on: December 15, 2014 6:44 am | Last updated: December 15, 2014 at 11:46 am

consumerfedതിരുവനന്തപുരം: വിലക്കയറ്റത്തില്‍ ഞെരിഞ്ഞമരുന്ന സാധാരണക്കാര്‍ക്ക് തെല്ലാശ്വാസമാകാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് കീഴില്‍ ആരംഭിച്ച നന്മ, നീതി, ത്രിവേണി സ്റ്റോറുകള്‍ നോക്കുകുത്തികളാകുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക നന്മ, നീതി, ത്രിവേണി സ്റ്റോറുകളും പ്രവര്‍ത്തനരഹിതമാണ്. മിക്കയിടങ്ങളിലും സ്റ്റോറുകള്‍ ഉണ്ടെന്നല്ലാതെ വിലക്കിഴിവുള്ള സാധനങ്ങളൊന്നും തന്നെയില്ല.

നന്മ സ്റ്റോറുകള്‍ രണ്ട് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനം നിലച്ചിട്ട്. മറ്റുള്ളവയും ഇതേ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. സ്റ്റോറുകളില്‍ സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പന നിര്‍ത്തിയിട്ട് മാസങ്ങളായി. ത്രിവേണി, നന്മ, നീതി സ്റ്റോറുകളെ പുനരുജ്ജീവിപ്പിക്കാനുള്ള താത്പര്യം ഭക്ഷ്യ വകുപ്പിനും സര്‍ക്കാറിനുമില്ല. അഴിമതിയും ധൂര്‍ത്തും കാരണം ഇവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത തരത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്. പണം നല്‍കാനുള്ളതിനാല്‍ സാധനങ്ങളുടെ വിതരണക്കാരെല്ലാം കണ്‍സ്യൂമര്‍ഫെഡിനെ കൈയൊഴിഞ്ഞു. ഇതോടെ സാധനങ്ങളുടെ എണ്ണം കുറഞ്ഞു. ആളുകള്‍ കയറാത്തതോടെ പല സ്റ്റോറുകളും എപ്പോള്‍ പൂട്ടുമെന്നറിയാതെ ജീവനക്കാര്‍ ആശങ്കയിലാണ്.
പത്ത് മുതല്‍ 30 ശതമാനം വരെ വിലക്കുറവിലാണ് സ്റ്റോറുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നത്. അരി, പഞ്ചസാര, മുളക്, മല്ലി, ചെറുപയര്‍, ഉഴുന്ന്, വെളിച്ചെണ്ണ, പരിപ്പ് എന്നിവയെല്ലാം പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ കിട്ടുമെന്നതിനാല്‍ ഒട്ടേറെപ്പേര്‍ ഇതിനെ ആശ്രയിച്ചിരുന്നു. പൊതുവിപണിയില്‍ 35 രൂപ വിലയുള്ള അരി 21 രൂപക്കാണ് ഉത്സവ കാലങ്ങളില്‍ നന്മ സ്റ്റോറുകള്‍വഴി വിതരണം ചെയ്തിരുന്നത്.
1616 നന്മ സ്റ്റോറുകളാണ് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 865 സ്‌റ്റോറുകള്‍ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തുന്നവയാണ്. 751 എണ്ണം സഹകരണസംഘങ്ങളാണ് നടത്തുന്നത്. ഇവയെല്ലാംതന്നെ നഷ്ടത്തിലാണ്. സംസ്ഥാനത്തൊട്ടാകെ 248 ത്രിവേണി സ്റ്റോറുകളാണുള്ളത്. ഇതില്‍ 237 സ്റ്റോറുകളും നഷ്ടത്തിലാണ്. പത്തനംതിട്ടയില്‍ ഒന്നും ആലപ്പുഴയിലും എറണാകുളത്തും രണ്ട് വീതവും പാലക്കാട് അഞ്ചും സ്റ്റോറുകള്‍ മാത്രമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2012 മുതല്‍ സാധനങ്ങള്‍ നല്‍കിയ വകയില്‍ 400 കോടി രൂപയാണ് വിതരണക്കാര്‍ക്ക് കണ്‍സ്യൂമര്‍ഫെഡ് കൊടുക്കാനുള്ളത്. ഓണം സീസണു ശേഷം സബ്‌സിഡി സാധനങ്ങള്‍ സ്റ്റോറുകളില്‍ കിട്ടാനേയില്ലാത്ത അവസ്ഥയാണ്. 1700 ഓളം ജീവനക്കാര്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓരോ സ്‌റ്റോറുകളിലും ജോലിക്കുണ്ട്. ഇവരുടെ ശമ്പളവും പ്രതിസന്ധിയിലായ അവസ്ഥയാണ്. പല സ്റ്റോറുകളിലും ഒഴിഞ്ഞ ഗോഡൗണുകളും റാക്കുകളുമാണുള്ളത്.
അമ്പതിനായിരം രൂപക്കുമുകളില്‍ പ്രതിദിന വിറ്റുവരവുണ്ടായിരുന്ന സ്റ്റോറുകളാണ് ഒരു സാധനം പേലും വില്‍ക്കാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതെന്നതും ശ്രദ്ധേയമാണ്. പൊതുവിപണിയെക്കാള്‍ 20 ശതമാനം ലാഭത്തിലാണ് ഇവിടെ സാധനങ്ങള്‍ വിറ്റിരുന്നത്. സബ്‌സിഡി സാധനങ്ങളുടെ നഷ്ടം നികത്തുന്നത് സര്‍ക്കാറാണ്. ഈ ഇനത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് 50 കോടി രൂപ ഈ വര്‍ഷം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. എന്നിട്ടും കണ്‍സ്യൂമര്‍ ഫെഡിന് മുഖം മിനുക്കാനാകുന്നില്ല.