കാര്‍ റൈസിംഗില്‍ കമ്പം മൂത്ത് ജോലി ഒഴിഞ്ഞു മത്സരത്തിനിറങ്ങി

Posted on: December 13, 2014 6:56 pm | Last updated: December 13, 2014 at 6:56 pm

car raceഅബുദാബി: കാര്‍ റൈസിംഗില്‍ കമ്പം മൂത്ത മലയാളിയുവാവ് ഉന്നത ജോലി രാജിവെച്ച് മത്സര രംഗത്തിറങ്ങി.
അബുദാബി യാസ് ഐലന്റിലെ യാസ് മറീന റൈസിംഗ് സര്‍ക്യൂട്ടിലെ സേഫ്റ്റി റൈസ് ഓഫീസര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഷിബിന്‍ യൂസുഫാണ് യാസ് മറീന റൈസിംഗ് സര്‍ക്യൂട്ടിലാരംഭിച്ച ടി ആര്‍ ഡി 86 കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ജോലി രാജിവെച്ചത്.
കഴിഞ്ഞ നാല് വര്‍ഷമായി സേഫ്റ്റി ഓഫീസറായി ജോലി നോക്കുന്ന 25 കാരനായ ഷിബിന്‍ യൂസുഫ് ഇന്ത്യയെ പ്രതിനിധീകരിച്ചാണ് റൈസിംഗില്‍ പങ്കെടുക്കുന്നത് മത്സരത്തില്‍ പങ്കെടുക്കാനായി സ്വന്തം പോക്കറ്റില്‍ നിന്ന് 1,60,000 ദിര്‍ഹം ചിലവഴിച്ച് റൈസിംഗ് കാര്‍ വാങ്ങിയ ഷിബിന്‍ യൂസുഫ് ഇന്ത്യക്കു വേണ്ടി സ്വന്തമായി റൈസിംഗ് ടീം രൂപീകരിച്ച് ഇന്ത്യന്‍ പതാക വഹിച്ചാണ് മത്സരത്തില്‍ സംബന്ധിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രാഥമിക മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിരുന്നു.
വളരെ ചെറുപ്പത്തില്‍ തന്നെ കാറോട്ട മത്സരത്തില്‍ കമ്പമുണ്ടായിരുന്ന യുവാവ് 15-ാം വയസില്‍ ദുബൈയിലെത്തി. വീട്ടുകാരുടെ പ്രോത്സാഹനം കൂടി ലഭിച്ചതോടെ കാര്‍ റൈസിംഗില്‍ താത്പര്യം വര്‍ധിച്ചു. നേരത്തെ ദുബൈ ഓട്ടോ ഡ്രമ്മില്‍ (കാര്‍ റൈസിംഗ് സെന്ററില്‍) ജീവനക്കാരനായിരുന്ന ഷിബിന്‍ യൂസുഫിനു ഈ പരിചയം മുന്‍നിര്‍ത്തിയാണ് യാസ് മറീന റൈസിംഗ് സര്‍ക്യൂട്ടില്‍ ജോലി ലഭിച്ചത്.
റൈസിംഗില്‍ താത്പര്യം പ്രകടിപ്പിച്ച ഷിബിന്‍ യൂസുഫ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ലെന്നായിരുന്നു മറുപടിയെന്ന് യുവാവ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ജോലി രാജിവെച്ചതെന്നും, റൈസിംഗിനോടുള്ള അടങ്ങാത്ത ആവേശം മൂലമാണ് സ്വന്തം കീശയില്‍ നിന്ന് വന്‍തുക മുടക്കി കാര്‍ വാങ്ങി മത്സരത്തിനിറങ്ങിയതെന്നും ഷിബിന്‍ യൂസുഫ് വ്യക്തമാക്കി. ഒന്നാം റൗണ്ട് മത്സരത്തില്‍ ഷിബിന്‍ യൂസുഫ് നാലാമതായി ഫിനിഷ് ചെയ്തു തുടര്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.