പാലക്കാട് ഏരിയാ കമ്മിറ്റി വി എസിന് ആധിപത്യം

Posted on: December 15, 2014 11:30 am | Last updated: December 15, 2014 at 11:30 am

പാലക്കാട്: സി പി എം പാലക്കാട് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വി എസ് പക്ഷത്തിന് സമ്പൂര്‍ണ ആധിപത്യം. വി എസ് പക്ഷക്കാരനായ പറളിയില്‍ നിന്നുള്ള കെ വിജയനാണ് ഏരിയ സെക്രട്ടറി നിലവിലെ സെക്രട്ടറി എം നാരായണന്‍ നാലുതവണ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കമ്മിറ്റിയില്‍ നിന്നുംഒഴിവായത്. എം നാരായണന്‍ അടക്കം നാല് പേര്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവായപ്പോള്‍ നാല് പേരെ പുതുതായി ഉള്‍പ്പെടുത്തി. കമ്മിറ്റിയിലെ 13 ല്‍ ഒമ്പത് പേരും വി എസിനോട് പരസ്യമായി ആഭിമുഖ്യമുള്ളവരാണ്. മുന്‍ എം പിയും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ എന്‍ എന്‍ കൃഷ്ണദാസാണ് വി എസ് പക്ഷത്തിന് നേതൃത്വം നല്‍കിയത്. ഇതോടെ ജില്ലാ കമ്മിറ്റിയിലേക്ക് കൃഷ്ണദാസിന്റെ സാന്നിധ്യം ഉറപ്പായി. നേരത്തെ മുണ്ടൂര്‍ ഏരിയ കമ്മിറ്റിയും വി എസ് പക്ഷം പിടിച്ചടക്കിയിരുന്നു. ശക്തമായ വി എസ് കോട്ടയായിരുന്ന പുതുശ്ശേരി ഏരിയാ കമ്മിറ്റി പിണറായിപക്ഷം പിടിച്ചെടുത്തിരുന്നു. വിമതപക്ഷത്തിന്റെ വ്യക്തമായ ഥീഷണിയുണ്ടായിരുന്ന കൊല്ലങ്കോട് ഏരിയാ കമ്മിറ്റി വീണ്ടും ഔദ്യോഗികപക്ഷം പിടിച്ചെടുത്തു. നിലവിലെസെക്രട്ടറി എ. ബാബുവാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിണറായിപക്ഷക്കാരായ ആര്‍ ചിന്നക്കുട്ടന്റെ നേതൃത്വത്തില്‍ 12 അംഗ കമ്മിറ്റിയില്‍ പത്തുപേരും പിണറായിപക്ഷക്കാരാണ്. ചിന്നക്കുട്ടന്റെ നേതൃത്വത്തില്‍ നടന്ന വോട്ടെടുപ്പില്‍ കൊടുവായൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ വിമതപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഔദ്യോഗികപക്ഷം ഏരിയാ കമ്മിറ്റി പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് വിമതപക്ഷം കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു. ഇന്നലെ നടന്ന മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി വീണ്ടും പ്ിണറായിപക്ഷം പിടിച്ചെടുത്തു. കെ ഉണ്ണീനാണ് സെക്രട്ടറി.