Connect with us

Articles

അമേരിക്കയുടെ വലിപ്പത്തരങ്ങള്‍!

Published

|

Last Updated

പാശ്ചാത്യ ഉത്കൃഷ്ടതാ വാദത്തിന്റെ നെഞ്ച് തകര്‍ക്കുന്ന നിരവധി വാര്‍ത്തകള്‍ പെയ്തിറങ്ങിയ വാരങ്ങളാണ് കടന്നുപോയത്. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ അമേരിക്കന്‍ നിയമ, ഭരണ വ്യവസ്ഥ കാണിക്കുന്ന ക്രൂരമായ വിവേചനം ഉയര്‍ത്തിവിട്ട പ്രതിഷേധം ഇന്നും അടങ്ങിയിട്ടില്ല. അത് യു എസ് ജനസാമാന്യത്തിന്റെ ബോധ നിലവാരത്തെ സ്വാധീനിക്കാന്‍ പോന്ന മഹാ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. കറുത്തവന്റെ മാത്രം പ്രശ്‌നമായി ഈ വിവേചനത്തെ കാണാനാകില്ലെന്ന് മനസ്സ് കറുത്തുപോയിട്ടില്ലാത്ത വെളുത്തവരും ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കറുത്ത പ്രസിഡന്റ് ഭരിക്കുമ്പോള്‍ വംശീയ വിവേചനം അതിന്റെ പാരമ്യത്തിലെത്തുന്നത് പ്രസിഡന്റിനോട് തന്നെയുള്ള വെല്ലുവിളിയാണെന്ന വിലയിരുത്തലും ശക്തമാകുന്നു. ലോകത്ത് അമേരിക്കന്‍ മേധാവിത്വ പ്രഖ്യാപനത്തില്‍ കങ്കാണിയായി എന്നും കൂടെ നിന്നിട്ടുള്ള ബ്രിട്ടനിലെയും രാഷ്ട്രീയ മണ്ഡലത്തില്‍ പ്രശ്‌നങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ട്. ഇതിനിടക്കാണ് അമേരിക്കന്‍ ചാരംസംഘടനയായ സി ഐ എ തടവുകാരോട് കാണിച്ച ക്രൂരമായ പീഡനമുറകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ചൂടുവെള്ളത്തില്‍ മുക്കുക, ഐസ് പരുവത്തിലുള്ള വെള്ളത്തില്‍ ഇറക്കി നിര്‍ത്തുക, ജനനേന്ദ്രിയത്തില്‍ സൂചി കയറ്റുക, കൈയും കാലും ബന്ധിച്ച് മര്‍ദിക്കുക, മുഖത്ത് തുപ്പുക, കുടുസു മുറിയില്‍ അടയ്ക്കുക, ലൈംഗികമായി പീഡിപ്പിക്കുക, ഉറങ്ങാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ് പീഡനമുറകള്‍. അവഹേളനങ്ങളും വംശീയ അധിക്ഷേപങ്ങളുമാണ് ഏറ്റവും ക്രൂരം. തടവുകാരില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ മനശ്ശാസ്ത്രജ്ഞന്‍മാരെ നിയോഗിച്ചിരുന്നു. ഇരകളുടെ ഭാര്യയെയും കുട്ടികളെയും വിളിച്ച് ഭീഷണിപ്പെടുത്തും. വേണമെങ്കില്‍ അതത് രാജ്യങ്ങളില്‍ ചെന്ന് സി ഐ എ ചാരന്‍മാര്‍ ഇരയുടെ ബന്ധുവിനെ കാണും. അവരെയും മാനസികമായി തകര്‍ക്കുകയാണ് ലക്ഷ്യം. അവര്‍ കരയുന്നതിന്റെയും കേഴുന്നതിന്റെ ദൃശ്യങ്ങള്‍ തടവറയില്‍ എത്തിക്കും.
അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് മേല്‍ ചുമത്തിയ ഭീകര കുറ്റങ്ങള്‍ “തെളിയിക്കാനാ”ണ് ഈ പീഡനം. ഗ്വാണ്ടനാമോയില്‍ നിന്നും അബൂഗരീബില്‍ നിന്നുമൊക്കെ ഇത്തരം ക്രൂരതകള്‍ പുറത്തേക്ക് വന്നതാണ്. ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ക്ക് ഒരു വിശേഷമേ ഉള്ളൂ. അത് പുറത്തുവിട്ടത് അമേരിക്കന്‍ അധികാരികള്‍ തന്നെയാണ്. 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പലരാജ്യങ്ങളില്‍ നിന്നായി സംശയത്തിന്റെ പേരില്‍ പിടികൂടിയ തടവുകാരോട് സി ഐ എ കാണിച്ച മര്‍ദനമുറകള്‍ യു എസ് സെനറ്റിന്റെ ഇന്റലിജന്‍സ് കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. പ്രമുഖ പത്രങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും വെബ്‌സൈറ്റുകളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് താഴെ വായനക്കാര്‍ നടത്തിയ പ്രതികരണം വായിച്ചാല്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ കൊണ്ട് എന്താണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകും. ഗാര്‍ഡിയനില്‍ വന്ന ഒരു കമന്റ് മാത്രം പരിശോധിക്കാം. “ലോകത്ത് എല്ലാ രാഷ്ട്രങ്ങളിലും കുറ്റാന്വേഷണത്തിന്റെ ഭാഗമായി മര്‍ദനങ്ങള്‍ നടക്കുന്നുണ്ട്. പലയിടങ്ങളിലും കസ്റ്റഡി മരണങ്ങള്‍ പതിവാണ്. കുറ്റവാളിയെ തലോടിയിട്ട് കാര്യമില്ലല്ലോ. പക്ഷേ, ഈ ക്രൂരതകള്‍ സ്വയം പുറത്തുവിടാന്‍ അമേരിക്കക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. മനുഷ്യാവകാശങ്ങളോട് അമേരിക്കന്‍ ഭരണകൂടത്തിനുള്ള പ്രതിബദ്ധതയല്ലാതെ മറ്റെന്താണ് ഇതില്‍ നിന്ന് തെളിയുന്നത്? എല്ലാ രാജ്യങ്ങളും അവര്‍ തടവുകാരോട് കാണിച്ച ക്രൂരതകള്‍ പുറത്തുവിടുകയാണെങ്കില്‍ സി ഐ എയുടെ നടപടി അത്ര ഗുരുതരമല്ലെന്ന് വ്യക്തമാകും” ദീര്‍ഘമായ കമന്റിന്റെ രത്‌നച്ചുരുക്കം ഇതാണ്. ഇത് ഒരാളുടെ അഭിപ്രായമല്ല. അഭിപ്രായം രേഖപ്പെടുത്താത്ത കോടിക്കണക്കായ മനുഷ്യരുടെ ബോധമാണ് അത്.
ഇതര രാജ്യങ്ങളുടെ മനുഷ്യാവകാശ നിലവാരം, അവിടങ്ങളിലെ വിവേചനം, സ്ത്രീ സുരക്ഷ, മതസ്വാതന്ത്ര്യം, സാമ്പത്തിക നില, രാഷ്ട്രീയ സുസ്ഥിരത തുടങ്ങിയ മേഖലകളിലെല്ലാം അമേരിക്കന്‍ അധികാരികള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാറുണ്ട്. അന്യന്റെ രഹസ്യങ്ങളിലേക്ക് യാതൊരു നാണവുമില്ലാതെ ഒളിഞ്ഞ് നോക്കിയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാറുള്ളത്. ചൈനയെയും മറ്റ് പൗരസ്ത്യ രാജ്യങ്ങളെയും അപമാനിക്കലാണ് പൊതു ലക്ഷ്യം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള ന്യായീകരണമായും ഈ റിപ്പോര്‍ട്ടുകള്‍ പ്രയോജനപ്പെടുത്തുന്നു. അമേരിക്ക നടത്തുന്ന “കണ്ടെത്തലു”കള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രചാരമാണ് നല്‍കുക. ഇവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ക്ക് മേല്‍ അസ്ഥിര രാഷ്ട്രം, പരാജിത രാഷ്ട്രം, തിന്‍മയുടെ അച്ചു തണ്ട്, തെമ്മാടി രാഷ്ട്രം എന്നിങ്ങനെയുള്ള മുദ്രകളും ചാര്‍ത്തും. എണ്ണ സമ്പന്ന രാഷ്ട്രങ്ങളെ വെടക്കാക്കി തനിക്കാക്കാനും മറ്റുള്ളവയെ അപമാനിച്ച് ഒറ്റപ്പെടുത്താനുമാണ് ഈയടുത്ത കാലത്ത് ഇത്തരം റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് വന്നത്. എന്തോ ആധികാരിക രേഖയെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഈ പരദൂഷണങ്ങള്‍ അതത് രാഷ്ട്രങ്ങളില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. അവിടെ ഇവ രാഷ്ട്രീയ ആയുധമായി മാറും. വ്യാപാര രംഗത്ത് തിരിച്ചടിക്ക് കാരണമാകും. അന്താരാഷ്ട്ര സഹായം നിഷേധിക്കപ്പെടുന്നതിലേക്ക് നയിക്കും. അതൊന്നും പക്ഷേ, അമേരിക്ക ഗൗനിക്കാറില്ല. ചില താത്കാലിക ലക്ഷ്യങ്ങള്‍ക്കായി ഇത്തരം അധിക്ഷേപങ്ങള്‍ തുടരും. ഇസ്‌റാഈലിനെ കൃത്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് പോലും അമേരിക്കന്‍ ബുദ്ധികേന്ദ്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്നോര്‍ക്കണം.
അപ്പോള്‍ സെനറ്റ് ഇന്റലിജന്‍സിന്റെ സി ഐ എ റിപ്പോര്‍ട്ട് ഒരു വിശ്വാസ്യതാ പ്രഖ്യാപനമാണ്. “ഇതാ ഞങ്ങള്‍ സ്വയം വിമര്‍ശത്തിന് തയ്യാറായിരിക്കുന്നു. അത് ഞങ്ങള്‍ക്ക് മാത്രം സാധിക്കുന്നതാണ്. മൂല്യങ്ങളോട് ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയാണ് തെളിയുന്നത്” ഇതാണ് യു എസിന്റെ ഉള്ളിലിരിപ്പ്. പക്ഷേ ഈ വാദം വരവ് വെക്കും മുമ്പ് ഒരു കാര്യം ശ്രദ്ധിക്കണം. അഞ്ച് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 6000 പേജുള്ള റിപ്പോര്‍ട്ടാണ് സി ഐ എ തയ്യാറാക്കിയത്. അതില്‍ വെറും 480 പേജേ പുറത്ത് വിട്ടിട്ടുള്ളൂ. ബാക്കി രഹസ്യം തന്നെയാണ്. ഒരിക്കലും പുറത്തുവരാത്ത രഹസ്യം. ഇപ്പോള്‍ ലോകത്തിന് മുമ്പിലുള്ളത് നേര്‍പ്പിച്ച സത്യങ്ങളാണെന്നര്‍ഥം. പ്രതിച്ഛായാ നിര്‍മാണത്തിനുള്ള ചെപ്പടിവിദ്യയാണ് റിപ്പോര്‍ട്ടെന്നതിന് തെളിവ് പ്രസിഡന്റ് ബരാക് ഒബാമയുടെ വാക്കുകള്‍ തന്നെയാണ്. സി ഐ എയുടെ മര്‍ദനമുറകള്‍ അമേരിക്കന്‍ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത്തരം ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കപ്പെടരുതെന്ന ഓര്‍മപ്പെടുത്തലാണ് റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നതെന്നും ഒബാമ പറയുന്നു.
ഇവിടെ സി ഐ എയെയും അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തെയും വേര്‍തിരിക്കാനുള്ള ശ്രമം കൂടി നടക്കുന്നുണ്ട്. സി ഐ എയെന്നത് ഒരു ഉദ്യോഗസ്ഥ സംവിധാനമാണെന്നും അവര്‍ സ്വന്തം നിലക്ക് ചെയ്യുന്ന വഴിവിട്ട കാര്യങ്ങളില്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമില്ലെന്നും ബരാക് ഒബാമയടക്കമുള്ളവരുടെ വാക്കുകളില്‍ ഉണ്ട്. ഏത് അക്രമി രാഷ്ട്രത്തിന്റെയും പൊതു സ്വഭാവമാണ് അത്. എന്നാല്‍ ഒരിക്കലും ഉദ്യോഗസ്ഥര്‍ വ്യക്തിപരമായല്ല ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തുന്നത് എന്നതാണ് വസ്തുത. ശത്രു സൈനികനെ ഒരു പട്ടാളക്കാരന്‍ വധിക്കുന്നത് അയാള്‍ക്ക് വ്യക്തിപരമായ ശത്രുതയുളളത് കൊണ്ടല്ല. അയാളിലെ സൈനിക ഉദ്യോഗസ്ഥനാണ് അത് ചെയ്യുന്നത്. ഉത്തരവുകളുടെയും നയങ്ങളുടെയും നടത്തിപ്പുകാരന്‍ മാത്രമാണ് അയാള്‍. ഇത് സി ഐ എ എന്ന സംവിധാനത്തിനും ബാധകമാണ്. തീര്‍ച്ചയായും അതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ അക്രമാസക്ത അമേരിക്കന്‍ വികാരത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായിരിക്കും. പക്ഷേ, രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവും സമ്മതവുമില്ലാതെ അവര്‍ക്ക് ഇത്രമേല്‍ ക്രൂരമായി പെരുമാറാനാകില്ല.
ഈ സത്യം ജോര്‍ജ് ബുഷിന് കീഴില്‍ വൈസ് പ്രസിഡന്റായിരുന്ന ഡിക് ചെനി കൃത്യമായി പറഞ്ഞുകഴിഞ്ഞു. “എല്ലാം പ്രസിഡന്റ് ബുഷിനെ അപ്പപ്പോള്‍ അറിയിച്ചിരുന്നു. അദ്ദേഹം അറിയേണ്ടതും അറിയാന്‍ ആഗ്രഹിച്ചതുമെല്ലാം അറിയിച്ചു. പറഞ്ഞാല്‍ അനുസരിക്കാത്ത തെമ്മാടികളെപ്പോലെയാണ് സി ഐ എ പ്രവര്‍ത്തിച്ചിരുന്നതെന്ന ധാരണ തെറ്റാണ്. സി ഐ എ രാഷ്ട്രീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് വാദിക്കുന്ന സെനറ്റ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണ്- ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചെനി തുറന്നടിക്കുന്നു.
അരക്ഷിതാബോധം തലക്ക് പിടിച്ച ജനതയാണ് അമേരിക്കയിലുള്ളത്. തങ്ങളെ ആരൊക്കയോ ആക്രമിക്കാന്‍ വരുന്നുവെന്ന ഉള്‍ഭയത്തിന്റെ ഇരകളാണ് അമേരിക്കക്കാര്‍. അവരുടെ ഭരണകര്‍ത്താക്കള്‍ സൃഷ്ടിച്ചെടുത്തതാണ് ഈ പേടി. എപ്പോഴൊക്കെ ഈ പേടി മങ്ങുന്നുവോ അപ്പോഴൊക്കെ പുതിയ ആക്രമണ മുനകള്‍ തുറന്നുകൊണ്ട് ഈ ഭയത്തെ പൊലിപ്പിച്ച് നിര്‍ത്തുന്നു. അങ്ങനെ എല്ലാ ആക്രമണങ്ങളുടെയും സാമ്പത്തിക ബാധ്യത അമേരിക്കന്‍ നികുതിദായകര്‍ വഹിച്ചുകൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സി ഐ എ കാണിച്ചത് ക്രൂരതയേ അല്ല. തങ്ങളെ സുരക്ഷിതരാക്കുന്നതിനുള്ള പുണ്യപ്രവൃത്തിയാണ്.
അമേരിക്കന്‍ ഉദ്യോഗസ്ഥ, പോലീസ് സംവിധാനം എക്കാലത്തെയും വലിയ വംശീയ വിവേചനത്തിലേക്കും അക്രമാസക്തതയിലേക്കും കൂപ്പുകുത്തുന്ന ഘട്ടത്തിലാണ് സെനറ്റ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് എന്നതും പ്രധാനമാണ്. ഫൊര്‍ഗ്യൂസനില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്ന ഡാരന്‍ വില്‍സണ്‍ എന്ന വെള്ളക്കാരന്‍ പോലീസിനെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടത് കഴിഞ്ഞ മാസമാണ്. ഡാരന്‍ വില്‍സണ്‍ വിചാരണയിലുടനീളം ബ്രൗണിനെ “അത്” എന്നാണ് വിശേഷിപ്പിച്ചത്. “അത്” എന്റെ നേര്‍ക്ക് പാഞ്ഞടുത്തു; അത് അപ്പോള്‍ ഒരു പിശാചിനെപ്പോലെയായിരുന്നു എന്നൊക്കെയാണ് വില്‍സണ്‍ വാദിച്ചത്. എന്നുവെച്ചാല്‍ കറുത്തവനെ “അവന്‍” എന്നോ “അയാള്‍” എന്നോ സംബോധന ചെയ്യാവുന്ന മനുഷ്യനായിപ്പോലും വെളുത്ത പോലീസ് കാണുന്നില്ലെന്ന് തന്നെ. മാന്‍ഹട്ടനില്‍ എറിക് ഗാര്‍ണര്‍ എന്ന അമേരിക്കന്‍- ആഫ്രിക്കന്‍ വംശജനെ ഒരു സംഘം വെളുത്ത പോലീസുകാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. നികുതിയടക്കാത്ത സിഗരറ്റ് കരിഞ്ചന്തയില്‍ വിറ്റുവെന്നതായിരുന്നു ഗാര്‍ണറുടെ കുറ്റം. പേലീസ് കഴുത്തിന് കുത്തിപ്പിടിക്കുമ്പോള്‍, കടുത്ത ആസ്ത്മാ രോഗിയായ ഗാര്‍ണര്‍ “എനിക്ക് ശ്വാസം മുട്ടുന്നു” എന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എന്നിട്ടും പിടിവിട്ടില്ല. ഗാര്‍ണര്‍ തത്ക്ഷണം മരിച്ചു. ഈ കേസ് കോടതിയില്‍ എത്തിയപ്പോഴും പോലീസിനെ വെറുതെ വിട്ടു. ഇവിടെ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. പോലീസിനെ മാത്രമല്ല, നീതിന്യായ വിഭാഗത്തെയും വംശീയ വെറി കീഴടക്കിയിരിക്കുന്നുവെന്നതാണ് പ്രധാനം. കറുത്ത വര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ പോലും നീതി നടപ്പാക്കാന്‍ വെളുത്ത പോലീസുകാരെ തന്നെ കൂടുതലായി നിയോഗിക്കുന്നുവെന്നത് രണ്ടാമത്തെ കാര്യം. വംശീയ സംഘട്ടനങ്ങള്‍ക്ക് ഭരണകൂടം തന്നെ ഒത്താശ ചെയ്യുന്നുവെന്നര്‍ഥം.
ഇവിടെയും ഭരണ നേതൃത്വം പോലീസിനെ പഴിക്കുകയാണ് ചെയ്തത്. എന്നാല്‍ സത്യമെന്താണ്? ഒരു ഭരണ സംവിധാനം സൃഷ്ടിക്കുമ്പോള്‍ തന്നെ അതിന്റെ സംരക്ഷണത്തില്‍ നിന്ന് പുറത്ത് നിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുണ്ടാകും. ഏത് ലിങ്കണ്‍ വന്നാലും ഏത് നിരോധം വന്നാലും ഏത് ഒബാമ പ്രസിഡന്റായാലും ആ ജനത പുറത്ത് തന്നെയായിരിക്കും. കൊളംബസ് കണ്ടെത്തുകയും അമരിഗോ വെസ്പൂച്ചി സ്ഥിരീകരിക്കുകയും ചെയ്ത അമേരിക്കയിലേക്ക് ഇംഗ്ലണ്ടില്‍ നിന്ന് നാടുകടത്തിയ കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും പിന്‍മുറക്കാരാണ് അവിടുത്തെ വെള്ളക്കാരെന്ന ഒരു വിലയിരുത്തലുണ്ട്. ആധുനിക യു എസിലെ കറുത്ത വര്‍ഗക്കാര്‍ക്ക് “ശ്വാസം മുട്ടു”മ്പോള്‍ ഈ വിലയിരുത്തല്‍ കൂടുതല്‍ ചരിത്രപരമാകുകയാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്