Connect with us

Editorial

ഭരണാധികാരികള്‍ പ്രജകള്‍ക്ക് മാതൃകയാകണം

Published

|

Last Updated

ഒരു “കുടക്ക്” കീഴില്‍ പ്രവര്‍ത്തിക്കുന്ന 200 സ്വകാര്യ ചിട്ടിസ്ഥാപനങ്ങളും നിക്ഷേപ സമാഹരണ സ്ഥാപനങ്ങളുടെയും കൂട്ട് സംരംഭമാണ് ശാരദ കമ്പനി. ഉടമ സുദീപ്‌തോ സെന്‍. 17 ലക്ഷം നിക്ഷേപകരുടെ 3500 കോടി രൂപ കമ്പനി വഞ്ചിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 34,000 കോടി രൂപ കമ്പനി വുഴുങ്ങിയെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ചുരുങ്ങിയത് 14 നിക്ഷേപകര്‍ ഇതിനകം ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിന് പുറമെ അസം, ത്രിപുര, ബീഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ശാരദ ചിട്ടിക്ക് വേരുകളുണ്ട്. “ഒരു തുള്ളി വെള്ളം കടലാക്കാ”ന്‍ വൈഭവമുള്ള മാനേജുമെന്റ്. ഇതെല്ലാമായിരുന്നു ശാരദ ചിട്ടിക്കമ്പനി. കമ്പനിക്ക് തണലായിവര്‍ത്തിച്ച രാഷ്ട്രീയ, കലാ സാംസ്‌കാരിക നേതാക്കളെ കമ്പനി പാരിതോഷികങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിച്ചു. പശ്ചിമ ബംഗാള്‍ ഗതാഗത-കായിക വകുപ്പ് മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളിലൊരാളും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഏറ്റവുമടുത്ത വിശ്വസ്ഥാനുയായിയുമായ മദന്‍ മിത്ര ചിട്ടി തട്ടിപ്പ് കേസില്‍ ഈ പാതകളെല്ലാം പിന്നിട്ട ശേഷം വെള്ളിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടു. മന്ത്രി മിത്ര പ്രതിക്ഷിച്ചതായിരുന്നു അറസ്റ്റെങ്കിലും മുഖ്യമന്ത്രി മമത അത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വേണം അവരുടെ പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കുക. കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയെ ഉപയോഗിച്ച് ബി ജെ പി തൃണമൂല്‍ കോണ്‍ഗ്രസിനെ വേട്ടയാടുകയാണെന്ന് കുറ്റപ്പെടുത്തിയ അവര്‍, തന്നെ കൂടി അറസ്റ്റ്‌ചെയ്യാന്‍ വെല്ലുവിളിക്കുകയും ചെയ്തു. തൃണമൂല്‍ നേതാക്കളും രാജ്യസഭാംഗങ്ങളുമായ കുനാല്‍ ഘോഷ്, ശ്രിഞ്‌ജോയ് ബോസ്, തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രജത് മജുംദാര്‍ എന്നിവരെല്ലാം ഇപ്പോള്‍ ഈ കേസില്‍ അറസ്റ്റിലാണ്. 2013 ഏപ്രിലിലാണ് ശാരദ ചിട്ടിക്കമ്പനി പൊട്ടി പാളീസായത്.
ശാരദാ ഗ്രൂപ്പിന്റെ പ്രധാന പരിപാടികളിലെല്ലാം നിറസാന്നിധ്യമായിരുന്നു മന്ത്രി മിത്ര. ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ വ്യക്തിത്വമെന്ന് ശാരദ മേധാവി സുദീപ്‌തോ സെന്‍ മന്ത്രിയെ വിശേഷിപ്പിക്കുമ്പോള്‍ സ്വന്തം കമ്പനി അട്ട കണക്കെ പാവപ്പെട്ട നിക്ഷേപകരുടെ രക്തം ഊറ്റുകയായിരുന്നു. കമ്പനി പൊട്ടിയതോടെ പോലീസിന്റെ നോട്ടപ്പുള്ളികളായ സുദീപ്‌തോ സെന്‍ അടക്കമുള്ള നടത്തിപ്പുകാര്‍ രക്ഷാമാര്‍ഗങ്ങള്‍ തേടിയെങ്കിലും അതിനിടയില്‍ സുപ്രീം കോടതി കേസന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കിയുരുന്നു. ചോദ്യം ചെയ്യലില്‍ സുദീപ്‌തോ അടക്കമുള്ളവര്‍ നല്‍കിയ മൊഴിയും സി ബി ഐ കണ്ടെടുത്ത രേഖകളും മന്ത്രി മിത്രയെ കുടുക്കാന്‍ വേണ്ടതിലേറെയായിരുന്നു. മന്ത്രിയും മകനും ഉപയോഗിച്ചിരുന്ന കാറുകള്‍ ചിട്ടിക്കമ്പനിയുടേതായിരുന്നു. വണ്ടിക്ക് ഇന്ധനവും കമ്പനി വക. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, ധനദുര്‍വിനിയോഗം, അവിഹിതമായി സാമ്പത്തികാനുകൂല്യങ്ങള്‍ അനുഭവിക്കല്‍ തുടങ്ങിയകുറ്റങ്ങള്‍ക്ക് മന്ത്രി മിത്രക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് പറഞ്ഞാണ് സി ബി ഐ അറസ്റ്റിലേക്ക് നീങ്ങിയത്. ഈ നടപടിയിലെ ശരിയും തെറ്റും വിലയിരുത്തേണ്ടത് വരുംകാലമാണ്.
മലപോലെ വന്ന് മഞ്ഞുപോലെ പോയ കേസന്വേഷണങ്ങള്‍ നാട്ടിലേറെ നടന്നിട്ടുണ്ട്. അധികാര സ്ഥാനങ്ങളില്‍ നിന്നുള്ള ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് എടുത്താല്‍ പൊങ്ങാത്ത പെട്ടിയില്‍ കറന്‍സി നോട്ടുകള്‍ ബേങ്കില്‍ നിന്നും എത്തിച്ച സംഭവത്തിന് തുമ്പില്ലാതായതെങ്ങനെ? കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ ഒരു സംഘം എം പിമാര്‍ക്ക് പണപ്പെട്ടി കാണിക്കയായി നല്‍കിയ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല. അവിശ്വാസത്തെ അതിജീവിക്കാന്‍ പാര്‍ലിമെന്റില്‍ പെട്ടിനിറയെ കറന്‍സിനോട്ടുകള്‍ എത്തിച്ച്, ധനാധിപത്യം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിച്ചിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടോ? ഇതിനെല്ലാം ഇല്ലേ ഇല്ല എന്ന ഒറ്റ മറുപടിയേ നമുക്ക് നല്‍കാനുള്ളു.
ഇപ്പോള്‍ നാട്ടില്‍ ചൂടുപിടിച്ച ചര്‍ച്ചാവിഷയമായിരിക്കുന്ന ശാരദ ചിട്ടി തട്ടിപ്പും, “സെബി”യെ നേക്കുകുത്തിയാക്കി സഹാറ ഗ്രൂപ്പ് അനധികൃതമായി സമാഹരിച്ച പരസഹസ്ര കോടികളുടെ നിക്ഷേപം തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുപോലും തയ്യാറാവാത്ത കൊമ്പന്മാരും വാഴുന്ന നാടാണിത്. സി ബി ഐ അടക്കമുള്ള കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഭരണകൂടങ്ങളുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്നു എന്ന പരാതിയും ശക്തമാണ്. അതിനിടയില്‍, ഈ സി ബി ഐ ആരാണ്?, ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാന്‍ എന്ത് അധികാരമാണ് അവര്‍ക്കുള്ളത്?, ഒരു കേന്ദ്രമന്ത്രിയെ ബംഗാളിലെ പോലീസ് അറസ്റ്റ് ചെയ്താല്‍ കേന്ദ്രത്തിലുള്ള മന്ത്രിമാര്‍ക്ക് എന്ത്‌ചെയ്യാനാകും? എന്നൊക്കെ ചോദിക്കുന്ന രാഷ്ട്രീയ നേതൃത്വം ഏതായാലും ഫെഡറല്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. ഭരണാധികാരികള്‍ പ്രജകള്‍ക്ക് മാതൃകയാവേണ്ടവരാണെന്ന കാര്യവും ആരും വിസ്മരിക്കരുത്.

Latest