Connect with us

Wayanad

നീലഗിരിയില്‍ അപ്രതീക്ഷിത മഴ: കര്‍ഷകര്‍ ദുരിതത്തിലായി

Published

|

Last Updated

ഗൂഡല്ലൂര്‍: അപ്രതീക്ഷിത മഴ നീലഗിരി ജില്ലയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ഏക്കര്‍ കണക്കിന് നെല്‍ കൃഷിയാണ് മഴയില്‍ നശിച്ചുപോയത്. വിവിധ ഭാഗങ്ങളിലെ കര്‍ഷകര്‍ ഇത്കാരണം വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. കൊയ്ത്ത് തുടങ്ങിയതിന് ശേഷമാണ് മഴ വര്‍ഷിക്കാന്‍ തുടങ്ങിയത്. ഒരാഴ്ചയോളമായി നീലഗിരിയില്‍ മഴ പെയ്തുവരികയാണ്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കിലെ കര്‍ഷകരാണ് ഏറെ പ്രയാസത്തിലായിരിക്കുന്നത്. തൊഴിലാളികളുടെ അഭാവവും വന്യജീവികളുടെ ശല്യവും കാരണം കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ മഴ വര്‍ഷിച്ചത്. പൊതുവെ കര്‍ഷകര്‍ ഇപ്പോള്‍ നെല്ല് കൃഷി ചെയ്യാന്‍ തയ്യാറാകുന്നില്ല. അതിനിടക്കാണ് മഴപെയ്ത് നാശം വിതച്ചത്. മഴ തുടര്‍ന്നാല്‍ നെല്‍ കൃഷിയെ കൂടാതെ മറ്റ് കൃഷികള്‍ക്കും ഇത് നാശമായിരിക്കും. കുരുമുളകിനും, കാപ്പി കൃഷിക്കും ഇത് വലിയ ബുദ്ധിമുട്ടാണ്. കുരുമുളക് നിലത്ത് വീഴാന്‍ സാധ്യതയുണ്ട്. ഇത് കര്‍ഷകരെ കാര്യമായി ബാധിക്കും. കാപ്പിയും പറിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകും. ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, കുന്നൂര്‍, കോത്തഗിരി താലൂക്കുകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും ഇടിയോടുകൂടിയുള്ള മഴയാണ് പെയ്യുന്നത്.
ഊട്ടി: കുന്നൂര്‍ മേഖലയില്‍ കനത്ത മഴ രണ്ട് വീടുകള്‍ തകര്‍ന്നു. കുന്നൂര്‍ സ്വദേശി രവി, അണ്ണാനഗര്‍ സ്വദേശി ചിന്നന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അത്ഭുതകരമായാണ് കുടുംബങ്ങള്‍ രക്ഷപ്പെട്ടത്. സംഭവസമയത്ത് രവി, ഭാര്യ ശാന്തി, മകള്‍ അഗ്മിത എന്നിവരും ചിന്നവനും കുടുംബങ്ങളും വീട്ടിനുള്ളിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഊട്ടി, കുന്നൂര്‍ മേഖലയില്‍ നാല് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. ഇടിയോടുകൂടിയ മഴയില്‍ വ്യാപക നാശമാണ് സംഭവിച്ചത്. ഊട്ടി-മേട്ടുപാളയം പാതയിലെ നിരവധി സ്ഥലങ്ങളില്‍ മരംവീണ് വാഹനഗതാഗതം തടസപ്പെട്ടു. കുന്നൂരില്‍ മാത്രം ഒരു ദിവസം 102 മി.മീ മഴയാണ് വര്‍ഷിച്ചത്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിട്ടുണ്ട്. വിവരമറിഞ്ഞ് റവന്യുവകുപ്പ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.