Connect with us

Palakkad

കോണ്‍ഗ്രസ്സിലെ എ സുനിത ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Published

|

Last Updated

പട്ടാമ്പി: ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പത്താം വാര്‍ഡംഗം കോണ്‍ഗ്രസ്സിലെ എ സുനിതയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്സിലെ തന്നെ എന്‍ ഷക്കീല പാര്‍ട്ടിതീരുമാനപ്രകാരം കഴിഞ്ഞ മാസം രാജിവെച്ചിരുന്നു.
വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സി പി എമ്മിലെ പുഷ്പലതയായിരുന്നു എതിര്‍സ്ഥാനാര്‍ഥി.
22 അംഗ ഭരണസമിതിയില്‍ യു ഡി എഫിലെ 12ഉം എല്‍ ഡി എഫിലെ ഒമ്പതും പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ബി ജെ പി അംഗം വോട്ടെടുപ്പില്‍ വിട്ടുനിന്നു. രാഷ്ട്രീയവിവാദങ്ങളാല്‍ ശ്രദ്ധേയമായ ഓങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നാലാമത്തെ പ്രസിഡന്റ് മാറ്റമാണ് നടക്കുന്നത്. യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്.
മുന്നണിധാരണപ്രകാരം ആദ്യപകുതിയില്‍ പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിനായിരുന്നു. പറമ്പില്‍ ഐഷാബി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2011 ഡിസംബറില്‍ അഭിപ്രായവ്യത്യാസംമൂലം ലീഗ് നേതൃത്വം പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുകയും രാജിക്കത്ത് നല്‍കുകയും ചെയ്തു. പിന്നീട് മുന്നണിധാരണപ്രകാരം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ സി എം ബിന്ദുവും കോരനും കാലുമാറി. തിരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ പിന്തുണയോടെ സി എം ബിന്ദു പ്രസിഡന്റാവുകയും ചെയ്തു.
ഏറെ വിവാദങ്ങള്‍ക്കുശേഷം ഇരുവരും പാര്‍ട്ടിയുമായി സഹകരിക്കാമെന്ന ധാരണയില്‍ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങി.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ എന്‍ ഷക്കീല മൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 16 മാസം പ്രസിഡന്റ് പദവിയിലിരുന്ന ശേഷമാണ് എന്‍ ഷക്കീല രാജി നല്‍കിയത്.