Connect with us

Palakkad

സാമൂഹിക പ്രശ്‌നത്തിന് പരിഹാരമായി ജില്ലാ ജാഗ്രതാ സമിതി അദാലത്ത്

Published

|

Last Updated

പാലക്കാട്: ഷൊര്‍ണ്ണൂര്‍ റെയില്‍വേ ശുചീകരണ വിഭാഗത്തിലെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന ശുചീകരണ തൊഴിലാളികള്‍ റെയില്‍വേ ഡിവിഷനിലെ സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെ കക്ഷിചേര്‍ത്ത് ജില്ലാ ജാഗ്രതാ സമിതിയില്‍ നല്‍കിയ പരാതിക്ക് പരിഹാരമായി.
പരാതിക്കാരും ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ കൃഷ്ണദാസും റെയില്‍വേ അസിസ്റ്റന്റ് ഹെല്‍ത്ത് ഓഫീസര്‍ പ്രതികളായി ചേര്‍ത്തിട്ടുളള രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സമിതി മുമ്പാകെ ഹാജരായി.
കൂടാതെ നിലവില്‍ റെയില്‍വേ ക്ലീനിങ് സെക്ഷനില്‍ കരാര്‍ എടുത്തിട്ടുളള കരാറുകാരനും സമിതി മുമ്പാകെ ഹാജരാകുകയും പരാതിക്കാരായ തൊഴിലാളികള്‍ക്ക് ഡിസംബര്‍ 15 മുതല്‍ ജോലി കൊടുക്കുവാന്‍ തയ്യാറാണെന്ന് സമിതി മുമ്പാകെ സമ്മതിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ ഡിവിഷനിലെ കരാര്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കുവാനും അവര്‍ക്ക് നിയമപരമായി ലഭിക്കേണ്ട പ്രാഥമിക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനും ജില്ലാ ജാഗ്രതാ സമിതിയിലൂടെ സാധിച്ചു.
എല്ലാ മാസവും പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ 20 ഓളം കേസുകള്‍ കൈകാര്യം ചെയ്തുവരുന്നു. അദാലത്തില്‍ കൂടുതലും കുടുംബ സ്വത്ത് സംബന്ധിച്ച പരാതികളാണ്.
സമിതിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങില്‍ മെമ്പര്‍മാരായ സുബൈദ, അഡ്വ. കെ ശാന്തകുമാരി, അഡ്വ. ശ്രീകല എന്നിവരും പോലീസ് ഉദേ്യാഗസ്ഥരും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറും സമിതിയുടെ കണ്‍വീനറായ ജില്ലാ സാമൂഹ്യനീതി ഓഫീസറും പങ്കെടുത്തു.