ദേര ഐലന്റില്‍ രാത്രികാല ചന്ത വരുന്നു

Posted on: December 14, 2014 6:07 pm | Last updated: December 14, 2014 at 6:07 pm

chanthaദുബൈ: ദേര ഐലന്റില്‍ 5,300 കടകളും 100 റസ്റ്റോറന്റുകളും ഉള്‍പെടുന്ന രാത്രികാല ചന്ത (നൈറ്റ് സൂഖ്) സ്ഥാപിക്കാന്‍ നഖീല്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ദേര തീരക്കടലില്‍ രണ്ടുകിലോമീറ്ററിലാണ് രാത്രികാല ചന്ത സ്ഥാപിക്കുക. പരമ്പരാഗത അറബ് ചന്തയായിരിക്കും ഇതെന്ന് അധികൃതര്‍ അറിയിച്ചു.
മിക്ക കടകളും റസ്റ്റോറന്റുകളും ഇതിനകം തന്നെ ലേലത്തില്‍ പോയിട്ടുണ്ട്. ദേരയെയും രാത്രികാല ചന്തയെയും പാലം വഴിയും ബോട്ടു വഴിയും ബന്ധിപ്പിക്കും. മികച്ച ചില്ലറ വില്‍പന കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും ഇത് മാറും.
21 കിലോമീറ്റര്‍ തീരത്ത് നഖീല്‍ നേരത്തെ തന്നെ നിര്‍മാണം തുടങ്ങിയിരുന്നു. ഇതിനു പുറമെയാണ് രാത്രികാല ചന്ത. 45 ലക്ഷം ചുതരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിലമൊരുക്കുന്നത്.
250 മുറികളുള്ള ഹോട്ടല്‍, 30,000 പേര്‍ക്ക് ആംഫി തിയേറ്റര്‍ തുടങ്ങിയവയും ദേര ഐലന്റില്‍ ഒരുക്കുന്നു. നാലു ഭാഗങ്ങളാണ് ദേര ഐലന്റിന് ഉണ്ടാവുകയെന്ന് അധികൃതര്‍ അറിയിച്ചു.