ബോംബെ രക്ത ഗ്രൂപ്പുമായി ജനിച്ച കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയ വിജയം

Posted on: December 12, 2014 6:07 pm | Last updated: December 12, 2014 at 6:07 pm

bombay blood groupമുംബൈ: അപൂര്‍വമായ ബോംബെ രക്ത ഗ്രൂപ്പുമായി ജനിച്ച കുഞ്ഞിന്റെ ഹൃദയ ശാസ്ത്രക്രിയ വിജയകരം. ഉത്തര്‍പ്രദേശിലെ ഘൊരക്പൂരില്‍ കര്‍ഷകനായ സന്ദേശ് കുമാറിന്റെ 15 മാസം പ്രായമായ കുഞ്ഞിന്റെ ശാസ്ത്രക്രിയയാണ് വിജയകരമായത്.

കുഞ്ഞിന്റെ ഹൃദയത്തിന്റെ തകരാറ് പരിഹരിക്കണമെങ്കില്‍ അടിയന്തര ശാസ്ത്രക്രിയ വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പക്ഷെ അപൂര്‍വ രക്ത ഗ്രൂപ്പ് തടസ്സമായി. നിരവധി ബ്ലഡ് ബാങ്കുകളില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഓണ്‍ലൈനിലൂടെ നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള മൂന്നുപേരെ കണ്ടെത്തിയത്.

പുനെയില്‍ നിന്നുള്ള പ്രബോധ് യത്‌നല്‍കര്‍, ചെമ്പൂരില്‍ നിന്നുള്ള അലക്‌സ് ഫെര്‍ണാണ്ടസ്, ബോറിവില്ലിയില്‍ നിന്നുള്ള മെഹുല്‍ ഭേല്‍ക്കര്‍ എന്നിവരാണ് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് രക്തം ദാനം ചെയ്തത്. യത്‌നല്‍ക്കര്‍ ആദ്യമായാണ് രക്തദാനം ചെയ്യുന്നത്. ഫെര്‍ണാണ്ടസ് സ്ഥിരമായി രക്തദാനം ചെയ്യുന്നയാളാണ്.

ഇന്ത്യയില്‍ 17,600 പേരില്‍ ഒരാള്‍ക്കും ലോകത്ത് 25000 പേരില്‍ ഒരാള്‍ക്കും കണ്ടുവരുന്ന രക്ത ഗ്രൂപ്പാണ് ബോംബെ രക്ത ഗ്രൂപ്പ്. 1952ല്‍ ബോംബെയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയില്‍ ഇതുവരെ ബോംബെ രക്ത ഗ്രൂപ്പുള്ള 190 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്.