Connect with us

Kozhikode

ബാക് ടു മര്‍കസ് ശ്രദ്ധേയമായി: ഒരുവട്ടം കൂടി പഴയ വിദ്യാലയ മുറ്റത്ത് അവര്‍ ഒത്തുകൂടി

Published

|

Last Updated

കോഴിക്കോട്: ഇന്നലെ കൃത്യം ഒമ്പതിന് കാരന്തൂര്‍ മര്‍കസ് ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളില്‍ പതിവ് ബെല്‍ മുഴങ്ങി അസംബ്ലി കൂടിയപ്പോള്‍ നിരയൊപ്പിച്ചു നിന്നവരില്‍ വിദ്യാര്‍ഥികളാരും തന്നെ ഉണ്ടായില്ല. പകരം ഇടംപിടിച്ചത് ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസുകാരും അധ്യാപകരുമൊക്കെയായിരുന്നു. മൂന്ന് പതിറ്റാണ്ടിനപ്പുറത്തെ സ്‌കൂള്‍ ദിനങ്ങള്‍ മനസ്സില്‍ താലോലിച്ച് ഒരുവട്ടം കൂടി പഴയ വിദ്യാലയത്തിരുമുറ്റത്തെത്തിയതായിരുന്നു അവര്‍. രൂപം കൊണ്ട് മാറിയ പഴയ സഹപാഠികളെ തിരിച്ചറിയാന്‍ പലര്‍ക്കും സമയമെടുത്തു.

1985 മുതല്‍ 2014 വരെ മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി കഴിഞ്ഞ് പുറത്തിറങ്ങിയ പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുചേരലാണ് ഇന്നലെ നടന്നത്. മര്‍കസ് അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 37ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ബാക് ടു മര്‍കസ് എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. നാട്ടില്‍ത്തന്നെ ഉള്ളവരെ കൂടാതെ ഗള്‍ഫില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ ചാര്‍ടര്‍ ചെയ്ത് 120 പൂര്‍വ വിദ്യാര്‍ഥികളും സംഗമത്തിന് എത്തിയിരുന്നു.
മര്‍കസ് ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി കഴിഞ്ഞ ശേഷം നാട്ടിലും വിദേശത്തുമായി വിവിധ കോണുകളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ രാവിലെ സ്‌കൂള്‍ മൈതാനത്ത് അസംബ്ലിയില്‍ അണിയായി നിന്നു. സാധാരണ സ്‌കൂളിലെ അസംബ്ലി പോലെത്തന്നെ ഹെഡ്മാസ്റ്റര്‍ വി പി അബ്ദുല്‍ഖാദിര്‍ മാസ്റ്ററുടെ പത്ത് മിനുട്ട് ഉപദേശത്തിനു ശേഷം അവര്‍ അണി തെറ്റാതെ ക്ലാസുകളിലേക്ക് പോയി. ഒരാളും വരിതെറ്റിപ്പോകരുതെന്ന് ഹെഡ്മാസ്റ്ററുടെ “ഓര്‍ഡറും” ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയ ഉടനെത്തന്നെ രണ്ടാം ബെല്‍ മുഴങ്ങി ക്ലാസ് ആരംഭിച്ചു.
പഴയ കാലം ഓര്‍ക്കാന്‍ മര്‍കസ് ഹൈസ്‌കൂളിലെ 100 ക്ലാസ് മുറികളാണ് ബാക് ടു മര്‍കസിനായി സജ്ജീകരിച്ചത്. ക്ലാസെടുക്കാനെത്തിയതാകട്ടെ പഴയ അധ്യാപകരും. അവരില്‍ പലരും വിരമിച്ചവരും സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറിപ്പോയവരുമായിരുന്നു. സ്‌കൂളിന്റെ തുടക്കത്തില്‍ അധ്യാപക നിയമനമാകാത്തതിനാല്‍ എല്ലാ ക്ലാസുകളും കൂടി കൈകാര്യം ചെയ്ത രീതി അന്നത്തെ ഹെഡ്മാസ്റ്റര്‍ കൂടിയായ പി മുഹമ്മദ് മാസ്റ്റര്‍ അയവിറക്കി. 1985 മുതലാണ് മര്‍കസ് ഹൈസ്‌കൂളില്‍ എസ് എസ് എല്‍ സി ബാച്ച് തുടങ്ങിയിരുന്നത്. വിദ്യാര്‍ഥി സമരം കൊണ്ട് കലുഷിതമായ അന്നത്തെ വിദ്യാലയന്തരീക്ഷത്തില്‍ സമരം തൊട്ടുതീണ്ടാത്ത സ്‌കൂള്‍ എന്ന ഖ്യാതിയില്‍ മര്‍കസ് ഹൈസ്‌കൂള്‍ പ്രസിദ്ധമായിരുന്നു. പലപ്പോഴും കാന്തപുരം ഉസ്താദ് തന്നെ ക്ലാസ് മുറികള്‍ സന്ദര്‍ശിച്ച് ഉപദേശങ്ങള്‍ നല്‍കിയിരുന്നു. മുപ്പത് വര്‍ഷത്തിനു ശേഷം വിവിധ മേഖലകളിലെത്തിയ ശിഷ്യരെ നേരിട്ട് കാണണമെന്ന മര്‍കസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കൂടിയായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആഗ്രഹമനുസരിച്ചാണ് ബാക്ക് ടു മര്‍കസ് സംഘടിപ്പിച്ചത്. കാന്തപുരത്തിന്റെ മകനും മര്‍കസ് ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും കൂടിയായ ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരിയും ബാക് ടു മര്‍കസിലെ അംഗമായിരുന്നു.
ബാക് ടു മര്‍കസ് പരിപാടിക്ക് സമാപനം കുറിച്ച് വൈകീട്ട് മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എം എല്‍ എമാരായ കെ ടി ജലീല്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സി മുഹമ്മദ് ഫൈസി, ജി അബൂബക്കര്‍ മാസ്റ്റര്‍, ടി പി ദാമോദരന്‍ മാസ്റ്റര്‍, അപ്പോളോ മൂസ ഹാജി, ബി പി സിദ്ദീഖ് ഹാജി പങ്കെടുത്തു. അലുമ്‌നി ചാര്‍ട്ടര്‍ പ്രഖ്യാപനം ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി നടത്തി. അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ഇടക്കുനി സ്വാഗതവും ബാബുമോന്‍ കുന്ദമംഗലം നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest