മൂന്ന് സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം വിളിക്കും: രമേശ് ചെന്നിത്തല

Posted on: December 13, 2014 3:35 pm | Last updated: December 13, 2014 at 11:28 pm

chennithalaകല്‍പ്പറ്റ: വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരെ ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം ഈ രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ മൂന്ന് സംസ്ഥാനങ്ങളുടെയും കൂടി യോജിച്ച പ്രവര്‍ത്തനം അനിവാര്യമായ സാഹചര്യത്തിലാണ് യോഗം.
അതേസമയം, മാവോയിസ്റ്റുകളെ നേരിടാന്‍ കേരള പോലീസ് സജ്ജരാണെന്നും, അത്യാധുനിക ആയുധങ്ങളുടെയും മറ്റും അപര്യാപ്തത നിലവില്‍ കേരള പോലീസിനില്ലെന്നും മന്ത്രി പറഞ്ഞു. പോലീസ് സേനയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തും. തണ്ടര്‍ബോള്‍ട്ട്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് സേനകളുടെ സേവനം മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ട്രൈബല്‍ ഹൈസ്‌കൂളുകളിലും സ്റ്റുഡന്റ് കേഡറ്റ് പദ്ധതി വ്യാപ്പിക്കും. വനമേഖലയിലെ പോലീസ് സ്റ്റേഷനുകള്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കും. ആദിവാസികള്‍ക്കടക്കം നിര്‍ഭയമായി പോലീസ് സ്റ്റേഷനുകളിലേക്ക് കടന്നുചെല്ലാനുള്ള സാഹചര്യമുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വനാതിര്‍ത്തികളില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്കായി പ്രത്യേക പരിശീലനം നല്‍കും. ആദിവാസി മേഖലകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുകയെന്നതാണ് പ്രഥമലക്ഷ്യം. ഇതിന്റെ ഭാഗമായി കോളനിമിത്രം പദ്ധതി നടപ്പിലാക്കും. ഉദ്യോഗസ്ഥര്‍ ബുധനാഴ്ച തോറും കോളനികള്‍ സന്ദര്‍ശിക്കുന്നതാണ് ഈ പദ്ധതി.
കൂടാതെ ട്രൈബല്‍ കോര്‍ഡിനേഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. തിരുനെല്ലി, പനമരം, നൂല്‍പ്പുഴ, മൂപ്പൈനാട്, പുല്‍പ്പള്ളി തുടങ്ങിയ അഞ്ച് പഞ്ചായത്തുകളിലായി 65 കോടി രൂപയുടെ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തും. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ ആദിവാസി മേഖലയുടെ ഉന്നമനത്തിനായി അഞ്ച് കോടി രൂപയുടെ പ്രത്യേക പദ്ധതിയും നടപ്പിലാക്കും.
അരിവാള്‍ രോഗികള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതിയുടെ അവശേഷിക്കുന്ന അപേക്ഷകള്‍ക്ക് കൂടി പരിഹാരം കാണുന്നതിനായി ഫണ്ട് വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മാവോയിസ്റ്റ് സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ആദിവാസി മേഖലകളില്‍ ക്ഷേമപദ്ധതികള്‍ക്കൊപ്പം ബോധവത്കരണം കൂടി നടത്തേണ്ടതുണ്ട്. ആദിവാസി ഊരുകളില്‍ ബോധവത്കരണം നടത്തുന്നതിനായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും തയ്യാറാകുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
വയനാട്ടില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ മറ്റ് നാല് ജില്ലകളില്‍ കൂടി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റ് സാന്നിധ്യം സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത കോളനികള്‍ ഡിസംബര്‍ 31. ഒന്ന് തിയ്യതികളില്‍ സന്ദര്‍ശനം നടത്തും. ആദിവാസി മേഖലകളില്‍ അവശേഷിക്കുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി വയനാട്ടിലെത്തുമ്പോള്‍ ആദിവാസി സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എം പി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി നളിനി നെറ്റോ, ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍, ഇന്റലിജന്‍സ് എ ഡി ജി പി ഹേമചന്ദ്രന്‍, ഉത്തരമേഖല എ ഡി ജി പി എം ശങ്കരറെഡി, എസ് പി പുട്ടവിമലാദിത്യ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ALSO READ  അനന്തരം, ഹിന്ദുത്വ വര്‍ഗീയതയെ ഒളിച്ചുകടത്തും