മരുഭൂമി ജീവിതത്തെയും ഒട്ടകങ്ങളെയും സ്‌നേഹിക്കുന്ന ഫാത്വിമ ‘ലോകപ്രശസ്ത’യായി

Posted on: December 14, 2014 6:03 pm | Last updated: December 14, 2014 at 6:03 pm

fathimaദുബൈ: വാര്‍ധക്യത്തിലും മരുഭൂമിയെയും ഒട്ടകങ്ങളെയും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഫാത്വിമ അലി എന്ന ബദൂവിയന്‍ സ്ത്രീയെക്കുറിച്ചുള്ള ഡോക്യുമെന്ററി ദുബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധേയമായി. എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ദുബൈയിലെ നുജൂം അല്‍ ഗാനിമാണ് ‘സമാ ഗര്‍ബിയ’ (നിയര്‍ബൈ സ്‌കൈ) സംവിധാനം ചെയ്തത്.
ഗര്‍ബിയയിലെ ഒട്ടക മത്സരത്തിന് ഒട്ടകവുമായി എത്തുന്ന ഫാത്വിമയുടെ പ്രാര്‍ഥനയോടെയാണ് ഡോക്യുമെന്ററിയുടെ തുടക്കം. പുരുഷന്‍മാര്‍ മാത്രം മത്സരത്തിനെത്തുന്നിടത്ത് ഫാത്വിമക്കെന്ത് കാര്യം എന്ന ചോദ്യം പലഭാഗത്തു നിന്നും ഉയരുന്നു. എന്നാല്‍, ഒട്ടകങ്ങള്‍ തനിക്ക് മക്കളെപ്പോലെയാണെന്നും തന്റെ ഒട്ടകങ്ങള്‍ക്കാണ് സൗന്ദര്യം കൂടുതലെന്നും അവ ലോകത്തെ അറിയിക്കാനാണ് ശ്രമമെന്നും ഫാത്വിമ പറയുന്നു.
സുഡാനിയായ മുഹമ്മദാണ് ഫാത്വിമയുടെ സഹായത്തിനുള്ളത്. സുഡാനിയെ മകനെപ്പോലെ ഇഷ്ടമാണെങ്കിലും ഒട്ടക പരിപാലനത്തില്‍ വീഴ്ചവരുത്തിയാല്‍ ശാസിക്കുകയും പരിഹസിക്കുകയും ചെയ്യും. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍, യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരോട് ഫാത്വിമക്ക് ആദരവാണ്. സ്ത്രീകളെ ശാക്തീകരിച്ചത് ശൈഖ് സായിദാണെന്ന് ഫാത്വിമ വിശ്വസിക്കുന്നു.
ഒട്ടക മത്സരത്തില്‍ ഫാത്വിമ വിജയിക്കാറില്ല. മത്സരത്തിന്റെ നടപടിക്രമങ്ങള്‍ ഫാത്വിമ പാലിക്കാത്തതാണത്രെ കാരണം. എന്നാലും എല്ലാവര്‍ഷവും മത്സരത്തിനെത്തും. ഒട്ടകങ്ങളോടുള്ള സ്‌നേഹമാണ് കാരണം. മാതാവ് ഒട്ടക മത്സരത്തിനെത്തുന്നത്, മകന്‍ മുഹമ്മദിന് അദ്ഭുതമായിരുന്നു. പിന്നീട് മകന്‍ പ്രോത്സാഹിപ്പിച്ചു. ഒടുവില്‍ ഒരു മത്സരത്തില്‍ ഫാത്വിമ സമ്മാനം നേടുകയും ചെയ്തു.
മരുഭൂമിയുടെയും ഒട്ടകങ്ങളുടെയും ബദൂവിയന്‍ ജീവിതത്തിന്റെയും വിവിധ ഭാവങ്ങള്‍ ആലേഖനം ചെയ്തുവെന്നതാണ് നിയര്‍ ബൈ സ്‌കൈയുടെ സവിശേഷത. മാസങ്ങളോളം മരുഭൂമിയില്‍ ഫാത്വിമയോടൊപ്പം ചെലവഴിച്ചാണ് ചിത്രീകരണം സാധ്യമായതെന്ന് സംവിധായിക നുജൂം അല്‍ ഗാനിം സിറാജിനോട് പറഞ്ഞു. മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം ഫാത്വിമയും നുജൂം അല്‍ ഗാനിമും അണിയറ പ്രവര്‍ത്തകരും കാണികളോടു സംസാരിച്ചു. നിരക്ഷരരായ ഒരു സ്ത്രീയുടെ അസാധാരണമായ ഇച്ഛാശക്തിയുടെയും ജീവകാരുണ്യത്തിന്റെയും മഹത്തായ നേര്‍കാഴ്ചയാണ് നിയര്‍ബൈ സ്‌കൈയെന്ന് വിദേശ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ഈ സിനിമ കണ്ട് തന്നെ അമേരിക്കക്കാരോ ഫ്രഞ്ചുകാരോ മറ്റോ അവരുടെ രാജ്യത്തേക്ക് ക്ഷണിച്ചാല്‍ തന്റെ ഒട്ടകങ്ങളെയും കൂടെ കൂട്ടുമെന്ന് ഫാത്വിമ പറഞ്ഞത് കൂട്ടച്ചിരിക്കിടയാക്കി.