Connect with us

Articles

കൃഷ്ണയ്യരുടെ നിലപാടുകളെ ആരാണ് ഹൈജാക്ക് ചെയ്തത്?

Published

|

Last Updated

ചരിത്രത്തില്‍ അസാധാരണമായി ഉദയം ചെയ്യുന്ന മഹാപുരുഷന്‍മാരുടെ വേര്‍പാട് അക്ഷരാര്‍ഥത്തില്‍ നികത്താനാവില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ജസ്റ്റിസ്റ്റ് വി ആര്‍ കൃഷ്ണയ്യര്‍ അങ്ങനെയൊരു വ്യക്തിത്വമാണ്. കേവലമൊരു ജസ്റ്റിസ്റ്റ് ആയിരുന്നില്ല അദ്ദേഹം. വെറുമൊരു പൊതു വ്യക്തിത്വവുമായിരുന്നില്ല. മഹാനായ മനുഷ്യസ്‌നേഹി എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. യഥാര്‍ഥത്തില്‍ നമ്മുടെ സാമൂഹിക ജീവിതത്തില്‍ കൃഷ്ണയ്യര്‍ വഹിച്ച പങ്ക് എന്തായിരുന്നുവെന്ന് നാം പൂര്‍ണമായി മനസ്സിലാക്കിയിട്ടുണ്ടോ? ചില വശങ്ങള്‍ ചിലര്‍ പഠിക്കുകയും വിശകലനം നടത്തുകയും ചെയ്തിട്ടുണ്ട്. മറ്റ് ചിലര്‍ വേറെ ചില ഗുണങ്ങള്‍ കാണുകയും വാഴ്ത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ അവസാനകാലത്ത് സ്തുതിപാഠകരും നിക്ഷിപ്തതാത്പര്യക്കാരുമാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയത് എന്നതിനാല്‍ ആ വിശ്വപൗരന്റെ സമഗ്രഭാവങ്ങള്‍ തിരിച്ചറിയാന്‍ പുതുതലമുറക്കു കഴിയാത്തതരത്തില്‍ തെറ്റിദ്ധാരണകള്‍ വളര്‍ത്താന്‍ കാരണമായിട്ടുണ്ട്.
വാസ്തവത്തില്‍, സാമൂഹിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും മുദ്ര പതിപ്പിച്ച മഹാമനുഷ്യനായിരുന്നു കൃഷ്ണയ്യര്‍. തൊടാത്ത മണ്ഡലങ്ങളില്ല. തൊട്ടതെല്ലാം മിഡാസ് സ്പര്‍ശനം പോലെ മാന്ത്രിക പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ന്യായാധിപന്‍ എന്ന നിലയില്‍ 1973 മുതല്‍ 80 വരെ മാത്രം സുപ്രീം കോടതിയില്‍ ജഡ്ജിയായി ഇരുന്നുകൊണ്ട് നിയമവ്യവസ്ഥയില്‍ നീതി നടപ്പാക്കാന്‍ അദ്ദേഹം നടത്തിയത് വിപ്ലവം തന്നെയായിരുന്നു. എഴുതിയ 730 വിധിന്യായങ്ങള്‍ വായിച്ചു നോക്കൂ. അത്ഭുതപ്പെട്ടുപോകും. നിയമം എത്രത്തോളം സാധാരണക്കാരന് അന്യമാണ് എന്നും അവയില്‍ നിന്ന് പാവപ്പെട്ടവന് നീതി കിട്ടണമെങ്കില്‍ എത്ര വലിയ പൊളിച്ചെഴുത്തുകളാണ് വേണ്ടതെന്നും ഓരോ വിധിയും തുറന്നു കാണിക്കുന്നു. നിയമവും നീതിയും തമ്മില്‍ എത്ര വലിയ അകലമാണ് നിലവിലുള്ളതെന്ന് മനസ്സിലാക്കി നിയമത്തെ നീതിക്ക് കീഴ്‌പ്പെടുത്താന്‍ വലിയ സമരം തന്നെയാണ് അദ്ദേഹം നടത്തിയത്.
കാരുണ്യവാനായിരുന്നു കൃഷ്ണയ്യര്‍. എന്നാല്‍ കരുണാര്‍ദ്രമായ ആ ഹൃദയം മനുഷ്യപക്ഷത്ത് ഉറച്ചുനിന്ന് പൊരുതുവാന്‍ വമ്പിച്ച കരുത്താണ് കൃഷ്ണയ്യര്‍ക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അളവുകള്‍ക്കപ്പുറത്താണ് അദ്ദേഹം നടത്തിപ്പോന്നത്. യഥാര്‍ത്ഥത്തില്‍, മനുഷ്യന്‍ നേരിടുന്ന അവമതിക്കും ചൂഷണത്തിനും ആക്രമണത്തിനുമെതിരെ ഏതു ഘട്ടത്തിലും സാധാരണക്കാരുടെ പക്ഷത്തു അടിയുറച്ച് നിന്ന് പൊരുതുന്ന അസാമാന്യ മനുഷ്യനായിരുന്നു അയ്യര്‍. നമുക്ക് ന്യായാധിപന്‍മാര്‍ ഏറെയുണ്ട്, എന്നാല്‍ നീതിപതി ഒരാളേയുള്ളു; അത് ജസ്റ്റിസ് കൃഷ്ണയ്യര്‍ മാത്രമാണെന്ന് അഡ്വ. മഞ്ചേരി സുന്ദര്‍രാജ് ഡിസംബര്‍ 10-ാം തിയതി എറണാകുളത്ത് ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പറയുകയുണ്ടായി.
കൃഷ്ണയ്യരുടെ മണ്ഡലം അതിബൃഹത്തായിരുന്നു. അത്യുന്നതമായ തലങ്ങളിലൂടെ സഞ്ചരിച്ച ആ മനുഷ്യന്‍ എല്ലാ അശരണര്‍ക്കും നിസ്വര്‍ക്കും വേണ്ടിയാണ് സമര്‍പ്പിച്ചത്. അഗതികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം അടിമുടി നിസ്വാര്‍ഥമായിരുന്നു; അതിലൊരിക്കലും ഒരു പ്രകടനപരത നമുക്ക് കാണാനാവില്ല. നേടിയ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്കു വേണ്ടിയാണ് ചെലവഴിച്ചത്. മനുഷ്യാവകാശം എന്നത് പ്രസംഗിക്കാനുള്ള ഒരു വിഷയമായിരുന്നില്ല അദ്ദേഹത്തിന്. ആഗോളീകരണത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത അതിക്രമങ്ങള്‍ക്കിരയാവുന്ന മനുഷ്യരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരമായ പോരാട്ടമായിരുന്നു സ്വാമി നടത്തിയത്. ആ സമരം സാര്‍വദേശീയ തലത്തിലാണ് വളര്‍ന്ന് വികസിച്ചത്.
എന്നാല്‍, സാര്‍വദേശീയ തലത്തില്‍ കൃഷ്ണയ്യരുടെ ഏറ്റവും വലിയ സംഭാവന അദ്ദേഹം നടത്തിയ വീറുറ്റ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളായിരുന്നു. സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്കെതിരെ, വിശിഷ്യാ അമേരിക്കന്‍ സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്കെതിരായ വിശ്വ സമാധാന സന്ദേശമാണ് അദ്ദേഹം എക്കാലവും മാനവരാശിക്കു നല്‍കിയത്. അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോള്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെതിരെ നടന്ന യുദ്ധവിരുദ്ധ പ്രകടനങ്ങളില്‍ കൃഷ്ണയ്യര്‍ പല തവണ പങ്കെടുക്കുകയുണ്ടായി. കല്‍ക്കത്തയിലും ഡല്‍ഹിയിലും മാത്രമല്ല, ബംഗ്ലാദേശിലെ ധാക്കയിലും ബെല്‍ജിയത്തിലുംവരെ അദ്ദേഹം പങ്കെടുത്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റണ്‍ ഇന്ത്യയില്‍ വന്നപ്പോള്‍ “ക്ലിന്റണ്‍ ഗോ ബാക്ക്” എന്ന മുദ്രാവാക്യവും പ്രചരിപ്പിക്കാന്‍ മുന്‍ നിരയില്‍ കൃഷ്ണയ്യര്‍ ഉണ്ടായിരുന്നു.
മത വര്‍ഗീയതക്കെതിരായ പ്രക്ഷോഭമായിരുന്നു സ്വാമിയുടെ മറ്റൊരു പ്രധാനപ്പെട്ട സമര മണ്ഡലം. ഇന്ത്യാ വിഭജനത്തിന്റെ മുറിവുകള്‍ നേരില്‍ കണ്ട കൃഷ്ണയ്യര്‍ക്ക് ഒരു തരത്തിലുമുള്ള വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവുമായിരുന്നില്ല. ഹിന്ദുത്വ ശക്തികളുടെ വര്‍ഗീയവത്കരണ അജന്‍ഡക്കെതിരെ പരസ്യമായി രംഗത്തു വന്ന കൃഷ്ണയ്യര്‍ അത്തരം പ്രതിലോമ ശക്തികളുമായി നേരിട്ട് പലപ്പോഴും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. വിശേഷിച്ചും വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയ വത്കരണ നീക്കങ്ങള്‍ക്കെതിരായിരുന്നു പ്രത്യക്ഷ പ്രതിഷേധങ്ങള്‍.
1980-കളില്‍ തന്നെ വിദ്യാഭ്യാസ സംരക്ഷണ പ്രക്ഷോഭങ്ങളില്‍ ജസ്റ്റിസ് അയ്യരുടെ മുദ്ര പതിഞ്ഞിരുന്നു; വിശേഷിച്ചും “86-ലെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ പ്രക്ഷോഭവേദികളില്‍ അദ്ദേഹം ഉണ്ടായിരുന്നു. ആ നയം ഒരു ഫാസിസ്റ്റ് വിദ്യാഭ്യാസ നയമാണെന്ന നിഗമനത്തില്‍ അഖിലേന്ത്യാ സേവ് എജ്യൂക്കേഷന്‍ കമ്മിറ്റി എത്തിച്ചേരുന്നത് കൃഷ്ണയ്യരുടെ അധ്യക്ഷതയിലാണ്. ലോക ബേങ്കിന്റെ ഡി പി ഇ പി സമ്പ്രദായം വന്നപ്പോഴും അതിനെതിരെ രംഗത്തുവന്ന സാമൂഹിക നായകരില്‍ അഗ്രഗണ്യനായിരുന്നു ജസ്റ്റിസ് അയ്യര്‍. പുരോഗമന നാട്യങ്ങളോടെയാണ് “ഇടതു”പക്ഷമെന്ന് പറയുന്നവര്‍ ലോക ബേങ്ക് പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. പക്ഷേ, വളരെ ധൈര്യപൂര്‍വമാണ് ആ വിദ്യാഭ്യാസ വിധ്വംസക പദ്ധതിയുടെ അപകടങ്ങള്‍ക്കെതിരെ കൃഷ്ണയ്യര്‍ രംഗത്തു വന്നത്. ബുദ്ധിപരമായ സത്യസന്ധതയുടെ നിദര്‍ശനമായിരുന്നു ആ നിലപാടുകള്‍.
എന്തായാലും, സംഘര്‍ഷഭരിതമായ ആശയ സമരങ്ങളുടെ, അനസ്യൂതമായ വളര്‍ച്ചയുടെ മധ്യത്തിലാണ് ഓരോ പ്രഭാതവും ഒരു പക്ഷേ, ഓരോ മണിക്കൂറും കടന്നു പോയതെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുമായിരിക്കാം. അതെന്തായാലും, മാനവ ജീവിത ചരിത്രത്തില്‍ ചലനാത്മകമായ പങ്ക് വഹിച്ച ലോക പൗരന്‍മാര്‍ ഇന്ത്യയില്‍ അധികം പേരില്ല. വിശേഷിച്ചും ഒരു ലോകപരിപ്രേഷ്യം സ്വായത്തമാക്കി അതിന്റെ അടിസ്ഥാനത്തില്‍ മനുഷ്യ സമൂഹവ്യവസ്ഥയെ മാറ്റി മറിക്കാന്‍ പ്രയത്‌നിക്കുക എന്നത് ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണല്ലോ. മനുഷ്യ പക്ഷത്ത് അചഞ്ചലം നിലയുറപ്പിച്ച് ആ ചരിത്രദൗത്യ നിര്‍വഹണത്തിന് പരിശ്രമിച്ച കൃഷ്ണയ്യരുടെ വേര്‍പ്പാട് കേരള സമൂഹം എങ്ങനെ മറികടക്കുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കൃഷ്ണയ്യര്‍ 100 വര്‍ഷം വെറുതേ ജീവിച്ച് തികയ്ക്കുകയായിരുന്നില്ല. ഇനിയുമേറെ ചെയ്യാനുള്ള ഉത്കടമായ അഭിലാഷം നൂറാം പിറന്നാള്‍ ദിനത്തിലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.
വിമോചന സമരത്തിന്റെ ഒരു നൂറ്റാണ്ടാണ് ഇപ്പോള്‍ അവസാനിക്കുന്നത്. ഇനി ഇങ്ങനെയൊരാള്‍ ഉണ്ടായി വരാന്‍ എത്ര ദശാബ്ദങ്ങളെടുക്കും? ആ വിടവ് നികത്താന്‍ ജീവിച്ചിരിക്കുന്ന ഉത്പതിഷ്ണുക്കള്‍ക്ക് എന്തുതരം ജീവിത സമരമാണ് നടത്തേണ്ടി വരിക? പ്രത്യേകിച്ചും സമൂഹത്തില്‍ പ്രതിലോമ ശക്തികള്‍ കൊടികുത്തി വാഴുമ്പോള്‍.
എല്ലായിടത്തും ഇരച്ചുകയറുന്ന പ്രതിലോമ ആശയങ്ങളെ നേരിടാന്‍ കരുത്തുള്ള മതേതര ആശയങ്ങള്‍ സമൂഹത്തില്‍ വ്യാപിക്കുകയും ശക്തമാവുകയും ചെയ്യേണ്ടതുണ്ട്. നവകേരളവും നവഭാരതവും പുതിയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വേണം സൃഷ്ടിക്കാന്‍. പഴഞ്ചന്‍, നിഗൂഢ, അന്ധവിശ്വാസ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് മനുഷ്യന് യുക്തിയും ബുദ്ധിയും നേര്‍വഴിയും കാട്ടികൊടുത്തു അവനെ ഭ്രാന്തമായ ഫാസിസ്റ്റ് ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നമ്മോടൊപ്പം ഒരു കൃഷ്ണയ്യര്‍ ഇല്ല, എന്ന ബോധം ഭാരതീയന്റെ ചുമതലാബോധം ഇരട്ടിയാക്കാന്‍ കാരണമാകണം. എങ്കില്‍ മാത്രമേ, ഭാവിയിലെ കനത്ത വെല്ലുവിളികള്‍ നേരിടാന്‍ പൗരനെ സജ്ജമാക്കാന്‍ നമുക്ക് കഴിയൂ.