കേരളത്തില്‍ ജനതാ ഐക്യം കീറാമുട്ടിയാകും

Posted on: December 13, 2014 5:24 am | Last updated: December 12, 2014 at 11:25 pm

veerendrakumarകണ്ണൂര്‍: ദേശീയതലത്തില്‍ ജനതാപരിവാര്‍ ഏകീകരണത്തിന് കൊണ്ട് പിടിച്ച് ശ്രമം ആരംഭിച്ചെങ്കിലും കേരളത്തില്‍ ജനതാ ഐക്യം കീറാമുട്ടിയാകുമെന്നാണ് സൂചന.
കേരളത്തില്‍ നിലവിലുള്ള പ്രധാന ജനതാ പരിവാര്‍ സംഘടനകളായ ജനതാദള്‍ എസും സോഷ്യലിസ്റ്റ് ജനതയും ഇരുമുന്നണിയിലെയും ഘടകകക്ഷികളാണ്. മാത്രമല്ല ഇരു പാര്‍ട്ടികളും അടുക്കുന്നതില്‍ താത്പര്യമില്ലാത്തവരുമാണ്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനത, ശരത് യാദവിന്റെ നേത്വത്തിലുള്ള ജനതാദള്‍-യുവില്‍ ലയിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈ മാസം 28 ന് തൃശൂരിലാണ് ലയന സമ്മേളനം നടക്കുന്നത്.ശരത് യാദവ് ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ശരത് യാദവ് ജനതാ പരിവാര്‍ ഐക്യ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഐക്യത്തിന് തടസ്സം നില്‍ക്കാനും സാധ്യമല്ല. എന്നാല്‍ കേരളത്തിലെ ജനതാ ദളുമായി യോജിച്ചു പോകുന്നതിലും എസ് ജെ ഡിക്ക് പ്രയാസമുണ്ട്. മറ്റ് ജനതാപരിവാര്‍ സംഘടനകളായ ആര്‍ ജെ ഡി, എസ് പി, ജനതാദള്‍ യു എന്നീ പാര്‍ട്ടികള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തകരും കമ്മിറ്റിയുമുണ്ടെങ്കിലും വേണ്ടത്ര വേരോട്ടമില്ല.അത് കൊണ്ട് തന്നെ കേരളത്തില്‍ ജെ ഡി യു, എസ് ജെ ഡി പാര്‍ട്ടികളാണ് ഐക്യനിരയിലേക്ക് വരേണ്ടത്.
ജെ ഡി യുവിന് നാല് നിയമസഭാ അംഗങ്ങളും എസ് ജെ ഡിക്ക് രണ്ട് അംഗങ്ങളുമുണ്ട്. ലയിച്ച് ഒറ്റക്കക്ഷിയായാല്‍ ആറ് എം എല്‍ എമാര്‍ പാര്‍ട്ടിക്കുണ്ടാകും. ഇരുമുന്നണിയായി നില്‍ക്കുന്ന ജനതാദള്‍ എസും സോഷ്യലിസ്റ്റ് ജനതയും മുന്നണി മാറാന്‍ തയാറാകില്ലെന്നതാണ് ഒറ്റപ്പാര്‍ട്ടിയാകുന്നതിന് ഏറ്റവും വലിയ തടസ്സം. വീരന്‍ വിഭാഗത്തെ തിരികെ ഇടത് മുന്നണിയില്‍ കൊണ്ടുവരണമെന്ന് വി എസ് അച്യുതാനന്ദന്‍ നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവര്‍ മുന്നണിയില്‍ വരണമെന്ന ആഗ്രഹമില്ല. മാത്രമല്ല തിരിച്ച് എല്‍ ഡി എഫിലേക്ക് തന്നെ പോകുന്ന കാര്യത്തില്‍ വീരേന്ദ്രകുമാര്‍ അടക്കമുള്ള നേതാക്കള്‍ക്കും താത്പര്യമില്ലെന്നാണ് സൂചന. എന്നാല്‍ മന്ത്രി കെ പി മോഹനന്റെ നേത്യത്വത്തിലുള്ള വിഭാഗത്തിന് എല്‍ ഡി എഫില്‍ തിരിച്ച് പോകണമെന്ന ആഗ്രഹമുണ്ടെന്നാണ് അറിയുന്നത്.
ഒരു നിലക്കും ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന സംവിധാനത്തിന് തങ്ങളില്ലെന്ന് ജനതാദള്‍ എസ് സംസ്ഥാനനേതൃത്വം ദേശീയ പ്രസിഡന്റ് ദേവഗൗഡയെ അറിയിച്ചു കഴിഞ്ഞു. ഇടതുമുന്നണി വിടണമെന്ന അഭിപ്രായം പാര്‍ട്ടിയിലെ മിക്ക നേതാക്കള്‍ക്കുമില്ല. ജനതാ പരിവാര്‍ ഐക്യമെങ്കില്‍ ഇടത് മുന്നണിയില്‍ ഘടക കക്ഷിയായി കൊണ്ട് മാത്രമെന്ന നിലപാടാണ് ജനതാ ദള്‍ എസിന്. ഇടത് മുന്നണിയില്‍ തുടരുന്ന നിലപാടാകും തന്റെതെന്ന് ഗൗഡയും ഉറപ്പുനല്‍കിയെന്നാണു അറിയുന്നത്. ഐക്യത്തിന്റെ പേരില്‍ വീരേന്ദ്രകുമാര്‍ പക്ഷം ദളില്‍ വരുന്നതിനെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുന്നണിമാറ്റത്തെ കുറിച്ചു ചിന്ത വേണ്ടെന്നാണു ദള്‍ എസിന്റെ നിലപാട്. അങ്ങനെ വരുമ്പോള്‍ എസ് ജെ ഡി ഭരണ പങ്കാളിത്തവും ഒഴിയേണ്ടി വരും, ദേശീയതലത്തില്‍ ലയനമുണ്ടായാലും ഇവിടെ വ്യത്യസ്ത സമീപനം സ്വീകരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് സൂചന.
അടുത്ത വര്‍ഷം ആദ്യത്തോടെ ഐക്യജനതാദള്‍ നിലവില്‍ വരുന്നതിനായി ദേശീയ തലത്തില്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ ശ്രമം ഊര്‍ജിതമാക്കുമ്പോള്‍ കേരളത്തിലെ ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാടുകള്‍ ഇരു മുന്നണികള്‍ക്കും നിര്‍ണായകമാകും.