ബിനാലെക്ക് തുടക്കമായി, കൊച്ചിക്ക് ഇനി കലയുടെ നിറവും രൂപവും

Posted on: December 13, 2014 3:25 am | Last updated: December 12, 2014 at 11:27 pm

Kochi Binale ummen chandi inaguration 1കൊച്ചി: പെരുവനം കുട്ടന്‍മാരാരും 300ല്‍ പരം വാദ്യമേള കലാകാര•ാരും കൊട്ടിത്തിമിര്‍ത്ത മേളപ്പെരുക്കത്തിനൊടുവില്‍ തിമിര്‍ത്തുപെയ്ത മഴയെ സാക്ഷിയാക്കി രണ്ടാമത് കൊച്ചിമുസ്സിരിസ് ബിനാലെയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിറദീപം തെളിച്ചു. ബിനാലെയ്ക്ക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ബിനാലെയുടെ വിജയം നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാംസ്‌കാരിക, ടൂറിസം മേഖലകളില്‍ ഈ കലാവിരുന്ന് നല്‍കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണ രണ്ടുകോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ വേണമെന്ന ആവശ്യം സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും സര്‍ക്കാര്‍ പരിഗണിക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ്, ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍, എക്‌സൈസ് മന്ത്രി കെ.ബാബു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, കെ.വി.തോമസ് എം.പി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബഹനാന്‍, എം.എ.ബേബി, ജോസ് തെറ്റയില്‍, കൊച്ചി മേയര്‍ ടോണി ചമ്മണി ബിനാലെ ഗുഡ്‌വില്‍ അംബാസഡര്‍ അമോല്‍ പലേക്കര്‍, ബിനാലെ ക്യൂറേറ്റര്‍ ജിതീഷ് കല്ലാട്ട്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, ട്രസ്റ്റിമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരില്‍ നിന്ന് ആദ്യടിക്കറ്റ് ഏറ്റുവാങ്ങി മേയര്‍ ടോണി ചമ്മണി ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബിനാലെ നടക്കുന്ന എട്ടു വേദികളിലേക്കുമുള്ള പ്രവേശനത്തിനുള്ള ടിക്കറ്റാണിത്. ഇന്നലെ എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരുന്നു.
ഉച്ചയ്ക്ക് 12.12ന് അംബ്രല്ലാ പവലിയനു മുന്നില്‍ ക്യൂറേറ്റര്‍ ജിതീഷ് കല്ലാട്ട് പതാക ഉയര്‍ത്തി. ബിനാലെയുടെ ആദ്യ പതിപ്പിന്റെ ക്യൂറേറ്റര്‍മാരായിരുന്ന ബോസ് കൃഷ്ണമാചാരിും റിയാസ് കോമുവും ചേര്‍ന്നാണ് പതാകയുടെ ചരട് ജിതീഷ് കല്ലാട്ടിന് കൈമാറിയത്. മേയര്‍ ചോണി ചമ്മിണി, ഡെപ്യൂട്ടി കളക്ടര്‍ എസ്.സുഹാസ് എന്നിവരുടെയും കലാകാര•ാരടക്കമുള്ള ബിനാലെയുടെ അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാര•ാരും 100 കലാസൃഷ്ടികളുമായി മാര്‍ട്ട് 29 വരെ നീളുന്ന രണ്ടാമത് ബിനാലെയിലുള്ളത്.