ചോക്കാട്ട് നീരയില്‍ പതഞ്ഞ് യു ഡി എഫ് ഇല്ലാതായി

Posted on: December 12, 2014 9:46 am | Last updated: December 12, 2014 at 9:46 am

കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ യു ഡി എഫ് മുന്നണി ശിഥിലമാവുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന തെങ്ങില്‍ നിന്നും നീര ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കേരസമിതി രൂപവത്കരിക്കുന്ന തര്‍ക്കമാണ്.
തെങ്ങ് കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള കേരസമിതിക്കായി ലീഗും കോണ്‍ഗ്രസും ഏറെ ചരടുവലികള്‍ നടത്തി. ഇതില്‍ മേല്‍ക്കൈ നേടിയ കോണ്‍ഗ്രസിനെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയാണ് ലീഗ് തിരിച്ചത്. ഇതോടെയാണ് ഇവിടെ യു ഡി എഫ് രാഷ്ട്രീയം കലങ്ങാന്‍ കാരണമായത്. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രസിഡന്റ് പദത്തെ ചൊല്ലി ഇരു പാര്‍ട്ടികളും ഇടഞ്ഞിരുന്നു. നീരയില്‍ അസ്വരസ്യം കൂടുതല്‍ നുരഞ്ഞു പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റായിരുന്ന പി ഖാലിദ് മാസ്റ്റര്‍ക്കെതിരെ 2002-ല്‍ ഒരു കോണ്‍ഗ്രസ് അംഗം അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് ലീഗിന്റെ കണക്ക് തീര്‍ക്കല്‍ കൂടിയാണ് ബുധനാഴ്ച ചോക്കാട്ട് നടന്നത്.
പഞ്ചായത്ത് രൂപവത്കരിച്ച ശേഷം ആദ്യം നിലവില്‍ വന്ന ഭരണ സമിതിക്കെതിരെയാണ് സി പി എമ്മിനെ കൂട്ട് പിടിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നത്. ഇതിന്റെ പിന്നില്‍ ഇപ്പോള്‍ പുറത്താക്കപ്പെട്ട ഉണ്ണികൃഷ്ണനാണെന്നാണ് ലീഗുകാര്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങളെ ഉപയോഗിച്ച് ലീഗ് അവിശ്വാസത്തെ അതിജയിക്കുകയായിരുന്നു. അന്ന് തുടങ്ങിയ കോണ്‍ഗ്രസ്- ലീഗ് കലഹം പഞ്ചായത്തില്‍ ഇപ്പോഴും തുടരുകയാണ്.
ഈ മാസം 19ന് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും എന്ത് നിലപാടാവും സ്വീകരിക്കുക എന്നാണ് ഇനിയറിയേണ്ടത്. പഞ്ചായത്തില്‍ യു ഡി എഫ് ശിഥിലമായത്. അടുത്ത് തന്നെ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക ചില നേതാക്കള്‍ക്കുണ്ട്.