Connect with us

Malappuram

പെരുമ്പടപ്പില്‍ ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Published

|

Last Updated

ചങ്ങരംകുളം: പെരുമ്പടമ്പ് ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ആടുകള്‍ അജ്ഞാത രോഗം ബാധിച്ച് ചത്തൊടുങ്ങുന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി ആറോളം ആടുകളാണ് കുഴഞ്ഞു വീണ് ചത്തത്. പെരുമ്പടപ്പ് പഞ്ചായത്തിലെ ആമയം പാണക്കാട്ട് ഖാലിദിന്റെ വീട്ടിലെ രണ്ട് ആടുകളും പാണ്ടോത്തേല്‍ നൗഷാദിന്റെ വീട്ടിലെ നാല് ആടുകളുമാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. പൂര്‍ണ ആരോഗ്യത്തിലുള്ള വളര്‍ത്ത് ആടുകളായിരുന്നു ഇവ. പെട്ടെന്നുള്ള അവശതയും തൂക്കവും പ്രകടിപ്പിച്ച് പൊടുന്നനെ കുഴഞ്ഞ് വീണ് ചാവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധി ചെറുകിട കര്‍ഷകരുള്ള പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തില്‍ കന്നുകാലികളിലെ അജ്ഞാത രോഗം ഗ്രാമീണരില്‍ ഏറെ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. കുട്ടനാടന്‍ മേഖലയില്‍ ഭീതി പടര്‍ത്തിയ പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആടുകളിലെ രോഗം മറ്റു കന്നുകാലികളിലേക്കും വ്യാപിക്കുമോയെന്ന ആശങ്കയിലാണ്. പ്രദേശങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

Latest