Connect with us

Kerala

നില്‍പ് സമരം ഒത്തുതീര്‍പ്പാക്കാത്തത് നാണക്കേടെന്ന് മേധാ പട്കര്‍

Published

|

Last Updated

തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന ആദിവാസികളുടെ അവകാശ സമരം ഒത്തുതീര്‍ക്കാന്‍ കഴിയാത്തത് യു ഡി എഫ് സര്‍ക്കാറിന് നാണക്കേടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തുന്ന നില്‍പ്പ് സമരവേദി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.
മദ്യത്തിനെതിരെ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞ സര്‍ക്കാറിന് ആദിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്ന് കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കണം. ആദിവാസികള്‍ നടത്തുന്നത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്.
സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ അധ്യാപക ഭവനില്‍ സംഘടിപ്പിച്ച “ആദിവാസി ഗ്രാമസഭാ നിയമം കേരളത്തിലെ സാധ്യതകള്‍” ഓപ്പണ്‍ ഫോറം മേധാപട്കര്‍ ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ ജീവിതവും സംസ്‌കാരവും സംരക്ഷിക്കുന്നതിന് വനാവകാശ നിയമം 2006, അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കല്‍ നിയമം, ആദിവാസി ഗ്രാമ പഞ്ചായത്ത് നിയമം 1996 തുടങ്ങിയ നിയമങ്ങള്‍ ഉണ്ടെന്നിരിക്കെ ഇപ്പോഴും ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂരഹിതരായി കഴിയുകയാണ്. അതുകൊണ്ട് ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള രാഷ്ട്രീയ തീരുമാനം എടുപ്പിക്കാന്‍ കഴിയുന്ന തരത്തിലേക്ക് സമരം വളരണമെന്ന് മേധ അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അനുമതി നല്‍കിയ 19,000 ഏക്കര്‍ വനഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ആദിവാസികളുമായി 2002ലാണ് എ കെ ആന്റണി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. ഇതുവരെയും അത് നടപ്പാക്കിയിട്ടില്ല. അട്ടപ്പാടിയില്‍ ആദിവാസി കുട്ടികള്‍ പട്ടിണിമൂലം മരിക്കുകയാണ്. ഇത് കേരളത്തിനാകെ അപമാനമാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ ആദിവാസി സമരം നടക്കുന്നുണ്ട്. വ്യവസായി ഇടനാഴി സ്ഥാപിക്കുന്നതിന് ആദിവാസി ഭൂമിയാണ് പല സംസ്ഥാനങ്ങളിലും ഏറ്റെടുക്കുന്നത്. സമരങ്ങളെ തുടര്‍ന്നാണ് വനാവകാശ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയമങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. വനവിഭവങ്ങളും ഭൂമിയും ആദിവാസികളില്‍നിന്ന് കൈയേറ്റക്കാര്‍ നിയമപരമായും അല്ലാതെയും തട്ടിയെടുക്കുകയാണ്.
വനാവകാശം നിയമവും പെസ നിയമവും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായകണം. സി കെ ജാനു അധ്യക്ഷത വഹിച്ചു. എം ഗീതാനന്ദന്‍ വിഷയാവതരണം നടത്തി. സി ദിവാകരന്‍, ഷഹീര്‍ ജി അഹമ്മദ്, മോഹനന്‍ ത്രിവേണി, പി ആര്‍ റെജി, കെ ജയകുമാര്‍, എസ് ജയകുമാര്‍, ടി പീറ്റര്‍, ശശി പന്തളം, ജോണ്‍ പെരുവന്താനം, കലഞ്ഞൂര്‍ സന്തോഷ്, എസ് അനിത, വിജയരാഘവന്‍ ചേലിയ, ഹരിലാല്‍ സംസാരിച്ചു.

Latest