മദ്യ ലഹരിയില്‍ പോലീസിനെ ആക്രമിച്ച കേസ്: ഏഴ് പേര്‍ പിടിയില്‍

Posted on: December 13, 2014 4:22 am | Last updated: December 12, 2014 at 11:22 pm

ഹരിപ്പാട്: പല്ലന പാനൂരില്‍ മദ്യലഹരിയില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് പ്രതികള്‍ പിടിയില്‍. രണ്ട് പേര്‍ ഒളിവിലാണ്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെയും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ആക്രമണം നടത്തിയ പാനൂര്‍ പൂത്തലയില്‍ ഉസ്മാന്‍കുഞ്ഞിന്റെ മകന്‍ മുജീബ് റഹ്മാന്‍ (37), പല്ലന കൊച്ചുതറയില്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ സിയാദ് (33), ആലങ്ങോട് പനായികുളം പണിക്കരുപറമ്പില്‍ കരീമിന്റെ മകന്‍ റിസാല്‍(23), പല്ലന തൈവീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞിന്റെ മകന്‍ മോറിസ് എന്ന് വിളിക്കുന്ന അബ്ദുല്‍ ലത്വീഫ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച തോട്ടപ്പളളി പുതുവല്‍ വീട്ടില്‍ ഗോപിയുടെ മകന്‍ ഉണ്ണിയെന്ന് വിളിക്കുന്ന നിതിന്‍ (27), കോട്ടയം എരുമേലി പനച്ചില്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഷാജി (36), ചെങ്ങന്നൂര്‍ പെണ്ണക്കര സുബിന്‍ വില്ലയില്‍ മാത്യുവിന്റെ മകന്‍ സലി മാത്യു (52)എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. അക്രമണത്തില്‍ പങ്കാളിയായ പല്ലന സ്വദേശി നൗശാദ്, പ്രതികള്‍ക്ക് സഹായം ചെയ്ത നിയാസ് എന്നിവര്‍ ഒളിവിലാണ്. പല്ലന പാനൂര്‍ തോപ്പില്‍ മുക്കില്‍ മദ്യലഹരിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്യാനെത്തിയ തൃക്കുന്നപ്പുഴ പോലീസിന് നേരെയാണ് കഴിഞ്ഞ ഒമ്പതിന് രാത്രി അക്രമണം ഉണ്ടായത്.
ആക്രമത്തില്‍ ഒരു പോലീസുകാരന് പരുക്കേറ്റിരുന്നു. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അടൂര്‍ കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
അക്രമത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ചുപോയ കാര്‍, പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോ, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡിവൈ എസ് പി. എസ് ദേവമനോഹര്‍, ഹരിപ്പാട് സി ഐ ടി മനോജ്, തൃക്കുന്നപ്പുഴ എസ് ഐ. കെ ടി സന്ദീപ്, സന്തോഷ്, ജയചന്ദ്രന്‍, നിഷാദ്, ശരത്ത്, എ എസ് ഐ വിജയകുമാര്‍ നേതൃത്വം നല്‍കി.