രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും പേനാ കമ്പം മാറാതെ ബാലകൃഷ്ണപിള്ള

Posted on: December 15, 2014 3:23 am | Last updated: December 14, 2014 at 11:24 pm

balakrishna pillaiകൊട്ടാരക്കര: കേരള രാഷ്ട്രീയത്തിന്റെ അമരത്ത് ഇരിപ്പുറപ്പിച്ച് കാലങ്ങള്‍ പിന്നിടുമ്പോഴും കൊട്ടാരക്കരക്കാരന്‍ പിള്ളയെന്ന സാക്ഷാല്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് പേനാക്കമ്പം മാറുന്നില്ല. രാഷ്ട്രീയത്തില്‍ പേനക്കെന്തുകാര്യം എന്നു ചോദിക്കുന്നവരോട് പിള്ളക്ക് ഒത്തിരി പറയാനുണ്ടാകും. പേന ചതിച്ചതും അനുഗ്രഹിച്ചതുമൊക്കെയായി നിരവധി കഥകള്‍. ഒരിക്കല്‍ മന്ത്രി സ്ഥാനം വരെ നഷ്ടപ്പെടുത്തിയത് ഒരു പേനയാണെന്നാണ് പിള്ളയുടെ വിശ്വാസം. മൂന്നാം വയസില്‍ തുടങ്ങിയതാണ് പിള്ളക്ക് പേനയോടുള്ള കമ്പം. മൂന്നാം പിറന്നാളിന് അച്ഛന്‍ കീഴൂട്ട് രാമന്‍ പിള്ള ഒരു നാരായം സമ്മാനിച്ചതാണ്. അക്ഷരം പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ഗുരുനാഥനും സമ്മാനിച്ചു ഒരെണ്ണം.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹോദരി പൊന്നമ്മയുടെ ഭര്‍ത്താവ് ഗോവിന്ദപിള്ള ഒരു ജാപ്പനീസ് പൈലറ്റ് പേന സമ്മാനിച്ചതാണ് ആദ്യത്തെ വിലകൂടിയ പേന. ഇന്റര്‍മീഡിയറ്റ് വരെ ആ പേന കൂടെ ഉണ്ടായിരുന്നു. പിന്നെ പണം ഒത്താല്‍ അതുകൊടുത്ത് പേന വാങ്ങുന്നത് ശീലമായി. ഒരിക്കല്‍ പേന വില്‍ക്കേണ്ടിയും വന്നു. തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്ന കാലത്തായിരുന്നു കൈവശമുള്ള പാര്‍ക്കര്‍ പേന വില്‍ക്കേണ്ടിവന്നത്. രണ്ട് സഹപാഠികള്‍ക്ക് പരീക്ഷാ ഫീസടക്കാന്‍ പണമില്ലാതെ വിഷമിച്ചപ്പോളായിരുന്നു അത്. 60 രൂപയുടെ പേന പകുതി വിലക്ക് വിറ്റ് അവര്‍ക്ക് പണം നല്‍കി. പിന്നിട്ട കാലംകൊണ്ട് മൂവായിരത്തിലേറെ വില കൂടിയ പേനകള്‍ പിള്ള സ്വന്തമാക്കിയിട്ടുണ്ട്. ഏത് രാജ്യത്ത് പോയാലും അവിടെ നിന്ന് ഒരു പേന വാങ്ങുക നിര്‍ബന്ധമാണ്. പേന സമ്മാനമായി കിട്ടിയാല്‍ മാത്രമേ വിലകൊടുത്തു വാങ്ങാതെ മടങ്ങാറുള്ളു. മോണ്‍ ബ്ലാങ്ക്, ഷിഫര്‍, ക്രിസ്ത്യന്‍ഡയര്‍ തുടങ്ങി മുന്തിയ ഇനങ്ങള്‍ മുന്നൂറിലധികം വാങ്ങിയിട്ടുണ്ട്. പേനകള്‍ക്കായി അദ്ദേഹം ചെലവാക്കിയത് ആയിരവും പതിനായിരവുമല്ല, മറിച്ച് ലക്ഷങ്ങളാണ്. ഇതില്‍ പാരീസില്‍ നിന്നും 1960ല്‍ 30,000 രൂപക്ക് വാങ്ങിയ ക്രിസ്ത്യന്‍ ഡയര്‍ തന്നെയാണ് കേമന്‍.
സ്വര്‍ണം കെട്ടിയ ഈ പേനക്ക് ഇപ്പോള്‍ വില ലക്ഷങ്ങള്‍ വരും. ഒരിക്കല്‍ ബ്രൂണെയ് സന്ദര്‍ശിച്ചപ്പോള്‍ സുല്‍ത്താന്‍ സമ്മാനിച്ച മോണ്‍ ബ്ലാങ്കും കൂട്ടത്തിലെ വി ഐ പിയാണ്. തന്റെ മന്ത്രി സ്ഥാനം ഒരിക്കല്‍ നഷ്ടപ്പെട്ടത് പേന മൂലമാണെന്ന് പിള്ള വിശ്വസിക്കുന്നതിന് കാരണമുണ്ട്. 1965ല്‍ വിവാദ പഞ്ചാബ് മോഡല്‍ പ്രസംഗത്തെത്തുടര്‍ന്ന് പിള്ളക്ക് കെ കരുണാകരന്‍ മന്ത്രി സഭയില്‍ നിന്നും രാജിവെക്കേണ്ടി വന്നു. അന്ന് ജോത്സ്യനെ കണ്ടപ്പോഴാണ് ഒരാഴ്ച മുമ്പ് കുവൈറ്റില്‍ നിന്നും ലഭിച്ച പതിനായിരം രൂപയുടെ പേനയാണ് പ്രശ്‌നമെന്നറിഞ്ഞത്. അതിന്റെ ദോഷമാണ് തനിക്ക് വിനയായതെന്നറിഞ്ഞതും പിള്ള പേന വലിച്ചെറിയുക തന്നെ ചെയ്തു.
മന്ത്രിയായിരിക്കെ പച്ചമഷി കൊണ്ട് ഔദ്യോഗിക നോട്ടെഴുതിയതും കുറേ പൊല്ലാപ്പുണ്ടാക്കിയിരുന്നു. ഇത് കോടതിവരെയെത്തിയതാണ്. പിന്നെ പച്ചമഷി ഉപയോഗിച്ച് എഴുതിയിട്ടില്ലത്രെ. ഇംഗ്ലണ്ടില്‍ നിന്നും വാങ്ങിയ മോണ്‍ ബ്ലാങ്ക് പേനയാണ് പിള്ള ഏറ്റവും കൂടുതല്‍ കാലം ഉപയോഗിച്ചത്. കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍, മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി വിവിധ മേഖലകളിലും എണ്‍പത് പിന്നിട്ടിട്ടും തിളങ്ങി നില്‍ക്കുന്ന പിള്ളക്ക് പേനയില്ലാത്ത ഒരു ദിവസത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല.