Connect with us

Wayanad

ഗതാഗത പരിഷ്‌കാരം; പരാതികളില്ലാതെ ആദ്യ ദിനം

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരത്തില്‍ ഗതാഗത പരിഷ്‌കാരം തുടങ്ങി. ആദ്യ ദിനം കാര്യമായ ഗതാഗത പ്രശ്‌നങ്ങളില്ലാതെയാണ് പുതിയ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങിയത്. അങ്ങാടിപ്പുറം ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ ഇനി മുതല്‍ ഒരാഴ്ചക്കാലത്തേക്ക് ബൈപാസിലൂടെ കടന്നു പോവാതെ നേരെ ടൗണില്‍ പ്രവേശിക്കും.
ബൈപ്പാസ് റോഡിലൂടെ പ്രവേശിച്ച് ഊട്ടി റോഡിലൂടെ മനഴി സ്റ്റാന്‍ഡില്‍ എത്തുന്ന സമ്പ്രദമായമായിരുന്നു നിലവില്‍. എന്നാല്‍ ബസുടമകളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന് യോഗത്തില്‍ വെച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ട്രാഫിക് പരിഷ്‌കരണം അനുവദിച്ചത്. ട്രാഫിക് പരിഷ്‌കരണത്തിന് പെരിന്തല്‍മണ്ണ നഗരസഭ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബൈപാസ് മുതല്‍ ടൗണ്‍ ജംഗ്ഷന്‍ വരെ നേര്‍വഴി ബസുകള്‍ പ്രവേശിച്ചാല്‍ നിലവില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് വര്‍ധിക്കുവാനേ സഹായിക്കൂവെന്ന നിലപാടിലാണ് നഗരസഭ.
ഇന്നലെ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ കാര്യമായ ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്നും ഇതെ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ തിങ്കളാഴ്ച നഗരത്തില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സ്വകാര്യ ബസിലെ ജീവനക്കാര്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ ബസ് അസോസിയേഷന്‍ നേതാക്കള്‍ ഇതിനകം നല്‍കിയതായും അറിയുന്നു. യാതൊരു കാരണവശാലും ഈ ഒരാഴ്ചത്തേക്കെങ്കിലും കലക്ടറുടെ ചേംബറില്‍ നടന്ന യോഗ തീരുമാനപ്രകാരം ശ്രദ്ധിക്കേണ്ടതാണെന്ന് ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ ടൗണിലെ പുതിയ ട്രാഫിക് പരിഷ്‌കാരം പുനര്‍ചിന്തനം നടത്തണമെന്ന് പെരിന്തല്‍മണ്ണ ഏരിയാ കമ്മിറ്റി-സി ഐ ടി യു ആവശ്യപ്പെട്ടു.